ലണ്ടന്‍: ബ്രിട്ടനില്‍ പണപ്പെരുപ്പം പ്രതീക്ഷിച്ചതുപോലെ ഉയരാതെ 2.8 ശതമാനത്തില്‍ തുടരുന്നത് മോര്‍ട്ട്ഗേജ് വിപണിക്ക് ആശ്വാസമായി. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, ഏപ്രിലില്‍ 2.8 ശതമാനമായിരുന്ന കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഫ്‌ലേഷന്‍ മേയ് മാസത്തിലും അതേ നിലയില്‍ തുടരുകയായിരുന്നു. വിപണിയില്‍ ചിലര്‍ നിരക്ക് 3 ശതമാനത്തിന് സമീപം ഉയരുമെന്ന് കണക്കാക്കിയിരുന്ന സാഹചര്യത്തിലാണ് ഈ മാറ്റമില്ലാത്ത നില ശ്രദ്ധേയമായത്.
പണപ്പെരുപ്പം നിയന്ത്രിതമായി തുടരുന്നത് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് പലിശനിരക്കില്‍ ഉടന്‍ കടുത്ത വര്‍ധനവ് വരുത്തേണ്ട സമ്മര്‍ദ്ദം കുറയ്ക്കുമെന്നാണ് വിലയിരുത്തല്‍. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മോണിറ്ററി പോളിസി കമ്മിറ്റി ഇന്ന് പലിശനിരക്കിനെക്കുറിച്ച് തീരുമാനം എടുക്കാനിരിക്കുകയാണ്. നിലവില്‍ 3.75 ശതമാനമായ ബാങ്ക് റേറ്റ് നിലനിര്‍ത്തുമെന്നാണ് വിപണിയുടെ പ്രധാന പ്രതീക്ഷ. എന്നാല്‍ ആശങ്കകള്‍ പൂര്‍ണ്ണമായും മാറിയിട്ടില്ല. യുഎസ്-ഇറാന്‍ സംഘര്‍ഷവും ആഗോള ഊര്‍ജവിലകളിലെ അനിശ്ചിതത്വവും വരും മാസങ്ങളില്‍ വിലക്കയറ്റ സമ്മര്‍ദ്ദം വീണ്ടും ശക്തമാക്കാന്‍ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് നേരത്തെ തന്നെ ഈ വര്‍ഷം പണപ്പെരുപ്പം വീണ്ടും ഉയരാന്‍ സാധ്യതയുണ്ടെന്ന് സൂചിപ്പിച്ചിരുന്നു.
മേയ് മാസത്തെ കണക്കുകളില്‍ ഗതാഗത ചെലവുകള്‍ പണപ്പെരുപ്പത്തിലേക്ക് ഉയര്‍ന്ന സമ്മര്‍ദ്ദം ചെലുത്തിയപ്പോള്‍, ഭക്ഷ്യവസ്തുക്കളുടെയും മദ്യരഹിത പാനീയങ്ങളുടെയും വിലയില്‍ ഉണ്ടായ ഇടിവ് അതിനെ ഭാഗികമായി പ്രതിരോധിച്ചു. കോര്‍ CPIH നിരക്ക് 2.8 ശതമാനത്തില്‍ മാറ്റമില്ലാതെ തുടരുകയും സേവനമേഖലയിലെ വിലവര്‍ധന 3.6 ശതമാനമായി ഉയരുകയും ചെയ്തതായി ONS വ്യക്തമാക്കി. മോര്‍ട്ട്ഗേജ് വിപണിയെ സംബന്ധിച്ച് ഈ കണക്കുകള്‍ ചെറിയ ആശ്വാസമാണ് നല്‍കുന്നത്. പണപ്പെരുപ്പം കുത്തനെ ഉയര്‍ന്നിരുന്നെങ്കില്‍ ലെന്‍ഡര്‍മാര്‍ പുതിയ മോര്‍ട്ട്ഗേജ് നിരക്കുകള്‍ കൂടുതല്‍ ഉയര്‍ത്താന്‍ സാധ്യതയുണ്ടായിരുന്നു. എന്നാല്‍ നിരക്ക് സ്ഥിരത പുലര്‍ത്തിയതോടെ പുതിയ മോര്‍ട്ട്ഗേജ് ഡീലുകളില്‍ സമ്മര്‍ദ്ദം കുറയുമെന്ന പ്രതീക്ഷയാണ് ഉയരുന്നത്. അതേസമയം, പലിശനിരക്ക് കുറയാതെ തുടരുന്ന സാഹചര്യത്തില്‍ നിലവിലുള്ള വായ്പക്കാരുടെ തിരിച്ചടവുകളില്‍ ഉടനടി വലിയ കുറവ് പ്രതീക്ഷിക്കാനാകില്ല.