ലണ്ടന്‍: ബ്രിട്ടനില്‍ വേദനസംഹാരികള്‍, അപസ്മാര മരുന്നുകള്‍, ഹോര്‍മോണ്‍ റിപ്ലേസ്മെന്റ് തെറാപ്പി മരുന്നുകള്‍ ഉള്‍പ്പെടെ നിരവധി എന്‍എച്ച്എസ് മരുന്നുകള്‍ക്ക് രൂക്ഷമായ ക്ഷാമം നേരിടുന്നതായി മുന്നറിയിപ്പ്. രാജ്യത്ത് ഇതുവരെ അനുഭവപ്പെട്ടതില്‍ ഏറ്റവും ഗുരുതരമായ മരുന്ന് ക്ഷാമങ്ങളിലൊന്നാണ് നിലവിലുള്ളതെന്നാണ് ഫാര്‍മസി മേഖലയിലെ വിദഗ്ധര്‍ വ്യക്തമാക്കുന്നത്. മരുന്നുകളുടെ ലഭ്യത കുറവ് രോഗികളുടെ സുരക്ഷയ്ക്ക് ഗുരുതര ഭീഷണിയാണെന്ന് നാഷണല്‍ ഫാര്‍മസി അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി. ക്ഷാമം രോഗികളെയും ജിപിമാരെയും ഫാര്‍മസിസ്റ്റുകളെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് റോയല്‍ കോളേജ് ഓഫ് ജിപിമാരും ആശങ്ക അറിയിച്ചു. ആര്‍ത്തവവിരാമ ലക്ഷണങ്ങള്‍ നിയന്ത്രിക്കാന്‍ സ്ത്രീകള്‍ ഉപയോഗിക്കുന്ന Estradot എന്ന HRT മരുന്നിനും, സിസ്റ്റിക് ഫൈബ്രോസിസ്, പാന്‍ക്രിയാറ്റിക് രോഗങ്ങള്‍ തുടങ്ങിയവയുള്ളവര്‍ ഭക്ഷണം ദഹിപ്പിക്കാന്‍ ആശ്രയിക്കുന്ന Creon എന്ന മരുന്നിനുമാണ് വലിയ ക്ഷാമം നേരിടുന്നത്. ഈ മരുന്നുകള്‍ ലഭിക്കാത്തതിനാല്‍ ചില രോഗികള്‍ മരുന്നിന്റെ അളവ് കുറച്ച് ഉപയോഗിക്കുകയോ ഭക്ഷണം തന്നെ ഒഴിവാക്കുകയോ ചെയ്യുന്ന സാഹചര്യമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
കഴിഞ്ഞ രണ്ട് വര്‍ഷമായി തുടരുന്ന മരുന്ന് വിതരണ പ്രതിസന്ധി രോഗികളെ വലിയ മാനസിക സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്. പലപ്പോഴും രോഗികള്‍ വിവിധ ഫാര്‍മസികളില്‍ അലഞ്ഞിട്ടും ആവശ്യമായ മരുന്ന് ലഭിക്കാത്ത അവസ്ഥയാണെന്ന് ഫാര്‍മസിസ്റ്റുകള്‍ പറയുന്നു. ചില മരുന്നുകള്‍ മാസങ്ങളായി കുറവില്‍ തുടരുന്നതും പ്രശ്‌നം കൂടുതല്‍ രൂക്ഷമാക്കുന്നു. ആഗോള വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍, നിര്‍മാണ വൈകല്യങ്ങള്‍, അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമം, അന്താരാഷ്ട്ര സംഘര്‍ഷങ്ങള്‍ തുടങ്ങിയവയാണ് മരുന്ന് ക്ഷാമത്തിന് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ പ്രശ്‌നം ദീര്‍ഘകാലമായി തുടരുന്നതിനാല്‍ അടിയന്തര സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യമാണെന്നാണ് ആരോഗ്യവിദഗ്ധരുടെ ആവശ്യം. മരുന്ന് ലഭിക്കാത്ത സാഹചര്യങ്ങളില്‍ ഫാര്‍മസിസ്റ്റുകള്‍ക്ക് സുരക്ഷിതമായ പകരം മരുന്നുകള്‍ നല്‍കാന്‍ കൂടുതല്‍ അധികാരം അനുവദിക്കണമെന്നും, മരുന്ന് വിതരണ പ്രതിസന്ധി പരിഹരിക്കാന്‍ പ്രത്യേക ടാസ്‌ക് ഫോഴ്സ് രൂപീകരിക്കണമെന്നും ഫാര്‍മസി സംഘടനകള്‍ ആവശ്യപ്പെടുന്നു. എന്‍എച്ച്എസ് രോഗികള്‍ക്കിടയില്‍ വ്യാപക ആശങ്ക ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍, മരുന്ന് വിതരണ സംവിധാനം ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ ഉടന്‍ നടപടിയെടുക്കണമെന്നാണ് ആരോഗ്യരംഗത്തെ പ്രധാന ആവശ്യം.