Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4357 INR  1 EURO=110.0231 INR
ukmalayalampathram.com
Mon 10th Aug 2026
 
 
UK Special
  Add your Comment comment
തൊണ്ടവേദിക്ക് 'മരുന്നായി' മദ്യം കഴിച്ചെന്ന് വാദം; ബെല്‍ഫാസ്റ്റില്‍ മലയാളിക്ക് 20 മാസം ഡ്രൈവിങ് വിലക്ക്
reporter

ബെല്‍ഫാസ്റ്റ്: മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ കേസില്‍ മലയാളി കോടതിയില്‍ ഉന്നയിച്ചതു വിചിത്ര വാദം. തൊണ്ടയിലെ ഇന്‍ഫെക്ഷന്‍ മാറാന്‍ 'മരുന്നായി' മദ്യം കഴിച്ചതാണെന്നായിരുന്നു ഇയാളുടെ വിശദീകരണം. സംഭവത്തില്‍ ബെല്‍ഫാസ്റ്റ് മജിസ്‌ട്രേറ്റ് കോടതി ജോജി തോമസിന് 20 മാസം ഡ്രൈവിങ് വിലക്കും 80 മണിക്കൂര്‍ സാമൂഹിക സേവനവും ശിക്ഷയായി വിധിച്ചു. ബെല്‍ഫാസ്റ്റിലെ കോസ്ഗ്രേവ് കോര്‍ട്ടില്‍ താമസിക്കുന്ന 46കാരനാണ് ജോജി തോമസ്. ഏപ്രില്‍ 27ന് നോര്‍ത്ത് ബെല്‍ഫാസ്റ്റിലെ ചര്‍ച്ചില്‍ സ്ട്രീറ്റ് മേഖലയിലായിരുന്നു സംഭവം. സ്‌കൂളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തില്‍ ജോജി തോമസ് ഓടിച്ചിരുന്ന മിത്സുബിഷി കാര്‍ ഇടിക്കുകയായിരുന്നു. അപകടസമയത്ത് കാറില്‍ മൂന്ന് വയസ്സും 11 വയസ്സും പ്രായമുള്ള രണ്ട് കുട്ടികള്‍ ഉണ്ടായിരുന്നതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കുട്ടികള്‍ കാറിലുണ്ടായിരുന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്ന സാഹചര്യമാണെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

അപകടത്തിന് പിന്നാലെ കാറില്‍ നിന്നിറങ്ങിയ ജോജി തോമസ് സമീപത്തെ സ്‌കൂളിലേക്കു പോയതായി കോടതിയില്‍ വെളിപ്പെട്ടു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഇയാളെ കണ്ടെത്തി. പിടികൂടുമ്പോള്‍ കണ്ണുകള്‍ കലങ്ങിയ നിലയിലായിരുന്നുവെന്നും സംസാരത്തില്‍ കുഴച്ചിലും മദ്യത്തിന്റെ മണമുണ്ടായിരുന്നുവെന്നും പൊലീസ് കോടതിയെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ ശ്വാസ പരിശോധനയില്‍ ഇയാള്‍ പരാജയപ്പെട്ടു. പിന്നീട് നടത്തിയ രക്ത പരിശോധനയില്‍ ശരീരത്തിലെ മദ്യത്തിന്റെ അളവ് അനുവദനീയ പരിധിയുടെ ഏകദേശം മൂന്നിരട്ടിയാണെന്ന് കണ്ടെത്തി. മദ്യലഹരിയില്‍ വാഹനം ഓടിച്ചതായി ജോജി തോമസ് കോടതിയില്‍ കുറ്റം സമ്മതിച്ചു. അഞ്ച് വര്‍ഷം മുന്‍പാണ് കുടുംബത്തോടൊപ്പം ഇദ്ദേഹം നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലേക്കു കുടിയേറിയത്. സംഭവദിവസം അസുഖമായിരുന്നുവെന്നും ജോലിയില്‍ നിന്ന് അവധി എടുക്കാന്‍ കഴിഞ്ഞില്ലെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. തൊണ്ടയിലെ ഇന്‍ഫെക്ഷന്‍ മാറാന്‍ ശരീരം വിയര്‍ക്കണമെന്ന സഹപ്രവര്‍ത്തകരുടെ 'മുറിവൈദ്യ' ഉപദേശം കേട്ടാണ് മദ്യം കഴിച്ചതെന്നായിരുന്നു വിശദീകരണം. തന്റെ കക്ഷിക്കെതിരെ ഇതുവരെ മറ്റ് കുറ്റകൃത്യങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ സംഭവത്തിന്റെ സാഹചര്യങ്ങള്‍ ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ച ജില്ലാ ജഡ്ജി സ്റ്റീവന്‍ കിയോണ്‍, 20 മാസത്തെ ഡ്രൈവിങ് വിലക്ക് വിധിക്കുകയായിരുന്നു. കുട്ടികള്‍ കാറിലുണ്ടായിരുന്ന സാഹചര്യത്തില്‍ സോഷ്യല്‍ സര്‍വീസസ് ഇടപെട്ടിട്ടുണ്ടാകുമെന്ന പ്രതീക്ഷയും ജഡ്ജി കോടതി നടപടിക്കിടെ പ്രകടിപ്പിച്ചു.

 
Other News in this category

 
 




 
Close Window