Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
 
 
UK Special
  Add your Comment comment
റോബിന്‍ ഹുഡിന്റെ ഐതിഹ്യത്തിന് തണലായ മേജര്‍ ഓക്ക് ഉണങ്ങി
reporter

ഇംഗ്ലണ്ടിലെ ഷെര്‍വുഡ് വനത്തില്‍ റോബിന്‍ ഹുഡിന്റെ ഐതിഹാസിക ഒളിസങ്കേതമെന്ന് അറിയപ്പെടുന്ന മേജര്‍ ഓക്ക് മരം ഉണങ്ങിയതായി റിപ്പോര്‍ട്ട്. 800 മുതല്‍ 1,200 വര്‍ഷം വരെ പഴക്കമുള്ളതായി കണക്കാക്കപ്പെടുന്ന ഈ ഓക്ക് മരം, ഈ വസന്തകാലത്ത് പുതിയ ഇലകള്‍ തളിര്‍ക്കാതിരുന്നതോടെയാണ് അതിന്റെ നില ഗുരുതരമാണെന്ന് വിദഗ്ധര്‍ വിലയിരുത്തിയത്. ബ്രിട്ടനിലെ ഏറ്റവും പ്രശസ്തമായ പുരാതന മരങ്ങളിലൊന്നായ മേജര്‍ ഓക്ക്, നോട്ടിങ്ങാംഷറിലെ ഷെര്‍വുഡ് വനത്തിന്റെ പ്രധാന ആകര്‍ഷണമായിരുന്നു. ഏകദേശം 28 മീറ്റര്‍ വിസ്തൃതിയുള്ള ഇലച്ചാര്‍ത്തും 10 മീറ്ററിലധികം ചുറ്റളവുള്ള വലിയ തടിയും ഈ മരത്തിന് ഉണ്ടായിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. വന്‍ശിഖരങ്ങള്‍ താങ്ങിനിര്‍ത്താന്‍ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ സംരക്ഷണ സംവിധാനങ്ങള്‍ സ്ഥാപിച്ചിരുന്നു. പിന്നീട് മണ്ണിനും വേരുകള്‍ക്കും കൂടുതല്‍ നാശം സംഭവിക്കാതിരിക്കാന്‍ മരത്തിന് ചുറ്റും വേലിയും ഒരുക്കി.

വര്‍ഷങ്ങളായി ലക്ഷക്കണക്കിന് സന്ദര്‍ശകര്‍ മരച്ചുവട്ടിലൂടെ നടന്നതിനെ തുടര്‍ന്ന് ചുറ്റുമുള്ള മണ്ണ് അത്യന്തം ഉറച്ചുപോയതാണ് മരത്തിന്റെ ആരോഗ്യം തകര്‍ന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കുന്നത്. മണ്ണ് കട്ടിപിടിച്ചതോടെ വേരുകള്‍ക്ക് വെള്ളവും പോഷകങ്ങളും ഓക്‌സിജനും ലഭിക്കുന്നതില്‍ തടസ്സം നേരിട്ടു. ഇതിന് പുറമേ സമീപ വര്‍ഷങ്ങളിലെ കടുത്ത വരള്‍ച്ചയും ഉഷ്ണതരംഗങ്ങളും മരത്തിന്റെ നില കൂടുതല്‍ വഷളാക്കി. റോബിന്‍ ഹുഡും അദ്ദേഹത്തിന്റെ 'മെറി മെന്‍' സംഘവും ഈ മരത്തിന്റെ പൊള്ളയായ തടിക്കുള്ളില്‍ ഒളിച്ചിരുന്നുവെന്നാണ് ജനപ്രചാരം. എന്നാല്‍ ഈ കഥയ്ക്ക് ഉറച്ച ചരിത്ര തെളിവുകള്‍ കുറവാണെന്ന് ചരിത്രവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അതേസമയം, റോബിന്‍ ഹുഡ് ഐതിഹ്യവുമായി ചേര്‍ന്നുനില്‍ക്കുന്ന ഈ മരം ബ്രിട്ടന്റെ സാംസ്‌കാരിക സ്മൃതിയില്‍ പ്രത്യേക സ്ഥാനമാണ് നേടിയിരിക്കുന്നത്.

മരം ഇനി ഇല തളിര്‍പ്പിക്കില്ലെന്ന ആശങ്ക ശക്തമായിട്ടുണ്ടെങ്കിലും, അതിനെ മുറിച്ചുമാറ്റില്ല. പ്രകൃതിദത്ത സ്മാരകമായി അതേ സ്ഥലത്ത് നിലനിര്‍ത്താനാണ് സംരക്ഷണ പ്രവര്‍ത്തകരുടെ തീരുമാനം. മരത്തിന്റെ വിത്തുകളിലും കൊമ്പുകളിലും നിന്ന് വളര്‍ത്തിയെടുത്ത തൈകള്‍ വിവിധ സ്ഥലങ്ങളില്‍ നട്ടിട്ടുണ്ട്. അതിനാല്‍, മേജര്‍ ഓക്കിന്റെ പൈതൃകം പുതിയ തലമുറകളിലേക്കും തുടരാനാകും. വനത്തിന്റെ വീരനായകനും പാവങ്ങളുടെ കൂട്ടാളിയുമായ റോബിന്‍ ഹുഡിന്റെ കഥകള്‍ പോലെ തന്നെ, മേജര്‍ ഓക്കിന്റെയും പേര് ഇനി ചരിത്രത്തിലും ഐതിഹ്യങ്ങളിലും പ്രകൃതി സംരക്ഷണ ചര്‍ച്ചകളിലും നിലനില്‍ക്കും.

 
Other News in this category

 
 




 
Close Window