മില്‍ട്ടണ്‍ കെയ്ന്‍സ്: പഠനത്തിനൊപ്പം സംഗീതസ്വപ്നങ്ങള്‍ക്കും ചിറകുനല്‍കി യുകെയിലെ മലയാളി ഹിപ് ഹോപ് കലാകാരന്‍ കബീര്‍. സംഗീതനിര്‍മാണം സ്വന്തമായി പഠിച്ച ഈ യുവാവ്, ഗാനരചനയും ഈണമിടലും ആലാപനവും നിര്‍മാണവും സ്വയം നിര്‍വഹിച്ചാണ് സ്വതന്ത്ര സംഗീതരംഗത്ത് മുന്നേറുന്നത്. കേരളത്തില്‍നിന്ന് ഉപരിപഠനത്തിനായി യുകെയിലെത്തിയ കബീര്‍, പ്രവാസജീവിതത്തിലെ തിരക്കുകള്‍ക്കിടയിലും സംഗീതത്തോടുള്ള താല്‍പര്യം കൈവിട്ടില്ല. സാമ്പത്തികപരിധിക്കുള്ളില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സംഗീതനിര്‍മാതാക്കളെ കണ്ടെത്താന്‍ ബുദ്ധിമുട്ടിയതോടെയാണ് സംഗീതനിര്‍മാണത്തിന്റെ സാങ്കേതികവശങ്ങള്‍ സ്വന്തമായി പഠിക്കാന്‍ തീരുമാനിച്ചത്.
ആറ് സ്വതന്ത്ര ഗാനങ്ങളും മില്‍ട്ടണ്‍ കെയ്ന്‍സില്‍ ചിത്രീകരിച്ച രണ്ട് സംഗീതവിഡിയോകളുമാണ് കബീറിന്റെ സംഗീതയാത്രയിലെ പ്രധാന സൃഷ്ടികള്‍. മലയാളഭാഷയും ഹിപ് ഹോപ് താളങ്ങളും സമന്വയിപ്പിക്കുന്ന ഗാനങ്ങളില്‍ കേരളത്തിലെ സാംസ്‌കാരികവേരുകളും യുകെയിലെ ജീവിതാനുഭവങ്ങളും പ്രതിഫലിക്കുന്നു. സ്വന്തമായി സംഗീതനിര്‍മാണം പഠിച്ചത് തന്റെ കലാജീവിതത്തില്‍ നിര്‍ണായകമായെന്ന് കബീര്‍ പറയുന്നു. വലിയ പിന്തുണയോ വിപുലമായ സൗകര്യങ്ങളോ ഇല്ലെങ്കിലും സ്ഥിരമായ പരിശ്രമത്തിലൂടെ അര്‍ഥവത്തായ സൃഷ്ടികള്‍ ഒരുക്കാനാകുമെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. സാമ്പത്തികവും വ്യക്തിപരവുമായ പ്രതിസന്ധികള്‍ക്കിടയിലും കലാസ്വപ്നങ്ങള്‍ പിന്തുടരുന്ന വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും പ്രചോദനമാകണമെന്നാണ് കബീറിന്റെ ആഗ്രഹം. കൂടുതല്‍ സ്വതന്ത്ര ഗാനങ്ങള്‍ പുറത്തിറക്കി മലയാളത്തെയും ദക്ഷിണേഷ്യന്‍ സംസ്‌കാരത്തെയും യുകെയിലെ ഹിപ് ഹോപ് വേദികളില്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഈ യുവകലാകാരന്‍.