Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 08th Nov 2026
 
 
UK Special
  Add your Comment comment
പരിചരണരംഗത്തെ മികവിന് അംഗീകാരം; ബ്രിട്ടനില്‍ മികച്ച ഡപ്യൂട്ടി മാനേജറായി ഗീതു ടെന്നിസണ്‍
reporter

ലണ്ടന്‍: ബ്രിട്ടനിലെ നാഷനല്‍ കെയര്‍ അവാര്‍ഡ്‌സ് 2026ല്‍ മികച്ച ഡപ്യൂട്ടി മാനേജര്‍ക്കുള്ള പുരസ്‌കാരം മലയാളിയായ ഗീതു ടെന്നിസണ്. നവംബര്‍ ആറിന് ലണ്ടനിലെ പാര്‍ക്ക് പ്ലാസ വെസ്റ്റ്മിന്‍സ്റ്റര്‍ ബ്രിജ് ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് ജേതാവിനെ പ്രഖ്യാപിച്ചത്. പരിചരണരംഗത്തെ സേവനനിലവാരം, നേതൃപാടവം, പ്രവര്‍ത്തനക്ഷമത, അര്‍പ്പണബോധം എന്നിവ പരിഗണിച്ചാണ് അംഗീകാരം. ലേക്ക് ഡിസ്ട്രിക്ടിലെ കെന്‍ഡല്‍ കെയര്‍ ഹോമില്‍ 2022 മുതല്‍ ഡപ്യൂട്ടി മാനേജറായി പ്രവര്‍ത്തിക്കുകയാണ് ഗീതു. വയോജനങ്ങളുടെയും പരിചരണം ആവശ്യമായവരുടെയും ക്ഷേമം ഉറപ്പാക്കുന്നതിനൊപ്പം ജീവനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും മികച്ച സേവനം ലഭ്യമാക്കുന്നതിലും അവര്‍ വഹിച്ച പങ്കാണ് പുരസ്‌കാരനേട്ടത്തിന് അടിസ്ഥാനം.

ടെന്നിസണ്‍ കുരിയാക്കോസ് തോട്ടത്തിലുമായുള്ള വിവാഹത്തെത്തുടര്‍ന്ന് 2011ലാണ് ഗീതു യുകെയിലെത്തിയത്. ഹെറോണ്‍ ഹില്‍ കെയര്‍ ഹോമില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ച അവര്‍ പിന്നീട് കൗണ്‍സില്‍ കെയര്‍ ഹോമുകളില്‍ നഴ്‌സായും സൂപ്പര്‍വൈസറായും സേവനമനുഷ്ഠിച്ചു. വിവിധ ചുമതലകളിലൂടെ നേടിയ അനുഭവസമ്പത്തുമായാണ് ഡപ്യൂട്ടി മാനേജര്‍ പദവിയിലെത്തിയത്. കെയര്‍ മേഖലയിലെ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും മികച്ച പ്രവര്‍ത്തനങ്ങള്‍ ആദരിക്കുന്ന പുരസ്‌കാരമാണ് നെക്‌സസ് മീഡിയ ഗ്രൂപ്പ് സംഘടിപ്പിക്കുന്ന നാഷനല്‍ കെയര്‍ അവാര്‍ഡ്‌സ്. മാനേജര്‍, ഡപ്യൂട്ടി മാനേജര്‍, നഴ്‌സ്, കെയറര്‍ തുടങ്ങിയ വിഭാഗങ്ങളില്‍ അംഗീകാരങ്ങള്‍ നല്‍കുന്നുണ്ട്. ഭര്‍ത്താവ് ടെന്നിസണും മക്കളായ സയറ, സെറീന, ടെസ, സ്റ്റീഫന്‍ എന്നിവരുമടങ്ങുന്നതാണ് ഗീതുവിന്റെ കുടുംബം. വര്‍ഷങ്ങളായുള്ള സേവനത്തിനൊടുവില്‍ ലഭിച്ച ദേശീയ അംഗീകാരം ബ്രിട്ടനിലെ മലയാളി സമൂഹത്തിനും അഭിമാനമായി.

 
Other News in this category

 
 




 
Close Window