ലണ്ടന്‍: ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മൂടല്‍മഞ്ഞ് യാത്രാതടസ്സങ്ങള്‍ക്ക് കാരണമായേക്കുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്കി. ഞായറാഴ്ച രാവിലെ വരെ യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പാണ് പുറപ്പെടുവിച്ചിരിക്കുന്നത്. സ്റ്റോക്ക്-ഓണ്‍-ട്രെന്റ് മുതല്‍ ഈസ്റ്റ്, വെസ്റ്റ് മിഡ്ലാന്‍ഡ്സിന്റെ വിവിധ ഭാഗങ്ങളിലും പടിഞ്ഞാറ് എക്സീറ്റര്‍ മുതല്‍ കിഴക്ക് ബ്രൈറ്റണ് വരെയുള്ള പ്രദേശങ്ങളിലുമാണ് മുന്നറിയിപ്പ് ബാധകം. ചിലയിടങ്ങളില്‍ ദൂരക്കാഴ്ച 50 മീറ്ററില്‍ താഴെയാകാന്‍ സാധ്യതയുണ്ട്.
മൂടല്‍മഞ്ഞ് ശക്തമായാല്‍ റോഡ് ഗതാഗതം മന്ദഗതിയിലാകുകയും ബസ്, ട്രെയിന്‍ സര്‍വീസുകള്‍ വൈകുകയും ചെയ്തേക്കും. വിമാന സര്‍വീസുകളില്‍ കാലതാമസത്തിനും റദ്ദാക്കലുകള്‍ക്കും സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബ്രിട്ടനു മുകളില്‍ തുടരുന്ന ഉയര്‍ന്ന മര്ദമേഖലയും കാറ്റിന്റെ അഭാവവുമാണ് മൂടല്‍മഞ്ഞ് ശക്തമാകാന്‍ കാരണമെന്ന് മെറ്റ് ഓഫീസ് കാലാവസ്ഥാ നിരീക്ഷകന് ടോം മോര്ഗന് വ്യക്തമാക്കി. വാരാന്ത്യത്തിലും അടുത്ത ആഴ്ചയുടെ തുടക്കത്തിലും മൂടല്‍മഞ്ഞ് തുടരാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.