ലണ്ടന്‍: മൂന്ന് വര്‍ഷത്തിനിടെ ആദ്യമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് ഉയര്‍ത്തിയതോടെ മോര്‍ട്ട്ഗേജ് ഉള്‍പ്പെടെയുള്ള വായ്പകളുടെ തിരിച്ചടവ് ചെലവ് വര്‍ധിക്കുമെന്ന ആശങ്കയില്‍ ഉപഭോക്താക്കള്‍. ഇറാന് യുദ്ധത്തെത്തുടര്‍ന്ന് ഇന്ധനം, ഊര്‍ജം, ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ വില ഉയരുന്ന സാഹചര്യത്തില്‍ പണപ്പെരുപ്പം നിയന്ത്രിക്കുകയാണ് കേന്ദ്രബാങ്കിന്റെ ലക്ഷ്യം. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ അടിസ്ഥാന പലിശനിരക്കുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുള്ള വേരിയബിള്‍ റേറ്റ് മോര്ട്ട്ഗേജുകളെയാണ് വര്‍ധന ആദ്യം ബാധിക്കുക. നിത്യോപയോഗ സാധനങ്ങളുടെയും ഊര്‍ജത്തിന്റെയും വിലക്കയറ്റത്തിനൊപ്പം ഭവനവായ്പാ തിരിച്ചടവും ഉയരുന്നത് കുടുംബബജറ്റുകളില് അധിക സമ്മര്‍ദമുണ്ടാക്കും.
ഫിക്സഡ് റേറ്റ് മോര്‍ട്ട്ഗേജ് കരാറുകളിലുള്ളവര്ക്ക് നിലവിലെ കാലാവധി അവസാനിക്കുന്നതുവരെ പലിശവര്‍ധനയുടെ നേരിട്ടുള്ള ബാധ്യതയുണ്ടാകില്ല. എന്നാല്‍ കരാര്‍ പുതുക്കേണ്ട സമയത്ത് ഉയര്‍ന്ന നിരക്കുകള്‍ സ്വീകരിക്കേണ്ടിവന്നാല്‍ പ്രതിമാസ തിരിച്ചടവില്‍ ഗണ്യമായ വര്‍ധനയുണ്ടായേക്കും. കാലാവധി ഉടന്‍ അവസാനിക്കുന്ന വായ്പക്കാരെയാണ് ഈ സാഹചര്യം കൂടുതല്‍ ആശങ്കപ്പെടുത്തുന്നത്. ക്രെഡിറ്റ് കാര്‍ഡുകളുടെയും വ്യക്തിഗത വായ്പകളുടെയും പലിശച്ചെലവ് ഉയരാനുള്ള സാധ്യതയും ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയാണ്. അടുത്ത 18 മാസത്തിനുള്ളില്‍ കൂടുതല്‍ പലിശവര്‍ധന ഉണ്ടായേക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. വായ്പയെടുക്കുന്നതിനുള്ള ചെലവ് ഉയരുന്നത് ഭവനവിപണിയെയും ബാധിച്ചേക്കും. വീടുവാങ്ങാനുള്ള തീരുമാനങ്ങള്‍ നീട്ടിവയ്ക്കാന്‍ ആളുകള്‍ നിര്‍ബന്ധിതരായാല്‍ ഭവനവില്‍പ്പന കുറയാനും വീടുകളുടെ വിലയില്‍ സമ്മര്‍ദമുണ്ടാകാനും സാധ്യതയുണ്ട്.