ഓക്സ്ഫഡ്: യുകെയിലെ ഒരു കടയില്‍ സാധനങ്ങള്‍ വാങ്ങുന്നതിനിടെ അപരിചിതയായ സ്ത്രീ തന്നോട് ദുര്‍ഗന്ധമുണ്ടെന്ന് പറഞ്ഞതായി ഓക്സ്ഫഡ് സര്‍വകലാശാലയിലെ ഇന്ത്യന്‍ ഗവേഷക വിദ്യാര്‍ഥിനി കാമാക്ഷി. യുകെയില്‍ താന്‍ നേരിട്ട വംശീയ അധിക്ഷേപങ്ങളിലൊന്നായാണ് ഈ അനുഭവത്തെയും കാണുന്നതെന്ന് നവംബര്‍ 21ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയില്‍ അവര്‍ പറഞ്ഞു.
കടയില്‍ സാധനങ്ങള്‍ നോക്കുന്നതിനിടെ ഒരു സ്ത്രീ പലതവണ തന്റെ ചുറ്റും നടക്കുന്നത് കാമാക്ഷിയുടെ ശ്രദ്ധയില്‍പ്പെട്ടു. അല്പസമയം കഴിഞ്ഞ് അവര്‍ അടുത്തെത്തി ദുര്‍ഗന്ധമുണ്ടെന്ന് പറഞ്ഞശേഷം നടന്നുപോയി. അപ്രതീക്ഷിതമായ ആ പരാമര്‍ശത്തിന് ഉടന്‍ മറുപടി പറയാന്‍ കഴിഞ്ഞില്ലെന്ന് കാമാക്ഷി ഓര്‍ത്തെടുത്തു. അച്ഛന് ഏറെ ഇഷ്ടമുള്ള, നേരിയ സുഗന്ധമുള്ള പെര്‍ഫ്യൂമാണ് അന്ന് ഉപയോഗിച്ചിരുന്നത്. പിന്നീട് അന്നത്തെ ദിവസം മുഴുവന്‍ ആരുടെയും ശ്രദ്ധയില്‍പ്പെടാതിരിക്കാനാണ് താന്‍ ശ്രമിച്ചതെന്നും അവര്‍ പറഞ്ഞു. യുകെയിലെ തെരുവുകളിലും മറ്റു പൊതുസ്ഥലങ്ങളിലും ഇതിനുമുന്‍പും സമാനമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് കാമാക്ഷി പറഞ്ഞു. ഇത്തരം പരാമര്‍ശങ്ങള്‍ വേദനിപ്പിക്കുന്നുണ്ടെങ്കിലും പുറത്തിറങ്ങുന്നതും തനിക്കിഷ്ടമുള്ള പെര്‍ഫ്യൂം ഉപയോഗിക്കുന്നതും തുടരുമെന്ന് അവര്‍ വ്യക്തമാക്കി.