ലണ്ടന്‍: ബ്രിട്ടനില്‍ രാത്രികാല താപനില മൈനസ് 10 ഡിഗ്രി സെല്‍ഷ്യസ് വരെ താഴാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് തണുപ്പുമായി ബന്ധപ്പെട്ട ആരോഗ്യ ജാഗ്രത ചൊവ്വാഴ്ച രാവിലെ ഒന്പതുവരെ നീട്ടി. ഇംഗ്ലണ്ടിലെ നോര്‍ത്ത് വെസ്റ്റ്, നോര്‍ത്ത് ഈസ്റ്റ്, യോര്‍ക്ക്ഷയര്‍ ആന്‍ഡ് ഹംബര്‍ മേഖലകളിലാണ് യെല്ലോ അലര്‍ട്ട്. കടുത്ത തണുപ്പ് ആരോഗ്യസേവനങ്ങളുടെ ആവശ്യകത വര്‍ധിപ്പിച്ചേക്കുമെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി മുന്നറിയിപ്പ് നല്കി. പ്രായമായവരും നിലവില്‍ ആരോഗ്യപ്രശ്നങ്ങളുള്ളവരും പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
വ്യാഴാഴ്ച രാത്രി സ്കോട്ടിഷ് ഹൈലാന്‍ഡ്സിലെ ടുല്ലോച്ച് ബ്രിഡ്ജില്‍ മൈനസ് 8.4 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. ഈ ശരത്കാലത്ത് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും തണുപ്പേറിയ രാത്രിയായിരുന്നു ഇത്. വെള്ളിയാഴ്ച ചില പ്രദേശങ്ങളില്‍ സൂര്യപ്രകാശം ലഭിച്ചെങ്കിലും രാത്രിയോടെ തണുപ്പ് വീണ്ടും ശക്തമാകുമെന്നും മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നും മെറ്റ് ഓഫീസ് അറിയിച്ചു. സ്കോട്ട്ലന്‍ഡിലെ ഉള്‍പ്രദേശങ്ങളിലും വടക്കന്‍ ഇംഗ്ലണ്ടിലും താപനില മൈനസ് എട്ട് മുതല്‍ മൈനസ് ഒന്‍പത് ഡിഗ്രിവരെ താഴ്ന്നേക്കും. വടക്കന്‍ അയര്‍ലന്‍ഡിലും കിഴക്കന്‍ ഇംഗ്ലണ്ടിലും മൂടല്‍മഞ്ഞിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.