ലണ്ടന്‍: സുരക്ഷാ ആശങ്കയെ തുടര്‍ന്ന് ശിശുക്കള്‍ക്കുള്ള സ്ലീപ്പിങ് ബാഗ് തിരിച്ചുവിളിച്ച് ബ്രിട്ടീഷ് റീട്ടെയില്‍ കമ്പനിയായ നെക്സ്റ്റ്. അഴിച്ചുമാറ്റാവുന്ന കൈകളോടുകൂടിയ, പിങ്ക് നിറത്തില്‍ പൂക്കളുടെ ഡിസൈനുള്ള '2.5 ടോഗ്' സ്ലീപ്പിങ് ബാഗാണ് തിരിച്ചുവിളിക്കുന്നത്. മൂന്ന് വലുപ്പങ്ങളില്‍ ലഭ്യമായിരുന്ന ഉല്‍പ്പന്നം വെബ്സൈറ്റില്‍നിന്നും കടകളില്‍നിന്നും പിന്‍വലിച്ചതായി കമ്പനി അറിയിച്ചു. നോര്‍വിച്ച് സ്വദേശിനിയായ എമ്മ ഹണ്ടര്‍ മകള്‍ക്കായി വാങ്ങിയ ബാഗിന്റെ കഴുത്തുഭാഗത്തെ തുറവ് അമിതമായി വലുതാണെന്ന് കണ്ടെത്തിയതാണ് നടപടിക്ക് വഴിവെച്ചത്. കുഞ്ഞ് ബാഗിനുള്ളിലേക്ക് ഊര്‍ന്നിറങ്ങി മുഖം തുണികൊണ്ട് മൂടപ്പെടാനും ശ്വാസതടസ്സമുണ്ടാകാനും സാധ്യതയുണ്ടെന്നായിരുന്നു അവരുടെ ആശങ്ക.
മകളുടെ ഉയരത്തിന് അനുയോജ്യമായ ബാഗിന്റെ കഴുത്തുഭാഗത്തെ ചുറ്റളവ് പരമാവധി 32 സെന്റിമീറ്ററായിരിക്കേണ്ട സ്ഥാനത്ത്, വാങ്ങിയ ഉല്‍പ്പന്നത്തില്‍ 36 സെന്റിമീറ്ററുണ്ടായിരുന്നുവെന്നാണ് എമ്മയുടെ പരിശോധനയില്‍ കണ്ടെത്തിയത്. സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുന്നതായി ഉല്‍പ്പന്നത്തില്‍ ലേബല്‍ ഉണ്ടായിരുന്നെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഉല്‍പ്പന്നം നേരിട്ട് വാങ്ങിയ ഉപഭോക്താക്കളെ ബന്ധപ്പെടുകയും തുടര്‍നടപടികള്‍ അറിയിക്കുകയും ചെയ്യുകയാണെന്ന് നെക്സ്റ്റ് വ്യക്തമാക്കി. തിരിച്ചുവിളിച്ച മോഡല്‍ കൈവശമുള്ളവര്‍ കുഞ്ഞിനെ ഉറക്കാന്‍ അത് ഉപയോഗിക്കുന്നത് നിര്‍ത്തി കമ്പനിയെ ബന്ധപ്പെടണം.