Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 27th Nov 2026
 
 
UK Special
  Add your Comment comment
യുകെയില്‍ അറ്റ കുടിയേറ്റം 62 ശതമാനം കുറഞ്ഞ് 77,000 ആയി
reporter

ലണ്ടന്‍: യുകെയിലെ അറ്റ കുടിയേറ്റം ഒരു വര്‍ഷത്തിനിടെ 2.04 ലക്ഷത്തില്‍നിന്ന് 77,000 ആയി കുറഞ്ഞു. 2026 ജൂണില്‍ അവസാനിച്ച 12 മാസത്തെ പ്രാഥമിക കണക്കുകള്‍ ബ്രിട്ടനിലെ ഓഫിസ് ഫോര്‍ നാഷനല്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ടു. കോവിഡ് കാലത്തെ യാത്രാനിയന്ത്രണങ്ങള്‍ നിലനിന്ന കാലയളവ് ഒഴിവാക്കിയാല്‍ 1997നു ശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്.

കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും താമസിക്കാനായി 7.38 ലക്ഷം പേര്‍ വിദേശത്തുനിന്ന് യുകെയിലെത്തിയപ്പോള്‍ 6.61 ലക്ഷം പേര്‍ വിദേശത്ത് താമസിക്കാനായി രാജ്യം വിട്ടു. ഇവ തമ്മിലുള്ള വ്യത്യാസമാണ് അറ്റ കുടിയേറ്റം. 2023 മാര്‍ച്ചില്‍ അവസാനിച്ച വര്‍ഷത്തിലെ റെക്കോര്‍ഡ് നിലയായ 9.44 ലക്ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇടിവ് 92 ശതമാനമാണ്. National Statistical

ജോലിക്കും പഠനത്തിനുമായി യുകെയിലെത്തിയവരുടെ എണ്ണം കുറഞ്ഞതാണ് ഇടിവിന്റെ പ്രധാന കാരണങ്ങളിലൊന്ന്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് തൊഴില്‍ ആവശ്യങ്ങള്‍ക്കായി എത്തിയവരുടെ എണ്ണത്തില്‍ ഏകദേശം 45,000 പേരുടെയും പഠനവുമായി ബന്ധപ്പെട്ട് എത്തിയവരുടെ എണ്ണത്തില്‍ 33,000 പേരുടെയും കുറവുണ്ടായി. ആഭ്യന്തര മന്ത്രാലയത്തിന്റെ വേറിട്ട കണക്കുപ്രകാരം, 2026 സെപ്റ്റംബറില്‍ അവസാനിച്ച ഒരു വര്‍ഷത്തിനിടെ 73,589 പേര്‍ യുകെയില്‍ അഭയം തേടി. മുന്‍വര്‍ഷത്തേക്കാള്‍ 33 ശതമാനം കുറവാണിത്.

സ്ഥിരതാമസാനുമതി ലഭിച്ചവരില്‍ ഇന്ത്യക്കാര്‍ മുന്നില്‍

സെപ്റ്റംബറില്‍ അവസാനിച്ച വര്‍ഷം യുകെയില്‍ 2,40,921 പേര്‍ക്ക് സ്ഥിരതാമസാനുമതി ലഭിച്ചു. മുന്‍വര്‍ഷത്തേക്കാള്‍ 53 ശതമാനം കൂടുതലാണിത്. ഇതില്‍ 44,793 പേര്‍ ഇന്ത്യക്കാരാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയോളം വരുമിത്. നേരത്തേ വിദഗ്ധ തൊഴിലാളി വീസയില്‍ എത്തിയ ഇന്ത്യക്കാര്‍ സ്ഥിരതാമസത്തിന് അര്‍ഹത നേടിയതാണ് വര്‍ധനയുടെ പ്രധാന കാരണം. ആരോഗ്യ, പരിചരണ മേഖലകളിലെ ജീവനക്കാരും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.

 
Other News in this category

 
 




 
Close Window