ലണ്ടന്‍: കുറഞ്ഞ വിലയ്ക്ക് നിത്യോപയോഗ സാധനങ്ങള്‍ വില്‍ക്കുന്ന ബ്രിട്ടീഷ് വ്യാപാരശൃംഖലയായ പൗണ്ട്ലാന്‍ഡ് സാമ്പത്തിക പ്രതിസന്ധിയിലായതോടെ കമ്പനിയുടെ നടത്തിപ്പ് അഡ്മിനിസ്ട്രേറ്റര്‍മാര്‍ ഏറ്റെടുത്തു. യുകെയിലും അയര്‍ലന്‍ഡിലുമായി 600-ലേറെ കടകളുള്ള ശൃംഖലയിലെ പതിനായിരത്തോളം ജീവനക്കാരുടെ ജോലിയാണ് അനിശ്ചിതത്വത്തിലായത്. ഭൂരിഭാഗം കടകളും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തുറന്നുപ്രവര്‍ത്തിക്കുമെന്ന് കമ്പനി അറിയിച്ചു. അയര്‍ലന്‍ഡില്‍ 'ഡീല്‍സ്' എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന കടകളിലും തല്ക്കാലം വ്യാപാരം തുടരും.
കമ്പനിയെ മുഴുവനായി ഏറ്റെടുത്ത് പ്രവര്‍ത്തനം തുടരാന്‍ കഴിയുന്ന ഒരു വില്പനക്കരാറില് എത്താന്‍ മാസങ്ങള്‍ നീണ്ട ശ്രമത്തിനും കഴിഞ്ഞില്ല. ഇതേത്തുടര്‍ന്ന് ഡയറക്ടര്‍മാര്‍ ഹൈക്കോടതിയെ സമീപിച്ചു. നവംബര്‍ 25ന് അലിക്സ്പാര്ട്ണേഴ്സിലെ മൂന്ന് പേരെ സംയുക്ത അഡ്മിനിസ്ട്രേറ്റര്‍മാരായി നിയമിച്ചു. കമ്പനിയെ ഒന്നാകെ വില്‍ക്കുന്നതിനൊപ്പം കടകളും മറ്റ് ആസ്തികളും ഭാഗങ്ങളായി വില്‍ക്കാനുള്ള സാധ്യതയും ഇവര്‍ പരിശോധിക്കും.
ക്രിസ്മസിന് തൊട്ടുമുമ്പുള്ള ഈ അനിശ്ചിതത്വം ജീവനക്കാര്‍ക്ക് കനത്ത ആഘാതമാണെന്ന് വ്യാപാരമേഖലയിലെ തൊഴിലാളി യൂണിയനായ ഉസ്ഡോ പ്രതികരിച്ചു. സര്‍ക്കാരും യൂണിയന് പ്രതിനിധികളുമായി ചേര്‍ന്ന് തുടര്‍നടപടികള്‍ തീരുമാനിക്കുമെന്ന് അഡ്മിനിസ്ട്രേറ്റര്‍മാര്‍ അറിയിച്ചു. കടകള്‍ ഏറ്റെടുക്കാന്‍ താല്പര്യമുള്ളവര്ക്കൊപ്പം, ജീവനക്കാര്‍ക്ക് ജോലി നല്കാന് കഴിയുന്ന വ്യാപാരസ്ഥാപനങ്ങളും ബന്ധപ്പെടണമെന്ന് അവര്‍ അഭ്യര്‍ഥിച്ചു.