ഗ്രേറ്റ് യാര്‍മൗത്ത്: നാട്ടില്‍ ചക്കക്കാലമായാല്‍ ചക്കപ്പഴവും ചക്കപ്പുഴുക്കും ചക്കക്കുരു കറിയുമെല്ലാം മലയാളികള്‍ക്ക് പരിചിതമായ രുചികളാണ്. എന്നാല്‍ പ്രവാസി മലയാളികള്‍ക്ക് ചക്ക ഒരു സാധാരണ ഫലം മാത്രമല്ല; നാടിന്റെ മണവും ബാല്യകാല ഓര്‍മ്മകളും ഗൃഹാതുരത്വവും നിറഞ്ഞ ഒരു വികാരമാണ്. അത്തരമൊരു തേന്‍വരിക്ക ചക്കയാണ് യുകെയിലെ ഗ്രേറ്റ് യാര്‍മൗത്തില്‍ നടന്ന ഒരു മലയാളി സംഗമത്തില്‍ ശ്രദ്ധാകേന്ദ്രമായത്. നോര്‍ഫോക്ക് കൗണ്ടിയിലെ ഗ്രേറ്റ് യാര്‍മൗത്ത് മലയാളി അസോസിയേഷന് സംഘടിപ്പിച്ച സ്പോര്‍ട്സ് ഡേ 2026 ന്റെ ഭാഗമായി നടന്ന ഗ്രാന്‍ഡ് ലേലത്തിലാണ് 14 കിലോഗ്രാം തൂക്കമുള്ള അസ്സല് തേന്‍വരിക്ക ചക്ക താരമായത്. 50 പൗണ്ടില്‍ ആരംഭിച്ച ലേലം, പങ്കെടുത്തവരുടെ ആവേശവും ലേലക്കാരനായ റോബിന് മാത്യുവിന്റെ വാക്ചാതുര്യവും ചേര്‍ന്നപ്പോള്‍ അതിവേഗം ഉയര്‍ന്നു.
''ചക്കയുള്ളപ്പോള് ലീവില്ല, ലീവുള്ളപ്പോള്‍ ചക്കയില്ല'' എന്ന രസകരമായ പരാമര്‍ശം ലേലവേദിയെ കൂടുതല്‍ ആവേശകരമാക്കി. ഒടുവില്‍ ഒരു കൂട്ടം മലയാളി സുഹൃത്തുക്കള്‍ ചേര്‍ന്ന് ചക്ക 300 പൗണ്ടിന് സ്വന്തമാക്കി. നിലവിലെ ഇന്ത്യന്‍ വിനിമയ നിരക്കില്‍ ഇത് ഏകദേശം 38,500 രൂപയിലധികം വരും. ഒരു സാധാരണ ചക്കയ്ക്ക് ലഭിച്ച ഈ വില പരിപാടിയില്‍ പങ്കെടുത്തവരെ ഒരുപോലെ അമ്പരപ്പിക്കുകയും രസിപ്പിക്കുകയും ചെയ്തു. കുട്ടികളടക്കം 250ല്‍പ്പരം പേര് പങ്കെടുത്ത സ്പോര്‍ട്സ് ഡേയില്‍ വിവിധ പ്രായക്കാര്‍ക്കായുള്ള കായിക മത്സരങ്ങള്‍, കുട്ടികളുടെ ഫുട്ബോള്‍ ടൂര്‍ണമെന്റ്, ഫോം പാര്‍ട്ടി, കേരളത്തിന്റെ തനത് രുചികള്‍ നിറഞ്ഞ ഭക്ഷണ സ്റ്റാളുകള്‍ എന്നിവയും ഒരുക്കിയിരുന്നു. കുടുംബസമേതം ആസ്വദിക്കാവുന്ന തരത്തിലുള്ള ആഘോഷാന്തരീക്ഷമാണ് സംഘാടകര്‍ ഒരുക്കിയത്.
22 വര്‍ഷങ്ങളായി ഗ്രേറ്റ് യാര്‍മൗത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ സ്പോര്‍ട്സ് ഡേയ്ക്ക് പ്രസിഡന്റ് എബിസന്‍ തോമസ്, സെക്രട്ടറി ജെയ്നി റ്റിജു, സ്പോര്‍ട്സ് സെക്രട്ടറി അഗസ്റ്റിന് ജോസഫ് എന്നിവര്‍ നേതൃത്വം നല്കി. വൈസ് പ്രസിഡന്റ് സിജി ബ്ലിന്റോ പരിപാടിയുടെ കോ-ഓര്‍ഡിനേറ്ററായിരുന്നു. ഇന്ദ്രദേവ് പിള്ളൈ, സ്നേഹമോള് ജെയിംസ്, ബില്‍ജി തോമസ്, അനീഷ് ബാബു, വിപിന്‍ അഗസ്റ്റിന്, ജെസ്മിന് തങ്കച്ചന്, അഫിജിത് ജോര്‍ജ്, ബിന്ദ്സണ് ഭാസ്കര്‍, അഖില്‍ ശേഖര്‍, ലിജോ ജോസ്, സ്റ്റെഫി ജിജോ എന്നിവരടങ്ങുന്ന കമ്മിറ്റിയും പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു.
ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ചുമതലയേറ്റ പുതിയ കമ്മിറ്റി വളരെ ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിന്റെ പിന്തുണയും അഭിനന്ദനവും നേടിയെടുത്തതായി അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. സ്പോര്‍ട്സ് ഡേയുടെ മികച്ച സംഘാടനവും വന്‍ ജനപങ്കാളിത്തവും അതിന്റെ തെളിവാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. യുകെയില്‍ ചക്ക ലേലത്തില്‍ വലിയ തുക ലഭിക്കുന്നത് ഇതാദ്യമല്ല. മൂന്ന് വര്‍ഷം മുന്‍പ് എഡിന്‍ബറോയിലെ സിറോ മലബാര്‍ പള്ളിയില്‍ നടന്ന സമാന ലേലത്തില്‍ ഒരു ചക്ക 1,400 പൗണ്ടിന് വിറ്റുപോയിരുന്നു. അന്നത്തെ ഇന്ത്യന്‍ മൂല്യത്തില്‍ ഏകദേശം ഒന്നര ലക്ഷം രൂപയായിരുന്നു വില. കേരളത്തില്‍ പലപ്പോഴും ചക്കയ്ക്ക് അര്‍ഹമായ വില ലഭിക്കാത്ത സാഹചര്യത്തില്‍, പ്രവാസി മലയാളികളുടെ മനസ്സില്‍ ചക്കയ്ക്കുള്ള പ്രത്യേക സ്ഥാനവും നാടിനോടുള്ള സ്നേഹവും വീണ്ടും തെളിയിക്കുന്ന സംഭവമായാണ് ഗ്രേറ്റ് യാര്‍മൗത്തിലെ ഈ ചക്ക ലേലം വിലയിരുത്തപ്പെടുന്നത്.