ബെല്‍ഫാസ്റ്റ്: നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്റെ തലസ്ഥാനമായ ബെല്‍ഫാസ്റ്റില്‍ തദ്ദേശീയനെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിന് പിന്നാലെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം അക്രമാസക്തമായി. ബെല്‍ഫാസ്റ്റ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ തീവയ്പ്പും നശീകരണപ്രവര്‍ത്തനങ്ങളും വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് സുഡാന് സ്വദേശിയായ 30കാരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കിഴക്കന്‍ ബെല്‍ഫാസ്റ്റിലെ ന്യൂടൗണ്‍ആര്‍ഡ്സ് റോഡില്‍ പ്രതിഷേധക്കാര്‍ പൊതുഗതാഗത സംവിധാനമായ 'ഗ്ലൈഡര്‍' ബസ് തടഞ്ഞുനിര്‍ത്തി പൂര്‍ണമായി കത്തിച്ചു. മുഖംമൂടി ധരിച്ചെത്തിയ സംഘം വാണിജ്യ സ്ഥാപനങ്ങള്‍ക്ക് സമീപമുള്ള വലിയ മാലിന്യബിന്നുകള്ക്ക് തീയിട്ട ശേഷം അവ ബസിലേക്കു തള്ളിവിടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പൊതുഗതാഗത സംവിധാനങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് ട്രാന്‍സ്ലിങ്ക് ബെല്‍ഫാസ്റ്റിലെ ബസ്, ട്രെയിന്‍ സര്‍വീസുകള്‍ അടിയന്തരമായി നിര്‍ത്തിവെച്ചു. ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
ന്യൂടൗണ്‍ആര്‍ഡ്സ് റോഡിനോട് ചേര്‍ന്നുള്ള ലെന്‍ഡ്രിക്ക് സ്ട്രീറ്റില്‍ നിരവധി വീടുകള്‍ക്കും സ്വകാര്യ വാഹനങ്ങള്‍ക്കും അക്രമികള്‍ തീയിട്ടു. തീ പടര്‍ന്ന വീടുകളില്‍ നിന്ന് താമസക്കാരെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസ് ഉദ്യോഗസ്ഥര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. കത്തുന്ന മാലിന്യബിന്നുകള്‍ വീടുകളുടെ മുന്വാതിലുകളിലേക്ക് ചാരിവയ്ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നഗരത്തിലെ വിദേശി ഉടമസ്ഥതയിലുള്ള ചില ബിസിനസ് സ്ഥാപനങ്ങളും കടകളും അടിച്ചുതകര്‍ത്തതായും റിപ്പോര്‍ട്ടുകളുണ്ട്.
അക്രമസംഭവങ്ങള്‍ ബെല്‍ഫാസ്റ്റിന് പുറത്തുള്ള ചില പ്രദേശങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്. കൗണ്ടി അര്‍മാഗിലെ പോര്‍ട്ടഡൗണില്‍ നിരവധി കാറുകള്‍ക്ക് തീയിട്ടു. കത്തുന്ന വാഹനങ്ങള്‍ ഉപയോഗിച്ച് പ്രതിഷേധക്കാര്‍ റോഡുകള്‍ ഉപരോധിക്കുകയും ചെയ്തു. പ്രദേശത്ത് പൊലീസിന്റെ ഒരു സ്ക്വാഡ് കാറും അക്രമികള്‍ കത്തിച്ചതായാണ് വിവരം. കൗണ്ടി ആന്ട്രിമിലെ ബാലിക്ലെയറില്‍ ഒരു ടര്‍ക്കിഷ് ബാര്‍ബര്‍ ഷോപ്പ് തകര്‍ത്തതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. മുന്‍കാലങ്ങളില്‍ കുടിയേറ്റവിരുദ്ധ സംഘര്‍ഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച സൗത്ത് ബെല്‍ഫാസ്റ്റിലെ സാന്‍ഡി റോയിലും വന്‍ ജനക്കൂട്ടം തടിച്ചുകൂടി. സമൂഹമാധ്യമങ്ങളില്‍ ആക്രമണദൃശ്യങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് യുകെയിലെ മറ്റു ഭാഗങ്ങളിലും അഭയാര്‍ഥി, കുടിയേറ്റ വിരുദ്ധ പ്രതിഷേധങ്ങള്‍ക്ക് ആഹ്വാനം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സ്കോട്ട്ലന്‍ഡിലെ ഗ്ലാസ്ഗോ, എഡിന്‍ബറോ, ഇംഗ്ലണ്ടിലെ സതാംപ്ടണ് എന്നിവിടങ്ങളിലും പ്രതിഷേധങ്ങള്‍ നടന്നതായി വിവരം ലഭിച്ചിട്ടുണ്ട്.
അതേസമയം, ബെല്‍ഫാസ്റ്റില്‍ ആക്രമണത്തിന് ഇരയായ വ്യക്തിയുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് വിവരം. ശസ്ത്രക്രിയയ്ക്കുശേഷം അദ്ദേഹത്തെ റിക്കവറി വിഭാഗത്തിലേക്ക് മാറ്റിയിരുന്നുവെങ്കിലും പിന്നീട് വീണ്ടും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. നിലവിലെ സാമൂഹിക സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് അദ്ദേഹത്തിന്റെ ആരോഗ്യവിവരങ്ങള്‍ പുറത്തുവിടുന്നതില്‍ അധികൃതര്‍ കടുത്ത ജാഗ്രത പുലര്‍ത്തുകയാണ്. മെഡിക്കല്‍ രേഖകള്‍ പരിശോധിക്കുന്നതിനുള്ള അനുമതി പ്രധാന കണ്‍സള്‍ട്ടിങ് ഡോക്ടറിലേക്ക് മാത്രമായി പരിമിതപ്പെടുത്തിയതായും വിവരം ലഭിക്കുന്നു.
സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 30കാരനെതിരെ വധശ്രമം, മാരകായുധം കൈവശംവെക്കല്‍, വധഭീഷണി മുഴക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. ഇയാളെ ബെല്‍ഫാസ്റ്റ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. അക്രമസംഭവങ്ങളെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ രാഷ്ട്രീയനേതൃത്വം ശക്തമായി അപലപിച്ചു. അഭയാര്‍ഥിവിരുദ്ധ പ്രതിഷേധങ്ങളുടെ മറവില്‍ സാധാരണക്കാരുടെ വീടുകള്‍ക്ക് തീയിടുകയും വിദേശികളെ ലക്ഷ്യമിട്ട് അക്രമം അഴിച്ചുവിടുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് ഫസ്റ്റ് മിനിസ്റ്ററും സിന് ഫെയ്ന് വൈസ് പ്രസിഡന്റുമായ മിഷേല്‍ ഒ നീല്‍ വ്യക്തമാക്കി.
മുഖംമൂടി ധരിച്ചെത്തിയ സംഘങ്ങള്‍ കുടുംബങ്ങളെ സ്വന്തം വീടുകളില്‍ നിന്ന് ഇറക്കിവിട്ട് വീടുകള്‍ കത്തിക്കുന്നത് ഭീരുത്വവും ഗുണ്ടായിസവുമാണെന്ന് അവര്‍ പ്രതികരിച്ചു. ഇത്തരം പ്രവര്‍ത്തികള്‍ക്ക് സമൂഹവുമായി യാതൊരു ബന്ധവുമില്ലെന്നും അവ സമൂഹത്തെ കൂടുതല്‍ വിഭജിക്കാന്‍ മാത്രമേ സഹായിക്കൂവെന്നും അവര്‍ പറഞ്ഞു. ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്റര്‍ എമ്മ ലിറ്റില്‍ പെന്‍ഗെല്ലിയും ജനങ്ങളോട് സമാധാനം പാലിക്കാന്‍ അഭ്യര്‍ത്ഥിച്ചു. അക്രമം ഒന്നിനും പരിഹാരമല്ലെന്നും സ്വന്തം സമൂഹത്തെ തന്നെ നശിപ്പിക്കുന്ന പ്രവൃത്തികളിലൂടെ ആരും നീതി നേടില്ലെന്നും അവര്‍ വ്യക്തമാക്കി. ഒരാളുടെ തെറ്റായ പ്രവൃത്തിയുടെ പേരില്‍ അതുമായി യാതൊരു ബന്ധവുമില്ലാത്ത ജനങ്ങളെ ലക്ഷ്യമിടുന്നത് അങ്ങേയറ്റം തെറ്റാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സോഷ്യല്‍ മീഡിയയിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ചിലര്‍ വികാരങ്ങളെ ആയുധമാക്കുകയാണെന്ന് ജസ്റ്റിസ് മിനിസ്റ്റര്‍ നവോമി ലോങ് ആരോപിച്ചു. ജനങ്ങളെ സംരക്ഷിക്കാനെന്ന വ്യാജേന മുഖംമൂടി ധരിച്ചെത്തുന്ന അക്രമികള്‍ക്ക് നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ സ്ഥാനമില്ലെന്നും അവര്‍ വ്യക്തമാക്കി. അക്രമങ്ങള്‍ നിയന്ത്രിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനുമായി പൊലീസ് വിവിധ പ്രദേശങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സംഭവങ്ങളുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.