|
ഹീത്രൂ വിമാനത്താവളത്തില്‍ യാത്രാ ദുരിതം.വിമാനത്താവളത്തിലെ ടണലുകളിലൊന്ന് അടച്ചിടേണ്ടി വന്നതിനെ തുടര്‍ന്നാണ് ഇന്നലെ യാത്രക്കാര്‍ ദുരിതത്തിലായത്. മണിക്കൂറുകള്‍ സേവനം മുടങ്ങി. ചില സാങ്കേതിക പിഴവുകളെ തുടര്‍ന്ന് ടെര്‍മിനല്‍ 2 ഉം 3 ഉം തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡ് ടണലുകളില്‍ ഒന്ന് അടച്ചിടേണ്ടി വന്നതിനാല്‍ ഇന്നലെ രാവിലെ യാത്രക്കാര്‍ക്ക് വലിയ കാലതാമസം അഭിമുഖീകരിക്കേണ്ടതായി വന്നു.
ഈ ടണല്‍ അടച്ചിട്ടതോടെ വിമാനത്താവളത്തിലേക്കുള്ള റോഡുകളിലും യാത്രകള്‍ തടസപ്പെട്ടു. പല യാത്രക്കാരും, വിമാനം നഷ്ടപ്പെടാതിരിക്കാനായി ലഗേജുകളും തൂക്കി ഓടുന്നത് കാണാമായിരുന്നു. മറ്റുചിലരാകട്ടെ തങ്ങളുടെ വിധിയെ പഴിക്കുകയായിരുന്നു. 'ഭൂമിയിലെ നരകത്തില്‍ പെട്ട പ്രതീതി'യാണെന്നായിരുന്നു ഒരു യാത്രക്കാരന്‍ പ്രതികരിച്ചത്. ഏതായാലും, ഇപ്പോള്‍ ആ സാങ്കേതിക പ്രശ്‌നം പരിഹരിച്ചതായി ഹീത്രൂ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ടണല്‍ തുറന്ന് പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു. എങ്കിലും ദുരിതം മാറാന്‍ സമയമെടുക്കും. |