Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=119.0902 INR  1 EURO=104.9208 INR
ukmalayalampathram.com
Sun 21st Dec 2025
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
നട്ടെല്ലൊടിഞ്ഞ റബര്‍ കര്‍ഷകര്‍ക്ക് നിവര്‍ന്നു നില്‍ക്കാനൊരു റബര്‍ നട്ടെല്ല് തര്വോ?
reporter
വിലയിടിവു മൂലം കര്‍ഷകര്‍ നട്ടംതിരിയുമ്പോഴും വ്യവസായികള്‍ റബര്‍ ഇറക്കുമതി നിര്‍ബാധം തുടരുകയാണ്. ആസിയാന്‍ കരാറിന്റെ അടിസ്ഥാനത്തില്‍ ഏതാനും റബര്‍ അധിഷ്ഠിത ഉത്പന്നങ്ങള്‍കൂടി അടുത്ത ജനുവരി മുതല്‍ സീറോ ഡ്യൂട്ടിയില്‍ ഇറക്കുമതി ചെയ്യും. 2013ല്‍ ഇത്തരം എണ്‍പതോളം ഉത്പന്നങ്ങള്‍ സീ റോ ഡ്യൂട്ടി ആനുകൂല്യത്തോടെ ഇറക്കുമതി ചെയ്തതിന്റെ ആഘാതത്തിലാണ് ഇപ്പോഴും റബര്‍ വിപണി. ഇറക്കുമതി റബറും സിന്തറ്റിക് റബറും ഇന്ത്യന്‍ വിപണി കീഴടക്കുകയാണ്.

റബര്‍ അധിഷ്ഠിത വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ടെങ്കിലും ഇറക്കുമതി ഉത്പന്നങ്ങളുമായി വിലയില്‍ മത്സരിക്കാന്‍ നമ്മുടെ ഉത്പന്നങ്ങള്‍ക്കു പലപ്പോഴും കഴിയുന്നില്ല. ഉത്പാദനച്ചെലവിലെ വലിയ അന്തരമാണു വിപണിയിലെ മത്സരത്തില്‍ നാം പിന്നോക്കം പോകുന്നതിനു കാരണം. ഒട്ടുമിക്ക വിദേശരാജ്യങ്ങളും വ്യാവസായിക ഉത്പന്നങ്ങള്‍ക്കു വന്‍തോതില്‍ സബ്‌സിഡിയും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നുണ്ട്. ആശുപത്രി ആവശ്യങ്ങള്‍ക്കുള്ള ഗ്ലൗസുകള്‍പോലും ഇവിടെ ഉത്പാദിപ്പിക്കുന്നതിനേക്കാള്‍ ഏറെ ചെലവു കുറച്ച് ഇറക്കുമതി ചെയ്യാന്‍ കഴിയുന്നു. ഇവിടെ റബര്‍ ആവര്‍ത്തനക്കൃഷിക്കു ലഭിക്കുന്ന സബ്‌സിഡി തീര്‍ത്തും കുറവാണ്. ഏക്കറിന് ഇരുപത്തയ്യായിരം രൂപയാണു കേരളത്തില്‍ ഈ സബ്‌സിഡി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പതിനായിരം രൂപ കൂടുതല്‍ കൊടുക്കും. എന്നാല്‍, ഇതിന്റെ പതിന്മടങ്ങു സബ്‌സിഡിയാണു മറ്റു റബര്‍ ഉത്പാദക രാഷ്ട്രങ്ങള്‍ നല്‍കുന്നത്.

എക്‌സൈസ് ഡ്യൂട്ടി ഇനത്തില്‍ റബറില്‍നിന്നു കേന്ദ്രസര്‍ക്കാരിനു വലിയ വരുമാനമുണ്ട്. ടയര്‍ മുതല്‍ എല്ലാ റബര്‍ ഉല്‍പ്പന്നങ്ങള്‍ക്കും ഉയര്‍ന്ന നിരക്കിലാണ് എക്‌സൈസ് ഡ്യൂട്ടി. ഒരു കിലോഗ്രാം റബറിനു രണ്ടു രൂപ നിരക്കില്‍ കേന്ദ്രം സെസും ഏര്‍പ്പെടുത്തുന്നുണ്ട്. ഈ തുക റബര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാണ്. ജിഎസ്ടി നിലവില്‍ വരുന്നതോടെ ഈ സെസ് ഒഴിവാകുകയാണെങ്കില്‍ അതിന്റെ പ്രയോജനം കിട്ടുന്നതു വ്യവസായികള്‍ക്കാവും. ഇതിനിടെ റബര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്താനുള്ള ശ്രമങ്ങളും അണിയറയില്‍ നടക്കുന്നുണ്ട്.

സ്വാഭാവിക റബര്‍ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ എഎന്‍ആര്‍പിസിയുടെ 39–ാമത് അസംബ്ലി ആസാമിലെ ഗോഹട്ടിയില്‍ നടക്കുകയാണ്. ഇന്ത്യ, കംബോഡിയ, ചൈന, ഇന്തോനേഷ്യ, മലേഷ്യ എന്നിവ ഉള്‍പ്പെടെ 11 രാജ്യങ്ങള്‍ അംഗങ്ങളായ ഈ കൂട്ടായ്മ സ്വാഭാവിക റബറിന്റെ വിപണി പങ്കാളിത്തം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ്.

പുതിയ റബര്‍ നയം സംബന്ധിച്ചു കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ നിലപാടു വ്യക്തമാക്കിയിട്ടില്ല. വിള ഇന്‍ഷ്വറന്‍സിന്റെ കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്. ഉത്പാദനച്ചെലവിന്റെ അടിസ്ഥാനത്തില്‍ ഇന്‍ഷ്വറന്‍സ് തുക നിശ്ചയിക്കുമ്പോള്‍ കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്തില്ലെങ്കില്‍ കര്‍ഷകര്‍ക്കു കാര്യമായ പ്രയോജനമുണ്ടാകില്ല. ഇറക്കുമതിയുടെ കാര്യത്തില്‍ കേന്ദ്രത്തിലെ മുന്‍ സര്‍ക്കാരും ഇപ്പോഴത്തെ സര്‍ക്കാരുമെല്ലാം വ്യവസായികള്‍ക്കനുകൂലമായ നിലപാടാണു സ്വീകരിച്ചിട്ടുള്ളത്.
 
Other News in this category

 
 




 
Close Window