|
വിജയ് മല്യ ചെയര്‍മാനായ യുണൈറ്റഡ് ബ്രൂവറീസ് ഹോള്‍ഡിങ് ലിമിറ്റഡിന്റെ പേരിലുള്ള എല്ലാ ബാങ്ക് അക്കൗണ്ടുകളും ഓഹരി, മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളും സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) മരവിപ്പിച്ചു. 2015ല്‍ സെബി ചുമത്തിയ 15 ലക്ഷം രൂപ പിഴയൊടുക്കുന്നതില്‍ കമ്പനി വീഴ്ച വരുത്തിയതിനാലാണ് നടപടി. 2015 നവംബര്‍ 27 മുതല്‍ 2017 നവംബര്‍ 13 വരെയുള്ള കാലത്ത് 12ശതമാനം പലിശയുള്‍പ്പെടെ 18.5 ലക്ഷം രൂപയാണ് സെബി പിഴയായി ഈടാക്കിയിരിക്കുന്നത്.
നവംബര്‍ 13നാണ് ഇത് സംബന്ധിച്ച് സെബി ഉത്തരവിറക്കിയത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ സ്ഥാപനം പണം പിന്‍വലിക്കുന്നത് തടയാന്‍ ബാങ്കുകള്‍ക്കും മ്യൂച്വല്‍ ഫണ്ട് സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബാങ്കുകള്‍, ഡെപ്പോസിറ്ററികള്‍, മ്യൂച്വല്‍ ഫണ്ട് എന്നിവയുടെ കഴിഞ്ഞ ഒരുവര്‍ഷത്തെ അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അക്കൗണ്ടുകളില്‍ പണം നിക്ഷേപിക്കുന്നതിന് നടപടി തടസ്സമാവില്ല.
യുണൈറ്റഡ് ബ്രൂവറീസില്‍ 52.34 ശതമാനം ഓഹരിയാണ് മല്യയ്ക്കുള്ളത്. ഇന്ത്യയിലെ ബാങ്കുകളില്‍ വന്‍ തുക വായ്പാ കുടിശിക വരുത്തി ബ്രിട്ടനിലേക്ക് കടന്ന മല്യക്കെതിരെ സുപ്രീം കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. |