ലണ്ടന്‍: മൂന്നു മില്ല്യണ്‍ പൗണ്ടിന്റെ ഇമിഗ്രേഷന്‍ തട്ടിപ്പ് നടത്തിയ ബ്രിട്ടീഷ് എയര്‍വേസ് സൂപ്പര്‍വൈസര്‍ ഇന്ത്യയിലേക്ക് മുങ്ങി. അഞ്ച് വര്‍ഷം കൊണ്ട് നടത്തിയ ഇമിഗ്രേഷന്‍ തട്ടിപ്പിനായി ഹീത്രൂവിലെ ചെക്ക്-ഇന്‍ ഡെസ്‌കാണ് ഇയാള്‍ ഉപയോഗപ്പെടുത്തിയത്. ഹീത്രൂവിലെ ടെര്‍മിനല്‍ 5-ലാണ് 24-കാരനായ പ്രതി ജോലി ചെയ്തിരുന്നത്. പ്രധാനപ്പെട്ട വിസാ രേഖകള്‍ ഇല്ലാതെ ബ്രിട്ടീഷ് എയര്‍വേസ് നെറ്റ്വര്‍ക്ക് പ്രയോജനപ്പെടുത്തിയാണ് 25,000 പൗണ്ട് ഈടാക്കി പ്രതി തട്ടിപ്പിന് നേതൃത്വം നല്‍കിയത്. ഇന്ത്യയിലേക്ക് മുങ്ങിയ പ്രതിയെ പിടികൂടാന്‍ രാജ്യത്തെ പോലീസ് ശ്രമിച്ച് വരികയാണ്. തന്റെ ബിഎ ഗ്രൗണ്ട് സര്‍വ്വീസസ് പാര്‍ട്ണര്‍ക്കൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട സൂപ്പര്‍വൈസറെ ജാമ്യത്തില്‍ വിട്ടിരുന്നു.
പ്രധാനമായും ഇന്ത്യയില്‍ നിന്നുള്ളവരാണ് ഇയാളുടെ ഉപഭോക്താക്കളായത്. താല്‍ക്കാലിക സന്ദര്‍ശക വിസയില്‍ യുകെയിലേക്ക് എത്തിയ ശേഷം മറ്റ് രാജ്യങ്ങളിലേക്ക് പോകാന്‍ സഹായിക്കുകയാണ് ഇയാള്‍ ചെയ്തു പോന്നത്. മറ്റ് ചിലര്‍ക്ക് യുകെയില്‍ അഭയാര്‍ത്ഥി അപേക്ഷ നല്‍കുന്നതിലേക്കും ഈ വഴി ഒരുക്കിവെച്ചു. ബ്രിട്ടീഷ് എയര്‍വേസ് വിമാനത്താവളത്തില്‍ കാനഡയിലെ ടൊറന്റോയിലും, വാന്‍കോവറിലും ഇത്തരത്തില്‍ അഭയാര്‍ത്ഥികള്‍ എത്തിയതോടെയാണ് കനേഡിയന്‍ അധികൃതര്‍ ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത്. വ്യാജ ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ നല്‍കിയാണ് പ്രതി ഇത് തരപ്പെടുത്തിയത്. ഇന്ത്യയില്‍ പ്രതി നിരവധി വീടുകള്‍ വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നാണ് വിവരം.