ലണ്ടന്‍: അതിമനോഹരമായ ഒരു ആഡംബരവീട്. വില 15 കോടി. എന്നാല്‍, ആ വീടിന്റെ വിലയല്ല, ചരിത്രമാണ് ശരിക്കും ആളുകളെ ഞെട്ടിക്കുക. ഒരിക്കല്‍ ജയിലായിരുന്ന കെട്ടിടമാണ് ഇപ്പോള്‍ അതിമനോഹരമായ ഒരു വീടായി രൂപം മാറിയിരിക്കുന്നത്. ഇംഗ്ലണ്ടിലുള്ള ഈ ആഡംബര വീട് 19 -ാം നൂറ്റാണ്ടിലാണത്രെ ഇത്ര നല്ല ഒരു വീടായി രൂപമാറ്റം നടത്തിയത്. ഒക്ടഗണ്‍ ഹൗസ് എന്നറിയപ്പെടുന്ന ഈ പഴയ ജയില്‍ ഇംഗ്ലണ്ടിലെ ഈസ്റ്റ് യോര്‍ക്ക്‌ഷെയറിലെ ബെവര്‍ലിയിലാണ് സ്ഥിതി ചെയ്യുന്നത്. 1880 -ലാണ് ഈ ജയിലിനെ ഒരു വീടാക്കി മാറ്റിയത്. അഷ്ടഭുജാകൃതിയിലാണ് ഈ വീടുള്ളത്. ഇംഗ്ലണ്ടില്‍ ഈ ആകൃതിയുള്ള മൂന്ന് വീടുകളാണ് ഉള്ളത്. അതില്‍ ഒന്നാണ് ഇത്. നഗരത്തില്‍ ഒരു ജയിലായിട്ടാണ് അത് 1810 -ല്‍ തുറന്നത്. അവിടെ നൂറോളം തടവുപുള്ളികളെയും പാര്‍പ്പിച്ചിരുന്നു.
എന്നാല്‍, പിന്നീട് ഇത് ഒരു ബില്‍ഡര്‍ വാങ്ങുകയും കണ്ടാല്‍ ആരും കൊതിക്കുന്ന ഒരു വീടാക്കി മാറ്റുകയുമായിരുന്നു. മൂന്ന് റിസപ്ഷന്‍ മുറികള്‍, ആറ് ബെഡ്‌റൂം, ഒരു ഗാര്‍ഡന്‍ റൂം, മൂന്ന് ബാത്ത്‌റൂം, ഒരു ബേസ്‌മെന്റ് എന്നിവയെല്ലാം അടങ്ങിയതാണ് ഈ വീട്. ബേസ്‌മെന്റിലാവട്ടെ ഒരു ഹോം ബാര്‍, സിനമാറ്റിക് റൂം, ഗെയിംസ് റൂം, വാക്ക് ഇന്‍ സ്റ്റോര്‍ എന്നിവയെല്ലാം ഉണ്ട്. അടുത്തിടെ അതിന്റെ പുതിയ ഉടമകള്‍ ഈ വീട് ഒന്നുകൂടി നവീകരിച്ചത്രെ. പിന്നാലെയാണ് വീടിന്റെ വില 15.75 ലക്ഷം ആയി മാറിയത്. 215 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജയിലായി നിര്‍മ്മിക്കപ്പെട്ട ഈ കെട്ടിടം ഇന്ന് ഒരു ആധുനിക വീട് തന്നെയാണ്. അത് കാണുന്നയാളുകള്‍ക്ക് അതൊരു ജയിലാണ് എന്ന് വിശ്വസിക്കുക പോലും പ്രയാസമായിരിക്കും.