സന്‍ആ: യമനിലെ ഹൂതി വിമതരുടെ ആക്രമണത്തില്‍ സാരമായ തകരാര്‍ സംഭവിച്ച ബ്രിട്ടീഷ് ചരക്കുകപ്പല്‍ റൂബിമാര്‍ ചെങ്കടലില്‍ മുങ്ങി. യെമന്‍ ഭരണകൂടമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ബ്രിട്ടനില്‍ രജിസ്റ്റര്‍ ചെയ്ത കപ്പലിന് നേരെ ഫെബ്രുവരി 18നാണ് ചെങ്കടലില്‍ യെമനിലെ അല്‍ മോഖ തുറമുഖത്തിന് 35 നോട്ടിക്കല്‍ മൈല്‍ അകലെ ഹൂതികളുടെ മിസൈല്‍ ആക്രമണമുണ്ടായത്. മധ്യ അമേരിക്കന്‍ രാജ്യമായ ബെലീസിന്റെ പതാക വഹിച്ചുള്ള കപ്പലിന് സാരമായ കേടുപാട് സംഭവിച്ചതിനെ തുടര്‍ന്ന് ജീവനക്കാര്‍ കപ്പല്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടിരുന്നു.
41,000 ടണ്‍ വളമാണ് കപ്പലിലുണ്ടായിരുന്നത്. കപ്പല്‍ മുങ്ങിയത് സാരമായ പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് യെമന്‍ സര്‍ക്കാര്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. മിസൈല്‍ ആക്രമണത്തില്‍ തകരാര്‍ സംഭവിച്ച റൂബിമാര്‍ കപ്പല്‍ ചെങ്കടലില്‍ നങ്കൂരമിട്ടിരിക്കുകയാണെന്നും ജീവനക്കാരെല്ലാം സുരക്ഷിതരായി പുറത്തുകടന്നെന്നും യു.കെ മാരിടൈം ട്രേഡ് ഓപറേഷന്‍സ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ചെങ്കടല്‍ വഴിയുള്ള കപ്പലുകള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും സംശയകരമായ സാഹചര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ഇവര്‍ അഭ്യര്‍ഥിച്ചിരുന്നു.