ലണ്ടന്‍: 1970-കള്‍ക്ക് ശേഷം ആദ്യമായി എന്‍എച്ച്എസ് ഫണ്ടിംഗ് ഏറ്റവും വലിയ വെട്ടിച്ചുരുക്കല്‍ നേരിടുന്നു. ബജറ്റില്‍ നികുതി കുറയ്ക്കലിന് പകരം പബ്ലിക് സര്‍വ്വീസിന് പ്രാമുഖ്യം നല്‍കണമെന്ന് ചാന്‍സലര്‍ ജെറമി ഹണ്ടിന് മേല്‍ സമ്മര്‍ദം ഉയരുന്നതിനിടെയാണ് എന്‍എച്ച്എസ് ഫണ്ടിംഗ് കുറയുമെന്ന് വ്യക്തമാകുന്നത്. മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരുടെയും, നഴ്സുമാരുടെയും ക്ഷാമം പരിഹരിക്കാന്‍ ആശ്രയിക്കുന്ന ഏജന്‍സി വര്‍ക്കര്‍മാര്‍ക്ക് എന്‍എച്ച്എസ് വര്‍ഷത്തില്‍ ചെലവഴിക്കുന്ന 4.6 ബില്ല്യണ്‍ പൗണ്ടില്‍ കടിഞ്ഞാണിടാന്‍ ചാന്‍സലര്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്.
ഇംഗ്ലണ്ട് ഹെല്‍ത്ത് ചെലവഴിക്കലില്‍ 1.2% വെട്ടിക്കുറവാണ് സംഭവിച്ചിരിക്കുന്നത്. എന്‍എച്ച്എസ് അധിക ചെലവുകള്‍ നേരിടുമ്പോഴാണ് ഈ തിരിച്ചടി. ശമ്പളത്തിന്റെ പേരിലുള്ള സമരങ്ങളും, ജോലിക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ എന്നിവയ്ക്കായി വരുന്ന അധിക ചെലവുകളാണ് പ്രതിസന്ധി സൃഷ്ടിക്കുന്നതെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസ്‌കല്‍ സ്റ്റഡീസ് പറഞ്ഞു. ഹെല്‍ത്ത് ബജറ്റ് പ്രകാരം എന്‍എച്ച്എസിന് 2022-23 വര്‍ഷത്തില്‍ ലഭിച്ച 168.2 ബില്ല്യണ്‍ പൗണ്ടില്‍ നിന്നും 2024-25 വര്‍ഷം 166.2 ബില്ല്യണിലേക്കാണ് താഴുകയെന്നാണ് കണക്കാക്കുന്നത്. ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ ഒരു പുനഃപ്പരിശോധനയ്ക്ക് തയ്യാറായില്ലെങ്കില്‍ എന്‍എച്ച്എസിന് ജീവനക്കാരുടെ എണ്ണം കുറയ്ക്കല്‍, ജീവനക്കാരുടെ ശമ്പളം, സേവനങ്ങള്‍ എന്നിവ കുറച്ച് പരിഹാരം കാണേണ്ടി വരുമെന്ന് ഐഎഎഫ്എസ് മുന്നറിയിപ്പ് നല്‍കി.