Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6705 INR  1 EURO=106.7122 INR
ukmalayalampathram.com
Tue 03rd Feb 2026
 
 
UK Special
  Add your Comment comment
ലോകത്തിലെ ആറ് മാരത്തണുകള്‍ വിജയകരമായി പൂര്‍ത്തിയാക്കി സിക്‌സ് സ്റ്റാര്‍ ഫിനിഷര്‍ പദവി സ്വന്തമാക്കി ലണ്ടന്‍ മലയാളി
reporter

ലണ്ടന്‍: ആറ് ലോക മാരത്തണുകളും വിജയകരമായി പൂര്‍ത്തിയാക്കി 'സിക്‌സ് സ്റ്റാര്‍ ഫിനിഷര്‍' പദവി നേടി ലണ്ടന്‍ മലയാളിയായ മേജര്‍ ജോളി ലാസര്‍. നേരത്തെ മറ്റ് അഞ്ച് മാരത്തണുകളും പൂര്‍ത്തിയാക്കിയിരുന്ന ജോളി കഴിഞ്ഞദിവസം ടോക്കിയോ മാരത്തണും ഓടിയതോടെയാണ് സിക്‌സ് സ്റ്റാര്‍ ഫിനിഷര്‍ പദവിയിലെത്തിയത്. ഇന്ത്യയില്‍നിന്നും കേവലം 101 പേര്‍ മാത്രം കൈവരിച്ചിട്ടുള്ള ഈ അപൂര്‍വ നേട്ടത്തിലെത്തുന്ന മൂന്നോ നാലോ മലയാളികളില്‍ ഒരാളാണ് ജോളി. ന്യൂയോര്‍ക്ക്, ഷിക്കാഗോ, ബോസ്റ്റണ്‍, ബര്‍ലിന്‍, ടോക്കിയോ, ലണ്ടന്‍ എന്നീ ലോകോത്തര മാരത്തണുകള്‍ ആറെണ്ണവും വിജയകരമായി ഓടുന്നവര്‍ക്ക് ലഭിക്കുന്ന അത്യപൂര്‍വ ബഹുമതിയാണ് സിക്‌സ് സ്റ്റാര്‍ ഫിനിഷര്‍. ഇതില്‍ ഏറ്റവും കഠിനമായ ബോസ്റ്റണ്‍ കുന്നുകളിലെ ഓട്ടം രണ്ടുവര്‍ഷം മുമ്പ് 03:29:12 എന്ന സമയത്തില്‍ പൂര്‍ത്തിയാക്കിയ ജോളി കഴിഞ്ഞ ഒക്ടോബറില്‍ ഷിക്കാഗോയും പൂര്‍ത്തിയാക്കിയാണ് ടോക്കിയോയില്‍ അന്തിമ നേട്ടം കൈവരിച്ചത്. മലയാളികളായ മനോജ് കുര്യാക്കോസ്, രമേശ് പണിക്കര്‍, എഡ്ഗാര്‍ പിന്റോ എന്നിവര്‍ ഇതിനു മുമ്പ് സിക്‌സ് സ്റ്റാര്‍ ഫിനിഷര്‍മാരായിട്ടുണ്ട്. ഇതുവരെ ലോകത്താകെ 11,000 പേര്‍ക്കുമാത്രമാണ് ഈ ബഹുമതി ലഭിച്ചിട്ടുള്ളത്. ഇന്ത്യയില്‍നിന്നും ആകെയുള്ളത് 101 പേരും.

മഴയും വെയിലും മഞ്ഞും തണുപ്പും എല്ലാം അവഗണിച്ച് നടത്തിയ കഠിന പരിശ്രമത്തിന്റെ ഫലമാണ് ടോക്കിയോയിലെ ജോളിയുടെ നേട്ടം. ഞായറാഴ്ച നടന്ന മാരത്തണില്‍ മൂന്നു മണിക്കൂര്‍ 28 മിനിറ്റുകൊണ്ട് 42.2 കിലോമീറ്റര്‍ ദൂരം താണ്ടിയാണ് ജോളി യുകെ മലയാളികളുടെയെല്ലാം അഭിമാന താരമായി മാറിയത്. ഇന്ത്യന്‍ ആര്‍മിയില്‍നിന്നും മേജര്‍ പദവിയില്‍ വിരമിച്ച ജോളി കുടുംബസമേതം ഈസ്റ്റ് ലണ്ടനിലെ ഡെഗ്‌നാമിലാണ് താമസിക്കുന്നത്. നോക്കിയ, നീറ്റ്ആപ്പ്, എന്നീ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ച ജോളി ഇപ്പോള്‍ ലണ്ടനിലെ റെഡ്ഹാറ്റ് എന്ന സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. തൃശൂര്‍ മണ്ണുത്തി പാറയില്‍ ലാസറിന്റെയും തങ്കമ്മയുടെയും മകനാണ്. ഭാര്യ: വിനീത, വിദ്യാര്‍ഥികളായ ജോവിന്‍ ജെന്നിഫര്‍ എന്നിവര്‍ മക്കളാണ്. ഇന്ത്യക്ക് അകത്തും പുറത്തുമായി ഇതിനോടകം 15 മാരത്തണുകള്‍ ജോളി പൂര്‍ത്തിയാക്കിയിട്ടുണ്ട്. കുടുംബത്തിന്റെയും കൂട്ടുകാരുടെയും സഹകരണവും ഏതു പ്രതികൂല സാഹചര്യത്തിലും കഠിനാധ്വാനം ചെയ്യാനുള്ള മനസുമാണ് ജോളിയെ ഈ വിജയദൂരങ്ങളത്രയും താണ്ടാന്‍ സഹായിക്കുന്നത്. മിക്ക മാരത്തണുകള്‍ക്കും നറുക്കെടുപ്പിലൂടെയാണ് ഓട്ടക്കാര്‍ യോഗ്യത നേടുന്നത്. എന്നാല്‍ ലോകത്തെ ആറ് വലിയ മാരത്തണുകളില്‍ ഏറ്റവും പ്രയാസപ്പെട്ട ബോസ്റ്റണ്‍ മാരത്തണില്‍ പങ്കെടുക്കണമെങ്കില്‍ മൂന്നു മണിക്കൂര്‍ 20 മിനിറ്റില്‍ മറ്റേതെങ്കിലും പ്രധാന മാരത്തണ്‍ ഓടി യോഗ്യത നേടണം. ഈ കടമ്പ നേരത്തെ പൂര്‍ത്തിയാക്കിയിരുന്ന ജോളിക്ക് അതുകൊണ്ടുതന്നെ സിക്‌സ് സ്റ്റാര്‍ ഫിനിഷര്‍ നേട്ടത്തിലേക്ക് എത്താന്‍ ടോക്കിയോയിലെ ഓട്ടം ഒരു വലിയ കടമ്പയേ ആയിരുന്നില്ല. ടോക്കിയോയില്‍ നിന്നും ഇന്നലെ രാത്രി ലണ്ടന്‍ ഹീത്രുവില്‍ മടങ്ങിയെത്തിയ ജോളിക്ക് ലണ്ടനിലെ സുഹൃത്തുക്കള്‍ ചേര്‍ന്ന് സ്വീകരണം ഒരുക്കി. ലണ്ടനിലെ ജോയ് ആലൂക്കാസ് ജ്വല്ലറി ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ വിമാനത്താവളത്തില്‍ പ്രത്യേകം സ്വീകരണവും നല്‍കി.

 
Other News in this category

 
 




 
Close Window