അടുത്ത കാലത്ത് സ്വന്തം സമ്പത്തില്‍ ഏറ്റവും കൂടുതല്‍ ഇടിവ് നേരിട്ട വ്യക്തി ഇലോണ്‍ മസ്‌കാണ്. മസ്‌കിന്റെ ആസ്തി 251.3 ബില്യണില്‍ നിന്നും 221.4 ബില്യണ്‍ ഡോളറായി കുറഞ്ഞു. ലോകത്തെ ഏറ്റവും വലിയ പത്ത് സമ്പന്നരുടെ ആകെ സമ്പത്ത് 2023 അവസാനത്തോടെ 1.47 ട്രില്ല്യണ്‍ ഡോളറില്‍ നിന്നും ജൂണ്‍ അവസാനത്തോടെ 1.66 ട്രില്ല്യണ്‍ ഡോളറായി വര്‍ധിക്കുകയാണ് ചെയ്തത്. മസ്‌കിന്റെ സമ്പത്താകട്ടെ ഇടിയുകയാണ് ചെയ്തത്. ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സിന്റെ റോക്കറ്റുകള്‍ തകര്‍ന്ന് തരിപ്പണമാകുന്ന പല ദൃശ്യങ്ങളും വൈറലാണ്. ഏതാണ്ട് ഇതിന് സമാനമായ രീതിയിലാണ് മസ്‌കിന്റെ സമ്പത്തും തകര്‍ന്നടിയുന്നത്.
ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് വാഹന നിര്‍മാണ കമ്പനിയായ ടെസ്ലയുടെ വില്‍പനയും ലാഭവും കുറഞ്ഞതോടെ ഓഹരി വിപണിയില്‍ കമ്പനിയുടെ ഓഹരിവിലയും ഇടിഞ്ഞു. ഇതാണ് മസ്‌കിന് തിരിച്ചടിയായത്. 20 ശതമാനം ഇടിവാണ് ടെസ്ലയുടെ ഓഹരികളിലുണ്ടായത്. നിലവില്‍ മസ്‌കിന് ടെസ്ലയില്‍ ഏകദേശം 13 ശതമാനം ഓഹരിയുണ്ട്. മറ്റ് സമ്പന്നരുമായി താരതമ്യം ചെയ്യുമ്പോള്‍ മസ്‌കിന്റെ അവസ്ഥ തീര്‍ത്തും വിഭിന്നമാണ്. |