Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=107.5963 INR  1 EURO=90.5223 INR
ukmalayalampathram.com
Sat 25th Jan 2025
 
 
അസോസിയേഷന്‍
  Add your Comment comment
'യുക്മ-കേരളാ പൂരം 2024'ന് ആവേശം പകരാന്‍ മെഗാ തിരുവാതിര, ഫ്യൂഷന്‍ ഡാന്‍സ്
Text: By Alex Varghese

ആഗസ്റ്റ് 31ന് ശനിയാഴ്ച്ച സൗത്ത് യോര്‍ക്ഷെയറിലെ ഷെഫീല്‍ഡിനു സമീപം റോഥര്‍ഹാം മാന്‍വേഴ്സ് തടാകത്തില്‍ നടക്കുന്ന 'യുക്മ - കേരളാ പൂരം 2024' മത്സര വള്ളംകളിയുടെയും അനുബന്ധ കലാപരിപാടികളുടെയും ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. രാവിലെ 10ന് തന്നെ ആദ്യ മത്സരങ്ങള്‍ ആരംഭിക്കും. മത്സരങ്ങളുടെ ഇടവേളകളില്‍ സ്റ്റേജില്‍ ലൈവ് കലാപരിപാടികള്‍ നടത്തപ്പെടും. ആദ്യ റൗണ്ട് മത്സരങ്ങള്‍ക്ക് ശേഷമായിരിക്കും ഔപചാരികമായ ഉദ്ഘാടന സമ്മേളനം നടത്തപ്പെടുന്നത്. വള്ളംകളി കാണുവാന്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേരുന്ന ആയിരങ്ങളെ വരവേല്‍ക്കാന്‍ അതിമനോഹരമായ മാന്‍വേഴ്സ് തടാകവും പരിസരങ്ങളും പൂര്‍ണ്ണ തോതില്‍ സജ്ജമായിരിക്കും. 'യുക്മ - കേരളാ പൂരം 2024' വള്ളംകളി മഹോത്സവത്തില്‍ അരങ്ങ് തകര്‍ക്കാന്‍ മെഗാ തിരുവാതിര, ഫ്യൂഷന്‍ ഡാന്‍സ്, ഫ്ലാഷ് മോബ് എന്നിവയില്‍ പങ്കെടുക്കാന്‍ രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്നായി ഇക്കുറിയും നൂറുകണക്കിന് മലയാളി കലാതാരങ്ങളാണ് അണിചേരുവാന്‍ പോകുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷവും വിജയകരമായി ഈ ഡാന്‍സ് പ്രോഗ്രാമുകള്‍ക്ക് നേതൃത്വം നല്‍കിയ യുക്മ ദേശീയ വൈസ് പ്രസിഡന്റ് ലീനുമോള്‍ ചാക്കോ, ജോയിന്റ് സെക്രട്ടറി സ്മിതാ തോട്ടം എന്നിവരുടെ നേതൃത്വത്തിലാണ് ഇത്തവണയും ഇവ അണിഞ്ഞൊരുങ്ങുന്നത്. 2019ല്‍ നടന്ന മൂന്നാമത് വള്ളംകളിയോട് അനുബന്ധിച്ച് യുക്മ ദേശീയ ഭാരവാഹികളായിരുന്ന ലിറ്റി ജിജോയുടെയും സെലീന സജീവിന്റെയും നേതൃത്വത്തില്‍ മുന്നൂറിലധികം വനിതകളെ ഉള്‍പ്പെടുത്തിക്കൊണ്ടു നടത്തപ്പെട്ട മെഗാതിരുവാതിര വന്‍വിജയമായിരുന്നു. കേരള തനിമയില്‍ അരങ്ങേറുന്ന മെഗാതിരുവാതിര കേരളാപൂരത്തിന്റെ ഏറ്റവും ആകര്‍ഷണീയമായ സാംസ്‌കാരിക പരിപാടിയായി മാറിയിട്ടുണ്ട്. അതില്‍ പങ്കെടുത്തവരും പുതിയതായി യുകെയില്‍ എത്തിച്ചേര്‍ന്നവരുമായ യുകെ മലയാളി വനിതകളെ ചേര്‍ത്ത് 2022ല്‍ സംഘടിപ്പിച്ച ഫ്യൂഷന്‍ ഡാന്‍സിനും വലിയ ആവേശം സൃഷ്ടിക്കാനായി. 2023ല്‍ മെഗാതിരുവാതിരയ്ക്കും മെഗാഫ്യൂഷന്‍ ഡാന്‍സിനുമൊപ്പം ഫ്ലാഷ് മോബും ഓണക്കാലത്ത് പൂരനഗരിയെ ആവേശത്തിലാറാടിക്കുന്ന പുലികളിയും കൂടി സംഘടിപ്പിച്ചിരുന്നു. മെഗാതിരുവാതിര, ഫ്യൂഷന്‍ ഡാന്‍സ്, ഫ്ലാഷ് മോബ് എന്നിവയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവരുടെ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടായിരിക്കുന്നതാണ്. പന്ത്രണ്ട് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ഈ പരിപാടികളില്‍ പങ്കെടുക്കുവാന്‍ അവസരം ഉള്ളത്. മെഗാതിരുവാതിരയില്‍ പങ്കെടുക്കുന്ന എല്ലാവരും അന്നേ ദിവസം പതിനൊന്ന് മണിയോടെ മാന്‍വേഴ്സ് തടാകത്തിന് സമീപമുള്ള പുല്‍ത്തകിടിയില്‍ എത്തിച്ചേരേണ്ടതാണ്. യുക്മയുടെ എല്ലാ റീജിയണുകളില്‍ നിന്നും താല്പര്യമുള്ളവരെ കണ്ടെത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി വിപുലമായ കോര്‍ഡിനേഷന്‍ കമ്മറ്റിയും ഉണ്ടാവുന്നതാണ്. മെഗാ തിരുവാതിര, ഫ്യൂഷന്‍ ഡാന്‍സ്, ഫ്ലാഷ് മോബ് എന്നിവയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ മുകളില്‍ പറഞ്ഞിരിക്കുന്ന റീജിയണല്‍ കോര്‍ഡിനേറ്റേഴ്‌സിനെയോ, ദേശീയ തലത്തില്‍ ചുമതലയുള്ള നാഷണല്‍ വൈസ് പ്രസിഡന്റ് ലീനുമോള്‍ ചാക്കോ (07868607496), നാഷണല്‍ ജോയിന്റ് സെക്രട്ടറി സ്മിതാ തോട്ടം (07450964670) എന്നിവരെയോ ബന്ധപ്പെടാവുന്നതാണ്. 'യുക്മ - കേരളാ പൂരം 2024' കൂടുതല്‍ വിവരങ്ങള്‍ക്ക് ഡോ. ബിജു പെരിങ്ങത്തറ (ചെയര്‍മാന്‍): 07904785565, കുര്യന്‍ ജോര്‍ജ് (ചീഫ് ഓര്‍ഗനൈസര്‍): 07877348602 അഡ്വ. എബി സെബാസ്റ്റ്യന്‍ (ജനറല്‍ കണ്‍വീനര്‍): 07702862186 എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

 
Other News in this category

 
 




 
Close Window