സ്വര്‍ണം കൊണ്ടും വസ്ത്രം കൊണ്ടും ആഡംബരങ്ങളാലും ലോകം മുഴുവന്‍ ചര്‍ച്ചയായി അംബാനി കുടുംബത്തിലെ വിവാഹം. പ്രീ വെഡ്ഡിങ് ആഘോഷങ്ങളില്‍ വരന്റെ മാതാവായ നിത അംബാനി ധരിച്ചത് 500 കോടിയുടെ നെക്ലേസ് ആയിരുന്നു. പച്ച മരതകവും ഡയമണ്ടും കൊണ്ട് നിര്‍മിച്ചതായിരുന്നു ഈ ഹാരം. നെക്ലേസിന് ചേരുന്ന 53 കോടിയുടെ ഡയമണ്ട് മോതിരത്തിലും കമ്മലിലും ഫാഷനിസ്റ്റകളുടെ കണ്ണുടക്കിയിരുന്നു. ഐവറി ഗോള്‍ഡ് സാരിക്ക് അഴകേറ്റിയ ഈ ആഭരണം ലോകത്തെ ഏറ്റവും വിലയേറിയ നെക്ലേസുകളിലൊന്നാണ്. ഇതുകണ്ട് നെടുവീര്‍പ്പിട്ട സാധാരണക്കാര്‍ക്കായി രാജസ്ഥാനിലുള്ള ഒരു വ്യാപാരി ഈ മാലയുടെ പക്കാ കോപ്പി നിര്‍മിച്ച് 200 രൂപയില്‍ താഴെ വിലയ്ക്ക് വിറ്റഴിച്ച വാര്‍ത്തയും വൈറലായി. 500 കോടിയുടെ മാലയുടെ 178 രൂപാ പതിപ്പുണ്ടാക്കിയ കക്ഷിയുടെ മാര്‍ക്കറ്റിങ് തന്ത്രവും സാക്ഷാല്‍ അംബാനിയെ കടത്തിവെട്ടുന്നത്. പച്ച മാത്രമല്ല ചുവപ്പും മഞ്ഞയുമടക്കം പല നിറത്തിലെ മാലകള്‍ വിറ്റഴിച്ച കവറില്‍ 500 കോടിയുടെ മാല അണിഞ്ഞ നിത അംബാനിയുടെ ഫോട്ടോ കൂടെ വച്ചു. ചൂടപ്പം പോലെയാണ് ഡ്യൂപ്ലിക്കേറ്റ് വിറ്റഴിയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എങ്ങനെയുണ്ട് ബുദ്ധി. കടുവയെ പിടിച്ച കിടുവയെന്നൊക്കെ കേട്ടിട്ടല്ലേയുള്ളു.
അനന്തിന്റെ വിവാഹ നിശ്ചയത്തിന് ചേട്ടന്‍ ആകാശ് അംബാനി നല്‍കിയത് 18 കാരറ്റ് പാന്തേരേ ഡി കാര്‍ട്ടിയറിന്റെ ബ്രൂച്ച്. ഏറെ അതുല്യമായ ബ്രൂച്ച് അലങ്കരിച്ചിരുന്നത് 51 സഫയറും രണ്ട് എമറാള്‍ഡും 606 അണ്‍കട്ട് ഡയമണ്ടും കൊണ്ടാണ്. പതിമൂന്ന് കോടിയിലേറെയാണ് ബ്രൂച്ചിന്റെ വില. |