അമേരിക്കന്‍ സ്ട്രീമിംഗ് സ്ഥാപനമായ നെറ്റ്ഫ്ളിക്സിനെതിരേ അന്വേഷണം ആരംഭിച്ച് ഇന്ത്യ. സ്ഥാപനം വിസ നിയമങ്ങള്‍ ലംഘിച്ചതായും വംശീയ വിവേചനം നടത്തുന്നതുമായുള്ള ആരോപണങ്ങളിലാണ് അന്വേഷണം നടത്തുന്നത്. 2020ല്‍ കമ്പനി വിട്ട നെറ്റ്ഫ്ളിക്സിന്റെ മുന്‍ ബിസിനസ് ആന്‍ഡ് ലീഗല്‍ അഫയേഴ്സ് ഡയറക്ടര്‍ നന്ദിനി മെഹ്തയാണ് ഇത് സംബന്ധിച്ച ആരോപണങ്ങള്‍ ഉന്നയിച്ചത്. മെഹ്തയ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അയച്ച ഇമെയില്‍ അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ടു ചെയ്തു.
നെറ്റ്ഫ്ളിക്സിന്റെ ഇന്ത്യയിലെ ബിസിനസുമായി ബന്ധപ്പെട്ട് വിസ, നികുതി ലംഘനം എന്നിവസംബന്ധിച്ച അന്വേഷണമാണ് നടക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫോറിനേഴ്സ് റീജിയണല്‍ രജിസ്ട്രേഷന്‍ ഓഫീസിലെ(എഫ്ആര്‍ആര്‍ഒ) ഉദ്യോഗസ്ഥനായ ദീപക് യാദവ് മെയിലില്‍ വ്യക്തമാക്കിയിട്ടുണ്ട്.
''നെറ്റ്ഫ്ളിക്സിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനം, വിസ ലംഘനം, നിയമവിരുദ്ധമായ ഘടനകള്‍, നികുതി വെട്ടിപ്പ്, ഇന്ത്യയിലെ കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നടക്കുന്ന വംശീയപരമായ വിവേചനം എന്നിവ സംബന്ധിച്ച് ഞങ്ങള്‍ക്ക് പരാതികള്‍ ലഭിച്ചിട്ടുണ്ട്,'' ഇമെയില്‍ കൂട്ടിച്ചേര്‍ത്തു. |