ഇന്ത്യയുടെ രാഷ്ട്രീയ - ബിസിനസ് ചരിത്രത്തില്‍ വ്യക്തിമുദ്ര പതിച്ച പ്രമുഖ വ്യക്തിത്വങ്ങളില്‍ എക്കാലത്തും തിളങ്ങുന്ന മുഖമായി നിന്നിട്ടുള്ള രത്തന്‍ ടാറ്റ അന്തരിച്ചു. എണ്‍പത്തിയാറാം വയസ്സിലാണ് വേര്‍പാട്. മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രാത്രി 11.30 യോടെയാണ് അന്ത്യം സംഭവിച്ചത്. തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.
10000 കോടി രൂപയില്‍ നിന്ന് കമ്പനിയുടെ വരുമാനം 100 ബില്യണ്‍ ഡോളറിലേക്ക് ഉയര്‍ന്നത് അദ്ദേഹത്തിന്റെ കാലത്താണ്. കമ്പനിയില്‍ ഇദ്ദേഹം സ്ഥാനമൊഴിഞ്ഞ ശേഷം സൈറസ് മിസ്ത്രി ചെയര്‍മാനായി എത്തിയെങ്കിലും പിന്നീടുണ്ടായ തര്‍ക്കം വലിയ വാര്‍ത്തയായിരുന്നു. 2016 ഒക്ടോബറില്‍ സൈറസ് മിസ്ത്രിയെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം ഇടക്കാല ചെയര്‍മാനായി രത്തന്‍ ടാറ്റ വീണ്ടുമെത്തി. 2017 ല്‍ സ്ഥാനം എന്‍ ചന്ദ്രശേഖറിന് കൈമാറി. തുടര്‍ന്ന് ടാറ്റ സണ്‍സിന്റെ ചെയര്‍മാന്‍ എമിററ്റസായി അദ്ദേഹത്തെ ഗ്രൂപ്പ് നിയോഗിക്കുകയായിരുന്നു.
ടാറ്റ സണ്‍സിന്റെയും ടാറ്റ ഗ്രുപ്പിന്റെയും ചെയര്‍മാന്‍ ആയിരുന്നു രത്തന്‍ നാവല്‍ ടാറ്റ. ടാറ്റ കമ്പനികളായ ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോര്‍സ്, ടാറ്റ പവര്‍, ടാറ്റ കണ്‍സല്‍ട്ടന്‍സി സര്‍വീസസ്, ടാറ്റ ടീ, ടാറ്റ കെമികല്‍സ്, ടാറ്റ ടെലിസെര്‍വീസസ്, ദി ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി തുടങ്ങിയവയുടെ ചെയര്‍മാന്‍ കൂടിയായിരുന്നു. 2012 ഡിസംബറില്‍ സ്ഥാനമൊഴിഞ്ഞു.
ഇദ്ദേഹത്തിന്റെ കാലത്താണ് പൂര്‍ണ്ണമായും ഇന്ത്യയില്‍ തന്നെ രൂപകല്പന ചെയ്തു നിര്‍മ്മിച്ച ആദ്യത്തെ കാറുകളായ ഇന്‍ഡിക്കയും നാനോയും ടാറ്റാ മോടോഴ്‌സ് പുറത്തിറക്കിയത്. നാനോക്കാകട്ടെ ലോകത്തിലെ തന്നെ ഏറ്റവും വിലക്കുറവുള്ള കാറെന്ന ഖ്യാതിയുമുണ്ട്. വിദേശകമ്പനികള്‍ ഏറ്റെടുത്തുകൊണ്ട് ടാറ്റയുടെ വ്യവസായസാമ്രാജ്യം ആഗോളവ്യാപകമായി വിപുലീകരിക്കുന്നതിനും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ടാറ്റാ ഗ്രൂപ്പിന് കഴിഞ്ഞു. |