ലോകത്തില്‍ ആദ്യമായി സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സജ്ജീകരിച്ച ബോയിംഗ് 777 വിമാനവുമായി ഖത്തര്‍ എയര്‍വേയ്സ്. ഇന്ന് ദോഹയില്‍ നിന്ന് ലണ്ടനിലേക്കാണ് സ്റ്റാര്‍ലിങ്ക് ഘടിപ്പിച്ച ബോയിംഗ് 777 വിമാന സര്‍വീസ് നടത്തിയത്. യാത്രക്കാര്‍ക്ക് സ്റ്റാര്‍ലിങ്ക് അള്‍ട്രാ-ഹൈ-സ്പീഡ്, ലോ-ലേറ്റന്‍സി ഇന്റര്‍നെറ്റ് വാഗ്ദാനം ചെയ്യുന്ന മെന മേഖലയിലെ ഏറ്റവും വലുതും ആദ്യത്തെതുമായ കാരിയറാണ് ഖത്തര്‍ എയര്‍വേസ്.
എല്ലാ യാത്രക്കാര്‍ക്കും സ്റ്റാര്‍ലിങ്ക് സേവനം സൗജന്യമാണ്. കൂടാതെ, ബോര്‍ഡിങ് ഗേറ്റ് മുതല്‍ തന്നെ ഇവ ഉപയോഗിക്കാം. 2024 അവസാനത്തോടെ സ്റ്റാര്‍ലിങ്ക് ഘടിപ്പിച്ച 12 ബോയിംഗ് 777-300 വിമാനങ്ങള്‍ അവതരിപ്പിക്കും. 2025-ല്‍ ഖത്തര്‍ എയര്‍വേയ്സിന്റെ മുഴുവന്‍ ബോയിംഗ് 777 ഫ്‌ലീറ്റിലും - എയര്‍ബസ് A350 ഫ്‌ലീറ്റിലും സ്റ്റാര്‍ലിങ്ക് അവതരിപ്പിക്കും.
വിശ്വസനീയവും അതിവേഗ ഇന്റര്‍നെറ്റും സ്റ്റാര്‍ലിങ്ക് നല്‍കുന്നതിനാല്‍, യാത്രക്കാര്‍ക്ക് വിമാനയാത്രയ്ക്കിടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ബന്ധം നിലനിര്‍ത്താനും, അവരുടെ പ്രിയപ്പെട്ട വിനോദങ്ങള്‍ സ്ട്രീം ചെയ്യാനും, തത്സമയ സ്പോര്‍ട്സ് മത്സരങ്ങള്‍ കാണാനും ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കാനും കഴിയും. സ്റ്റാര്‍ലിങ്ക് സജ്ജീകരിച്ച ഫ്‌ലൈറ്റ് സര്‍വീസ് കൂടി ആരംഭിച്ചതോടെ, ഖത്തര്‍ എയര്‍വേയ്സ് വീണ്ടും ലോകശ്രദ്ധ നേടുകയാണ്. |