അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഗൗതം അദാനിക്കെതിരെ ഉയര്‍ന്ന തട്ടിപ്പ്, കൈക്കൂലി ആരോപണങ്ങളില്‍ പ്രതികരിച്ച് അദാനി ഗ്രൂപ്പ്. അദാനി ഗ്രീനിലെ ഡയറക്ടര്‍മാര്‍ക്കെതിരെ യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസും, യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷനും ഉയര്‍ത്തിയ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് അദാനി ഗ്രൂപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഇന്ത്യാ ഗവണ്‍മെന്റിന്റെ സൗരോര്‍ജ പദ്ധതിയുമായി ബന്ധപ്പെട്ട കരാറുകള്‍ ലഭിക്കാനായി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കോടിക്കണക്കിന് രൂപ കൈക്കൂലി നല്‍കിയെന്നാണ് യുഎസ് പ്രോസിക്യൂട്ടര്‍മാര്‍ കുറ്റപത്രത്തില്‍ ആരോപിക്കുന്നത്.
'' അദാനി ഗ്രീനിലെ ഡയറക്ടര്‍മാര്‍ക്കെതിരെ യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷനും യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസും ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസ് പറയുന്നത് പോലെ- ' കുറ്റപത്രത്തിലെ കുറ്റങ്ങള്‍ ആരോപണങ്ങളാണ്. കുറ്റം തെളിയിക്കപ്പെടുന്നതുവരെ പ്രതികള്‍ നിരപരാധികളായി കണക്കാക്കപ്പെടും' എന്നുമാത്രമെ ഇപ്പോള്‍ പറയാന്‍ ആഗ്രഹിക്കുന്നുള്ളു. വിഷയത്തില്‍ ആവശ്യമായ എല്ലാ നിയമസഹായവും തേടും,'' എന്ന് അദാനി ഗ്രൂപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. |