|
ട്രാവല്‍ വ്‌ലോഗറായ ഷെഫീക്ക് ഹാഷിം കഷണ്ടിത്തല വാടകയ്ക്കു നല്‍കുന്നു. പരസ്യം പതിക്കാന്‍ തല നല്‍കുന്നതിന് 3 മാസത്തേക്ക് 50000 രൂപ. കൊച്ചി ആസ്ഥാനമായ 'ലാ ഡെന്‍സിറ്റേ' എന്ന കമ്പനിയുടെ പരസ്യമാണ് ഷഫീക്കിന്റെ തലയില്‍ ആദ്യം ടാറ്റൂചെയ്ത് പതിപ്പിച്ചത്. മൂന്ന് മാസത്തേക്ക് 50,000 രൂപയാണ് കരാര്‍. ഈ കാലയളവില്‍ യുട്യൂബ് വിഡിയോകളില്‍ ഷഫീഖ് പ്രത്യക്ഷപ്പെടുക തലയില്‍ പരസ്യവുമായാണ്.
തലയില്‍ കഷണ്ടി കയറിയതോടെ ഏതുവിധേനയും ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ചെയ്യാമെന്ന ചിന്തയായിരുന്നു ആലപ്പുഴക്കാരനായ ഷെഫീക്കിന്. പിന്നീട് ഏറെനേരം നീണ്ട ആലോചനയ്ക്ക് ശേഷം കഷണ്ടി നിലനിര്‍ത്താന്‍ തീരുമാനിച്ചു. ഇതിനിടെയാണ് വ്യത്യസ്തമായ ആശയം തലയിലുദിച്ചത്.
കഷണ്ടിത്തല പരസ്യം പതിക്കുന്നതിന് വാടയ്ക്ക് നല്‍കുക എന്നതായിരുന്നു ആ ആശയം. സോഷ്യല്‍മീഡിയയില്‍ ഇതു സംബന്ധിച്ച് ഒരു കുറിപ്പും ഷെഫീക്ക് പങ്കുവെച്ചു. 12 മണിക്കൂറിനുള്ളില്‍ നൂറുകണക്കിന് കമ്പനികളാണ് സമീപിച്ചത്. അങ്ങനെ ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ ആദ്യത്തെ കരാര്‍ ഏറ്റെടുത്തു. |