രത്തന്‍ ടാറ്റയുടെ ശേഷിക്കുന്ന ആസ്തിയുടെ മൂന്നിലൊന്ന്, അതായത് 500 കോടി രൂപയിലധികം വിലമതിക്കുന്ന സമ്പത്ത് മോഹിനി മോഹന്‍ ദത്തയ്ക്കാണെന്ന് വില്‍പ്പത്രത്തില്‍ പറയുന്നതായി റിപ്പോര്‍ട്ടുകള്‍. രത്തന്‍ ടാറ്റയ്ക്ക് അദ്ദേഹവുമായുള്ള ബന്ധം വളരെ കുറച്ച് പേര്‍ക്ക് മാത്രമെ അറിയൂവെന്ന് ഇക്കോണിക്സ് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ജംഷഡ്പുര്‍ സ്വദേശിയായ ട്രാവല്‍ ഇന്‍ഡസ്ട്രി സംരംഭകനാണ് മോഹിനി മോഹന്‍ ദത്ത. വളരെ അപ്രതീക്ഷിതമായാണ് അദ്ദേഹത്തിന് രത്തന്‍ ടാറ്റയുടെ സമ്പത്തിന്റെ ഒരു ഭാഗം കിട്ടിയത്. അതിനാല്‍ തന്നെ ടാറ്റ കുടുംബവും അടുത്ത സഹകാരികളും ഈ വെളിപ്പെടുത്തലില്‍ അത്ഭുതപ്പെട്ടുപോയതായി അവരുമായി അടുത്ത ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തി.
2013ല്‍ താജ് ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സിന്റെ ഒരു ഭാഗമായ താജ് സര്‍വീസസുമായി ലയിച്ച 'സ്റ്റാലിയന്‍' എന്ന ട്രാവല്‍ കമ്പനി മോഹിനി മോഹന്റെ കുടുംബത്തിന്റേതായിരുന്നുവെന്ന് ഇക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ലയനത്തിന് മുമ്പ് മോഹിനി മോഹന്‍ ദത്തയും കുടുംബവും സ്റ്റാലിയന്റെ 80 ശതമാനവും ഓഹരികള്‍ സ്വന്തമാക്കിയിരുന്നു. ബാക്കി ഓഹരികള്‍ ടാറ്റ ഇന്‍ഡസ്ട്രീസ് ആണ് കൈവശം വെച്ചിരുന്നത്. തോമസ് കുക്കിന്റെ അഫിലിയേറ്റ് ആയിരുന്ന ടിസി ട്രാവല്‍ സര്‍വീസസിന്റെ ഡയറക്ടറായിരുന്നു മോഹിനി മോഹനെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.