തിരുവനന്തപുരം: കേടായ ആഭരണം നന്നാക്കി നല്‍കാത്ത ജ്വല്ലറി ഉടമ യുവതിക്ക് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില തിരികെ നല്‍കണമെന്നു സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. ജ്വല്ലറി ഉടമയ്‌ക്കെതിരെ ആലപ്പുഴ സ്വദേശിയായ വനിതാ നഴ്‌സാണ് പരാതി നല്‍കിയത്. 53,880 രൂപയും ഒപ്പം നഷ്ടപരിഹാരമായി 20,000 രൂപയും അവര്‍ക്കു നല്‍കാനാണ് ഉത്തരവിട്ടത്. 15.820 ഗ്രാം തൂക്കമുള്ള സ്വര്‍ണ പാദസരങ്ങള്‍ ഇവര്‍ ജ്വല്ലറിയില്‍ നിന്നു വാങ്ങിയിരുന്നു. ആറ് മാസത്തിനുള്ളില്‍ പാദസരത്തിന്റെ ചെറിയ കണ്ണികള്‍ പൊട്ടി. പകരം മറ്റൊന്നു വേണമെന്ന ആവശ്യവുമായി അവര്‍ ജ്വല്ലറിയെ സമീപിച്ചെങ്കിലും ഉടമ മാറ്റി നല്‍കാന്‍ തയ്യാറായില്ല. പകരം പാദസരത്തിന്റെ കണ്ണി നന്നാക്കി നല്‍കി. പ്രശ്‌നം ആവര്‍ത്തിച്ചാല്‍ മാറ്റി നല്‍കാമെന്നും ഉറപ്പു നല്‍കി. വീണ്ടും കേടുപാടുകള്‍ സംഭവിച്ചതോടെ നഴ്‌സ് ജ്വല്ലറിയെ സമീപിച്ചെങ്കിലും വാക്കു പാലിക്കാന്‍ ഉടമ തയ്യാറായില്ല. പിന്നാലെയാണ് അവര്‍ പരാതി നല്‍കിയത്. പരാതിക്കാരി നഴ്‌സായതിനാല്‍ രാസ വസ്തുക്കളും മരുന്നുമൊക്കെ ഉപയോഗിക്കുന്നതിനാല്‍ അങ്ങനെ ആഭരണത്തിനു കേടുപാടുകള്‍ സംഭവിച്ചതാകാം എന്നാണ് ഉടമ വാദിച്ചത്. തേയ്മാനം സംഭവിച്ചതാകാമെന്ന വാദയും ഉടമ ഉയര്‍ത്തി.
ആലപ്പുഴ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ വനിതാ നഴ്‌സിനു അനുകൂലമായാണ് വിധി പറഞ്ഞത്. എന്നാല്‍ ഉത്തരവില്‍ പറഞ്ഞ പണം നല്‍കാന്‍ ഉടമ തയ്യാറാകുന്നില്ലെന്നു ചൂണ്ടിക്കാട്ടി പരാതിക്കാരി സംസ്ഥാന ഉപഭോക്തൃ സമിതിയെ പിന്നീട് സമീപിച്ചു. എസ്സിഡിആര്‍സി പ്രസിഡന്റ് ജസ്റ്റിസ് ബി സുധീന്ദ്ര കുമാര്‍, ജുഡീഷ്യല്‍ അംഗം ഡി അജിത് കുമാര്‍, അംഗം രാധാകൃഷ്ണന്‍ കെആര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. പരാതിക്കാരിക്ക് നിലവിലെ വിപണി വില തിരികെ കിട്ടാന്‍ അര്‍ഹതയുണ്ടെന്നു ഉത്തരവില്‍ പറയുന്നു. ആഭരണം തിരികെ നല്‍കുന്നതിന് പകരമായി 15.820 ഗ്രാം സ്വര്‍ണത്തിന്റെ നിലവിലെ വിപണി മൂല്യം നല്‍കാന്‍ ജ്വല്ലറിയോട് നിര്‍ദ്ദേശിച്ചു. കൂടാതെ, നഷ്ടപരിഹാരമായി 15,000 രൂപയും ചെലവായി 5,000 രൂപയും നല്‍കണമെന്നും സംസ്ഥാന കമ്മീഷന്‍ ഉത്തരവിട്ടു.