Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.9688 INR  1 EURO=107.7586 INR
ukmalayalampathram.com
Fri 20th Mar 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
യുദ്ധസജ്ജമായി ഇന്ത്യന്‍ നാവികസേന
reporter

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്ഥാനുമായുള്ള സംഘര്‍ഷാവസ്ഥ മൂര്‍ച്ഛിച്ചിരിക്കെ, യുദ്ധക്കപ്പലുകളുടെ ചിത്രം പങ്കുവെച്ച് ഇന്ത്യന്‍ നാവികസേന. 'ഒരു ദൗത്യവും അകലെയല്ല, ഒരു കടലും അത്ര വലുതുമല്ല' എന്ന കുറിപ്പോടെയാണ് പൂര്‍ണസജ്ജമായ യുദ്ധകപ്പലുകളുടെ ചിത്രങ്ങള്‍ സഹിതം നാവികസേന എക്‌സില്‍ പങ്കുവെച്ചത്. അടുത്ത 36 മണിക്കൂറിനുള്ളില്‍ ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കുമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ് ലഭിച്ചതായി പാകിസ്ഥാന്‍ മന്ത്രി അഭിപ്രായപ്പെട്ടിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന് ഉചിതമായ തിരിച്ചടി നല്‍കാന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നലെ നടന്ന ഉന്നതതലയോഗത്തില്‍, സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിരുന്നു. തിരിച്ചടിയുടെ സമയവും ലക്ഷ്യവും രീതിയും സേനകള്‍ക്ക് തീരുമാനിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി യോഗത്തില്‍ അറിയിച്ചതായാണ് വിവരം.

പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സംയുക്ത സേന മേധാവി ജനറല്‍ അനില്‍ ചൗഹാന്‍ എന്നിവരുമായി ഔദ്യോഗിക വസതിയില്‍ പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ഭീകരതയ്ക്ക് കനത്ത പ്രഹരം ഏല്‍പ്പിക്കുക എന്നത് നമ്മുടെ ദൃഢനിശ്ചയമാണെന്നും ഇന്ത്യന്‍ സൈന്യത്തില്‍ തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി യോഗത്തില്‍ വ്യക്തമാക്കി. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ അറബിക്കടലില്‍ നാവികസേന അഭ്യാസപ്രകടനങ്ങള്‍ നടത്തിവരികയായിരുന്നു. മിസൈല്‍ പരീക്ഷണം അടക്കം നടത്തിയായിരുന്നു അഭ്യാസ പ്രകടനങ്ങള്‍. ഏതു തരത്തിലുള്ള നടപടിക്കും സേനകള്‍ സജ്ജമാണെന്ന് കര, വ്യോമ, നാവികസേനാ മേധാവിമാര്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നു. അതിര്‍ത്തിയില്‍ സൈന്യം കര്‍ശന നിരീക്ഷണം നടത്തിവരികയാണ്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി അടക്കം പ്രധാന നഗരങ്ങളില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

 
Other News in this category

 
 




 
Close Window