പ്രായമായവരെ അപേക്ഷിച്ച് യുവാക്കളില്‍ ഉണ്ടാകുന്ന കാന്‍സര്‍ കൂടുതല്‍ അപകടകരമാണെന്ന് ഗ്യാസ്‌ട്രോഎന്‍ട്രോളജിസ്റ്റ് ഡോ. ബൈജു സേനാധിപന്‍. മുന്‍പ് അറുപതും എഴുപതും വയസുകാരില്‍ കണ്ടുവരുന്ന ഉദരസംബന്ധമായ കാന്‍സറുകള്‍ ഇന്ന് മുപ്പതും നാല്‍പ്പതും പ്രായമായ യുവാക്കളില്‍ കണ്ടുവരുന്നു. ഇത്തരം കാന്‍സറുകള്‍ കൂടുതല്‍ ആക്രമണാത്മക പ്രവണത കാണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡിഎന്‍എയിലെ ജീനുകള്‍ക്ക് മ്യൂട്ടേഷന്‍ സംഭവിക്കുന്നതാകാം ഇതിന് കാരണമെന്നാണ് കരുതുന്നത്. ഇത്തരം കാന്‍സര്‍ കോശങ്ങള്‍ പെട്ടെന്ന് മറ്റ് അവയവങ്ങളിലേക്ക് പകരുകയും അതിജീവന സാധ്യത കുറയുകയും ചെയ്യുന്നു. വാര്‍ദ്ധക്യത്തിലെ കാന്‍സര്‍ അത്ര ആക്രമണാത്മകമല്ല. ജീവിതശൈലിയിലും ഭക്ഷണക്രമത്തിലുമുള്ള മാറ്റങ്ങള്‍ മൂലമാകാം ഇത് സംഭവിക്കുന്നത്. ചെറിപ്പക്കാരിലെ കാന്‍സര്‍ അപകടമാണ്. 40 വയസിന് ശേഷം നിര്‍ബന്ധമായും കൊളോനോസ്‌കോപ്പിക്ക് വിധേയമാകണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ചെറുപ്പക്കാരുടെ വികാരമായ പൊറോട്ടയും ബീഫും കാന്‍സര്‍ ഉണ്ടാക്കുന്ന ഒരു പ്രധാന ഘടകമാണ്. പൊറോട്ട ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന മൈദയില്‍ കാന്‍സറുമായി ബന്ധപ്പെട്ട അലോക്‌സാന്‍ എന്ന സംയുക്തം ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്. ഇത്തരം ഭക്ഷണം പതിവായി കഴിക്കുന്നത് കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്. അതുപോലെ, റെഡ് മീറ്റ് അമിത അളവില്‍ കഴിക്കുന്നത് കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. ഇവയെല്ലാം പാടെ ഉപേക്ഷിക്കണമെന്നല്ല, വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണ കഴിക്കുന്നതില്‍ പ്രശ്‌നമില്ല. പതിവാക്കുന്നതാണ് പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു.
മലയാളികളുടെ ഡയറ്റ് ശ്രദ്ധിച്ചാല്‍ അതില്‍ കാര്‍ബോഹൈഡ്രേറ്റുകളുടെ അളവു കൂടുതലും പ്രോട്ടീന്റെ അളവു കുറവുമായിരിക്കും. കൂടാതെ നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതലായി ഉള്‍പ്പെടുത്തേണ്ടത് പ്രധാനമാണ്. പൊണ്ണത്തടി നിയന്ത്രിക്കേണ്ടതിന് കാര്‍ബോഹൈഡ്രേറ്റ് ഉപഭോഗം കുറയ്ക്കുന്നത് നിര്‍ണായകമാണ്. മലയാളികള്‍ക്ക് ചോറ് വളരെ പ്രിയപ്പെട്ടതാണ്. മുന്‍പ് രണ്ട് നേരം ചേറ് കഴിച്ചുകൊണ്ടിരുന്ന നിരവധി ആളുകള്‍ ചോറ് ഒരു നേരമാക്കിയിട്ടുണ്ട്. ചോറിന് പകരം ചപ്പാത്തിയിലേക്ക് മാറി. എന്നാല്‍ രണ്ടിലും ഏതാണ്ട് ഒരേപോലെ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഭക്ഷണത്തിന്റെ അളവിലാണ് വ്യത്യാസം. ചോറിന്റെ അത്ര അളവില്‍ നമ്മള്‍ ചപ്പാത്തി കഴിക്കുന്നില്ല. അത് കാര്‍ബോഹൈഡ്രേറ്റിന്റെ അളവു കുറയ്ക്കാന്‍ സഹായിക്കുന്നു. മിതത്വമാണ് പ്രധാനം.
സസ്യങ്ങള്‍, മൃഗ ഉല്‍പ്പന്നങ്ങള്‍ എന്നിങ്ങളെ രണ്ട് തരത്തില്‍ പ്രോട്ടീന്‍ ലഭ്യമാണ്. നിലക്കടല, ബദാം, കശുവണ്ടി മുതലായവയില്‍ നിന്ന് ലഭിക്കുന്ന സസ്യ പ്രോട്ടീനുകളില്‍ മിക്കതും നല്ലതാണ്. എന്നാല്‍ ചുവന്ന മാംസത്തിന്റെ അമിത ഉപഭോഗം വിഷമാണ്. ചുവന്ന മാംസം കൂടുതല്‍ അര്‍ബുദകാരിയാണ്. സ്റ്റിറോയിഡുകള്‍ കുത്തിവയ്ക്കാത്ത കോഴിയിറച്ചി കഴിച്ചാല്‍ കുഴപ്പമില്ല. സസ്യാഹാരം നല്ലൊരു ജീവിതശൈലിയാണ്. എന്നാല്‍ സസ്യാഹാരികള്‍ക്ക് കാന്‍സര്‍ വരില്ലെന്ന് പറയാനാകില്ല. അതുപോലെ മാംസാഹാരികള്‍ക്ക് കാന്‍സര്‍ വരണമെന്ന് നിര്‍ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.