കേരളത്തിന്റെ ആരോഗ്യ സംരക്ഷണ നിലവാരം ഉയര്‍ന്നതാണെങ്കിലും, പ്രസവാനന്തര രക്തസ്രാവം (postpartum haemorrhage -പിപിഎച്ച്) സംസ്ഥാനത്തെ മാതൃമരണങ്ങളുടെ നേരിട്ടുള്ള പ്രധാന കാരണമായി തുടരുന്നു എന്ന് കേരള ഫെഡറേഷന്‍ ഓഫ് ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജിയുടെ മാതൃമരണങ്ങള്‍ സംബന്ധിച്ച അവലോകനം പറയുന്നു.. പ്രസവത്തിനു ശേഷമുള്ള അമിത രക്തസ്രാവം അഥവാ പിപിഎച്ച് പ്രധാന ആശങ്കയായി തുടരുന്നു - എന്നാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലമുണ്ടാകുന്ന ഗര്‍ഭകാല പ്രശ്‌നങ്ങളും സെപ്‌സിസും (sepsis) ഇതില്‍ പ്രധാന പങ്കു വഹിക്കുന്നുണ്ടെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
കേരളത്തില്‍ 2020 നും 2024 നും ഇടയില്‍ രേഖപ്പെടുത്തിയ 609 മാതൃമരണങ്ങളില്‍ 70 എണ്ണം ഗര്‍ഭ സംബന്ധമായുണ്ടായ രക്തസ്രാവം മൂലമാണ്, ഇതില്‍ അഞ്ച് കേസുകളില്‍ ആശുപത്രി പരിചരണത്തിലേക്കുള്ള യാത്രാമധ്യേ സ്ത്രീകള്‍ മരിച്ചു. 2021 മുതല്‍ 2024 വരെ മാത്രം രേഖപ്പെടുത്തിയ 522 മാതൃമരണങ്ങളില്‍ 38 എണ്ണം ഗര്‍ഭകാലത്തെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലമാണ്, (പ്രീക്ലാമ്പ്‌സിയ -preeclampsia) പോലുള്ളവ - രക്തസ്രാവം കഴിഞ്ഞാല്‍ പിന്നെ കൂടുതല്‍ മാതൃമരണം സംഭവിക്കുന്ന രണ്ടാമത്തെ കാരണമാണിത്. ഈ 38 രക്താതിസമ്മര്‍ദ്ദ കേസുകളില്‍ 22 എണ്ണം എക്ലാമ്പ്‌സിയയിലേക്ക് (ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള ഗര്‍ഭിണികളില്‍ അപസ്മാരം ഉണ്ടാകുന്ന ഗുരുതരമായ അവസ്ഥ) മാറിയതായി ഈ അവലോകനം വ്യക്തമാക്കുന്നു. കൂടാതെ, 13 കേസുകള്‍ ഹെല്‍പ് സിന്‍ഡ്രോമുമായി (HELLP syndrome- പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയുക,ചുവന്ന രക്താണുക്കളെയും കരളിലെ എന്‍സൈമുകളെയും ബാധിക്കുക പോലുള്ളവ) ബന്ധപ്പെട്ടിരിക്കുന്നു, ഇത് രക്താതിസമ്മര്‍ദ്ദ ഗര്‍ഭാവസ്ഥയിലെ തകരാറിന്റെ ഒരു വകഭേദമായി കണക്കാക്കപ്പെടുന്നു, ഇത് ജീവന്‍ അപകടപ്പെടുത്തുന്ന ഒരു സങ്കീര്‍ണതയാണ്.
ഈ നാല് വര്‍ഷകാലയളവിലെ 522 മരണങ്ങളില്‍ 16 എണ്ണത്തിലും മാതൃ സെപ്‌സിസ് (Maternal sepsis- ഗര്‍ഭകാലത്തെ അണുബാധ മൂലം ജീവന് ഭീഷണിയായ അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കല്‍) - പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. 'മാതൃമരണങ്ങളുടെ ഏറ്റവും പൊതുവായ കാരണം പിപിഎച്ച് ആണ്. എന്നാല്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലമുള്ള ഗര്‍ഭകാല വൈകല്യങ്ങളും സെപ്സിസും അപകടകരമായി ഉയര്‍ന്നുവരുന്ന പ്രവണതകളായി മാറിയിരിക്കുന്നു. മുന്‍കാലങ്ങളില്‍ യുവതികളില്‍ അപൂര്‍വമായിരുന്ന ഉയര്‍ന്ന രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്ന പ്രവണത കാണുന്നു.'അനാരോഗ്യകരമായ ജീവിതശൈലി, ഭക്ഷണക്രമം, വ്യായാമക്കുറവ്, സമ്മര്‍ദ്ദം എന്നിവ ഇതിന് കാരണമാകാം,' എന്ന് തിരുവനന്തപുരം വനിതാ ശിശു ആശുപത്രിയിലെ സീനിയര്‍ ഗൈനക്കോളജിസ്റ്റ് ഡോ. ലീമ ആര്‍ പറഞ്ഞു.
'പ്രീക്ലാമ്പ്‌സിയ രോഗികളില്‍ മരണത്തിന് പൊതുവില്‍ കാരണമായ സെറിബ്രല്‍ ഹെമറേജ് പോലുള്ള സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് സമയബന്ധിതവും ഫലപ്രദവുമായ മാനേജ്‌മെന്റ് നിര്‍ണായകമാണ്. പതിവ് നിരീക്ഷണവും ഉചിതമായ ചികിത്സയും അത്യാവശ്യമാണ്.' 'പ്രസവാനന്തര അണുബാധകള്‍ മൂലമാകാം ഇത്, അതിനാല്‍ ഗര്‍ഭകാലം മുഴുവന്‍ ശുചിത്വം പാലിക്കേണ്ടത് നിര്‍ണായകമാണ്. വര്‍ദ്ധിച്ചുവരുന്ന പ്രതിരോധം കാരണം സാധാരണ ആന്റിബയോട്ടിക്കുകള്‍ ഫലപ്രദമല്ലാത്ത കൂടുതല്‍ കേസുകള്‍ ഞങ്ങള്‍ കാണുന്നു. ഈ മേഖലയ്ക്ക് കൂടുതല്‍ ഗവേഷണം ആവശ്യമാണ്.' എന്ന് സെപ്‌സിസിനെക്കുറിച്ച് , പറഞ്ഞ ഡോ. ലീമ ശക്തമായ രോഗനിര്‍ണയ പ്രോട്ടോക്കോളുകളും വേഗത്തിലുള്ള ഇടപെടലുകളും വളരെ പ്രധാനമാണെന്നും വ്യക്തമാക്കി.
പ്രസവസമയത്ത് ശരിയായ രീതിയില്‍ പ്രസവ ചികിത്സ നടത്തുക എന്നതാണ് മാതൃമരണ നിരക്ക് കുറയ്ക്കുന്നതിനുള്ള പ്രധാന മാര്‍ഗം എന്നാണ് സീനിയര്‍ ഗൈനക്കോളജിക്കല്‍ സര്‍ജനായ ഡോ. ഉണ്ണികൃഷ്ണന്‍ പറയുന്നു, 'പ്രസവസമയത്തെ ചികിത്സയിലൂടെ പിപിഎച്ച് പലപ്പോഴും തടയാന്‍ കഴിയും. എന്നാല്‍ ഇതിന് വൈദഗ്ധ്യമുള്ളവര്‍, ശരിയായ ഉപകരണങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ആവശ്യമാണ്,' അദ്ദേഹം പറഞ്ഞു. താലൂക്ക് ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഈ സൗകര്യം വേണമെന്ന് തദ്ദേശ പ്രതിനിധികള്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇത് എല്ലായ്‌പ്പോഴും പ്രായോഗികമല്ല. 'ഗര്‍ഭകാല പരിചരണത്തിന് കൃത്യത ആവശ്യമാണ്. ഒരു ചെറിയ പിഴവ് പോലും ഒരു ജീവന്‍ നഷ്ടപ്പെടുത്തും. നിര്‍ഭാഗ്യവശാല്‍, മിക്ക താലൂക്ക് ആശുപത്രികളിലും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും പരിശീലനം ലഭിച്ച ജീവനക്കാരും ഇല്ല. ഈ സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് മുന്‍ഗണന നല്‍കണം,' അദ്ദേഹം അഭിപ്രായപ്പെട്ടു.