തിരുവനന്തപുരം ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന വലിയൊരു കുതിപ്പിന് തയ്യാറെടുക്കുകയാണ് കേരളത്തിലെ ഐ ടി പാര്‍ക്കുകള്‍. ഐ ടി, ഐ ടി ഇ എസ് മേഖലയിലെ മുപ്പതോളം ബഹുരാഷ്ട്ര കമ്പനികള്‍ കേരളത്തില്‍ അവരുടെ ഗ്ലോബല്‍ കേപ്പബിലിറ്റി സെന്ററുകള്‍ സ്ഥാപിക്കാനായി സര്‍ക്കാരുമായി ചര്‍ച്ചയിലാണ്. കോംപ്ലൈ (COMPLY), ജയിന്റ് ഈഗിള്‍ (GIANT EAGLE), മൈക്രോപോളിസ് (MICROPOLIS) പോലുള്ള പ്രമുഖ കമ്പനികളും ഇവയില്‍പ്പെടുന്നു. ബഹുരാഷ്ട്ര കമ്പനികള്‍ തങ്ങള്‍ക്ക് വേണ്ടുന്ന മനുഷ്യവിഭവശേഷി ലഭിക്കുന്ന സ്ഥലങ്ങളില്‍ സ്ഥാപിക്കുന്ന കേന്ദ്രങ്ങളാണ് ഗ്ലോബല്‍ കേപ്പബിലിറ്റി സെന്റര്‍ അഥവാ ജി സി സി. വന്‍ തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ജി സി സി കളെ ആകര്‍ഷിക്കാനായി സംസ്ഥാന സര്‍ക്കാരുകള്‍ മത്സരിക്കുന്ന കാഴ്ചയാണിന്ന് ഇന്ത്യയില്‍. 2030 ആകുമ്പോഴേക്കും ജി.സി.സി കള്‍ ഇന്ത്യയില്‍ 30 ലക്ഷം പേര്‍ക്ക് തൊഴില്‍ കൊടുക്കുമെന്നാണ് അടുത്തിടെ പുറത്തിറങ്ങിയ ഫസ്റ്റ് മെറിഡിയന്‍ ബിസിനസ് സര്‍വീസസിന്റെ റിപ്പോര്‍ട്ടിലെ അനുമാനം. 2026 ല്‍ മാത്രം 1.5 ലക്ഷം തൊഴിലുകളാണ് സൃഷ്ടിക്കപ്പെടുക.
കേരള സര്‍ക്കാര്‍ രൂപം കൊടുത്ത ഹൈപവര്‍ ഐ ടി കമ്മറ്റിയും, എച്ച്.ആര്‍. ഏജന്‍സികളുടെ കണ്‍സോര്‍ഷ്യവുമാണ് വിവിധ കമ്പനികളുമായുള്ള ചര്‍ച്ചകള്‍ നടത്തുന്നത്. ഇവയില്‍ പുതിയ കമ്പനികളും, നിലവിലുള്ള ജി.സി.സി. കളെ വിപുലീകരിക്കാന്‍ താല്പര്യമുള്ള കമ്പനികളും ഉള്‍പ്പെടുമെന്ന് സംസ്ഥാന ഐ ടി സെക്രട്ടറി സാംബശിവ റാവു പറഞ്ഞു. നിരവധി പ്രമുഖ കമ്പനികള്‍ ഇതിനകം കേരളത്തില്‍ അവരുടെ ജിസിസികള്‍ സ്ഥാപിച്ചിട്ടുണ്ട്. സാങ്കേതികവിദ്യ, മനുഷ്യവിഭവശേഷി എന്നിവയില്‍ സംസ്ഥാനത്തിന്റെ സാധ്യതകളെ അവരുടെ സാന്നിദ്ധ്യം ഉറപ്പിക്കുന്നുവെന്ന് സാംബശിവ റാവു ചൂണ്ടിക്കാട്ടി.
ഐടി പാര്‍ക്കുകളില്‍ അത്യാധുനിക സൗകര്യങ്ങളുള്ള കേന്ദ്രമാണ് കേരളം എന്ന് ഏഷ്യയിലെ ഏറ്റവും വലിയ ഐടി പാര്‍ക്കായ ടെക്‌നോപാര്‍ക്കിന്റെ സിഇഒ സഞ്ജീവ് നായര്‍ പറയുന്നു. ഏകദേശം 72,000 പ്രൊഫഷണലുകള്‍ ഇവിടെ ജോലി ചെയ്യുന്നു. 'ഐബിഎം, അലയന്‍സ്, നിസ്സാന്‍ ഡിജിറ്റല്‍, ഇവൈ, എന്‍ഒവി, ഇന്‍സൈറ്റ്, എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക്, ഇക്വിഫാക്‌സ്, ആക്‌സെഞ്ചര്‍, ഗൈഡ്ഹൗസ്, ഐക്കണ്‍, സഫ്രാന്‍, ആര്‍എം എഡ്യൂക്കേഷന്‍ തുടങ്ങിയ കമ്പനികളുടെ ജിസിസി സാന്നിധ്യം സംസ്ഥാനത്ത് ഇതിനകം തന്നെയുണ്ട്, കൂടാതെ കൂടുതല്‍ ജിസിസികളെ ഉള്‍ക്കൊള്ളാന്‍ തയ്യാറാണ്,' അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, ഐടി അധിഷ്ഠിത ബിസിനസുകളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങള്‍ പ്രധാനമായും പ്രതിഭയുള്ള പ്രൊഫഷണലുകള്‍, ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍, ശക്തമായ ഒരു സ്റ്റാര്‍ട്ടപ്പ് സംവിധാനം എന്നിവയാണ്. 'സംസ്ഥാനം ഒരു പ്രോഡക്ട് എഞ്ചിനീയറിംഗ് കേന്ദ്രമായി മാറുകയാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ മികച്ച ഐടി പാര്‍ക്കുകള്‍ ഉണ്ട്. എപിജെ അബ്ദുള്‍ കലാം സാങ്കേതിക യൂണിവേഴ്‌സിറ്റി, ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി , ഐസിടി അക്കാദമി ഓഫ് കേരള, എന്നിവയുമായി ബന്ധപ്പെട്ട് മികച്ച അക്കാദമിക്-വ്യവസായ ബന്ധത്തെ അടിസ്ഥാനമാക്കിയുള്ള പ്രതിഭാ ലഭ്യതയുണ്ട്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ കീഴില്‍ മികച്ച സ്റ്റാര്‍ട്ടപ്പ് സാഹചര്യമാണ് മറ്റൊരു പ്രത്യേകത,' അദ്ദേഹം പറഞ്ഞു.