Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.9688 INR  1 EURO=107.7586 INR
ukmalayalampathram.com
Fri 20th Mar 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ദൈവദാസന്‍ ബിഷപ്പ് മാര്‍ മാത്യൂ മാക്കീല്‍ ധന്യന്‍ പദവിയിലേക്ക്
reporter

ദൈവദാസന്‍ ബിഷപ് മാര്‍ മാത്യു മാക്കീലിനെ ധന്യന്‍ പദവയിലേക്ക് ഉയര്‍ത്താന്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ അനുമതി ലഭിച്ചു. തുടര്‍ന്ന് ഇതു സംബന്ധിച്ച ഉത്തരവ് കര്‍ദ്ദിനാള്‍ മാര്‍ച്ചെല്ലല്ലോ സെമരാറോ പ്രസിദ്ധീകരിച്ചു. വിശുദ്ധരുടെ നാമകരണച്ചടങ്ങുകള്‍ക്കായുള്ള വത്തിക്കാന്‍ മെത്രാന്‍സംഘത്തിന്റെ അധ്യക്ഷനാണ് കര്‍ദിനാള്‍ മര്‍ച്ചെല്ലോ. പുതിയ പോപ്പായി സ്ഥാനമേറ്റ് ഒരു ആഴ്ചയ്ക്കുള്ളിലാണ്,ഇന്ത്യന്‍ ബിഷപ്പ് മാത്യു മാക്കിലിന് (Bishop Makil) പുറമെ കൊളംബിയന്‍ കന്യാസ്ത്രീ ആഗ്‌നീസ് അരാംഗോ വെലാസ്‌ക്വസ്, സ്പാനിഷ് ബിഷപ്പ് അലസ്സാന്ദ്രോ ലബാക്ക ഉഗാര്‍ട്ടെ എന്നിവരെ ധന്യ പദവിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള കല്‍പ്പന പ്രഖ്യാപിക്കാന്‍ ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ അംഗീകാരം നല്‍കിയത്. മാര്‍ മാക്കീല്‍ 2009-ലാണ് ദൈവദാസ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടത്. സെന്റ് തോമസ് സ്ഥാപിച്ച സമൂഹത്തിന്റെ പിന്‍ഗാമികളായി കരുതുന്ന 'വടക്കന്‍ ജനത'ക്കും മെസൊപ്പൊട്ടേമിയന്‍ കുടിയേറ്റക്കാരുടെ പിന്‍ഗാമികളായി കണക്കാക്കുന്നവരായ 'തെക്കന്‍ ജനത'ക്കും ഇടയില്‍ സൗഹൃദം സ്ഥാപിക്കാന്‍ പ്രവര്‍ത്തിച്ച അദ്ദേഹം സമാധാനത്തിന്റെ ശില്‍പ്പി എന്നറിയപ്പെട്ടു. ചങ്ങനാശേരി ഇടവകയെ രണ്ട് വ്യത്യസ്ത വികാരിയേറ്റുകളായി വിഭജിക്കാന്‍ 1911-ല്‍ അദ്ദേഹം നിര്‍ദ്ദേശം സമര്‍പ്പിച്ചു : ഒന്ന് 'തെക്കന്‍ ജനതയ്ക്കും' മറ്റൊന്ന് 'വടക്കന്‍ ജനതയ്ക്കും'. പയസ് പത്താമന്‍ മാര്‍പ്പാപ്പ ഈ നിര്‍ദ്ദേശം അംഗീകരിക്കുകയും 'തെക്കന്‍ ജനതയ്ക്കായി' കോട്ടയം വികാരിയേറ്റ് രൂപീകരിക്കുകയും അതിന്റെ നേതൃത്വം മാര്‍ മാക്കീലിനെ ഏല്‍പ്പിക്കുകയും ചെയ്തു.

കോട്ടയത്തെ മാഞ്ഞൂരില്‍ 1851 മാര്‍ച്ച് 27 ന് ജനിച്ച അദ്ദേഹം 1865-ല്‍ 14-ാം വയസ്സില്‍ വൈദികനായി. 1889-ല്‍ കോട്ടയം വികാരി ജനറലായി നിയമിക്കപ്പെട്ടു. മൂന്ന് വര്‍ഷത്തിന് ശേഷം, അദ്ദേഹം സിസ്റ്റേഴ്സ് ഓഫ് ദി വിസിറ്റേഷന്‍ ഓഫ് ദി ബ്ലെസ്ഡ് വിര്‍ജിന്‍ മേരി എന്ന സന്യാസിനീ സമൂഹം സ്ഥാപിച്ചു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസമായിരുന്നു അവരുടെ പ്രധാന ദൗത്യം. വികാരി ജനറല്‍ എന്ന നിലയില്‍, അദ്ദേഹം ക്‌നാനായ സ്ത്രീകളുടെ ആത്മീയ ജീവിതം, വിദ്യാഭ്യാസം, ഉന്നമനം എന്നിവയില്‍ വളരെയധികം താല്പര്യം കാണിച്ചിരുന്നു. 1896-ല്‍ ലിയോ പതിമൂന്നാമന്‍ മാര്‍പ്പാപ്പ രണ്ട് സീറോ-മലബാര്‍ വികാരിയേറ്റുകളെ തൃശൂര്‍, എറണാകുളം, ചങ്ങനാശേരി എന്നിങ്ങനെ മൂന്നായി പുനഃസംഘടിപ്പിച്ച് തദ്ദേശീയ ബിഷപ്പുമാരെ നിയമിച്ചപ്പോള്‍, 1896 ഒക്ടോബര്‍ 25-ന് മാര്‍ മാക്കിലിനെ ചങ്ങനാശേരി വികാരി അപ്പസ്‌തോലിക്കയായും നിയമിച്ചു.

തിരുവിതാംകൂറിലെ കത്തോലിക്കര്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് സൗകര്യങ്ങളൊന്നുമില്ലാതിരുന്നതിനാല്‍, ചങ്ങനാശ്ശേരി വികാരിയേറ്റ് അന്ന് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നെങ്കിലും, മാര്‍ മാക്കീല്‍, സെന്റ് ബെര്‍ക്ക്മാന്‍സ് സ്‌കൂളിന് സര്‍ക്കാര്‍ അംഗീകാരം നേടി. മതബോധനം, സ്‌കൂള്‍ വിദ്യാഭ്യാസം, മതസംഘടനകളുടെയും അസോസിയേഷനുകളുടെയും രൂപീകരണം, അക്കാലത്ത് സമൂഹത്തെ ഏറെ ബാധിച്ചിരുന്ന ദാരിദ്ര്യത്തിനെതിരായ പോരാട്ടം എന്നിവയില്‍ അദ്ദേഹം സജീവമായി. സമര്‍പ്പിത ജീവിതത്തിലേക്കുള്ള ദൈവവിളിയെയും അദ്ദേഹം പ്രോത്സാഹിപ്പിച്ചു. ശാന്തതയും അനുരഞ്ജന മനോഭാവവും കൊണ്ട്, 'വടക്കന്‍' വിഭാഗത്തിനും 'തെക്കന്‍' വിഭാഗത്തിനും ഇടയില്‍ സമാധാനം സ്ഥാപിക്കാന്‍ മാര്‍ മാക്കില്‍ അക്ഷീണം പ്രവര്‍ത്തിച്ചു. അസുഖത്തെത്തുടര്‍ന്ന് 1914 ജനുവരിയില്‍ മരിക്കുന്നതുവരെ അദ്ദേഹം മിഷനറി പ്രവര്‍ത്തനങ്ങള്‍ക്കായി ജീവിതം പൂര്‍ണ്ണമായും സമര്‍പ്പിച്ചു. ജീവിതത്തിന്റെ വിവിധ മേഖലകളിലുമുള്ളവര്‍ അദ്ദേഹത്തെ വിശുദ്ധനായി കണക്കാക്കുകയും കോട്ടയത്തെ എടക്കാട് ഫൊറോന പള്ളിയിലെ അദ്ദേഹത്തിന്റെ ശവകുടീരം സന്ദര്‍ശിക്കുകയും ചെയ്യുന്നു. ഇക്വഡോറിലെ മഴക്കാടുകളിലെ തദ്ദേശീയ ജനതയുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടിയാണ് സിസ്റ്റര്‍ വെലാസ്‌ക്വസും ബിഷപ്പ് ഉഗാര്‍ട്ടെയും മരിച്ചത്.

 
Other News in this category

 
 




 
Close Window