എംഎസ്സി എല്‍സ 3 ( MSC Elsa 3)എന്ന കപ്പല്‍ മറിഞ്ഞതിനെ തുടര്‍ന്ന്, ബങ്കറില്‍ സൂക്ഷിച്ചിരുന്ന ഇന്ധനം (കപ്പലില്‍ ഉപയോഗിക്കുന്ന ഇന്ധനം) ചോര്‍ന്നൊലിക്കാന്‍ തുടങ്ങി, അതേസമയം കടലില്‍ നഷ്ടപ്പെട്ട 100 ഓളം കണ്ടെയ്നറുകള്‍ തെക്ക്-പടിഞ്ഞാറന്‍ ദിശയിലേക്ക് കരയിലേക്ക് നീങ്ങി. കപ്പലില്‍ ഉണ്ടായിരുന്ന 640 കണ്ടെയ്നറുകളില്‍ 500 ലധികം കണ്ടെയ്‌നറുകള്‍ മുങ്ങി. അറബിക്കടല്‍ വളരെ പ്രക്ഷുബ്ധമായതിനാല്‍, മണ്‍സൂണ്‍ അവസാനിക്കുന്ന സെപ്റ്റംബര്‍ പകുതി വരെ കണ്ടെയ്നറുകള്‍ വീണ്ടെടുക്കാന്‍ കഴിയില്ലെന്ന് വിദഗ്ദ്ധര്‍ പറയുന്നു. 'തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കാരണം അറബിക്കടല്‍ വളരെ പ്രക്ഷുബ്ധമാണ്. കാറ്റും ഒഴുക്കും തെക്ക് പടിഞ്ഞാറ് ദിശയിലേക്കാണ്. എണ്ണ ചോര്‍ച്ച തടയുന്നതിന് ഇന്ത്യന്‍ നാവികസേനയും തീരസംരക്ഷണ സേനയും നടപടികള്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്,' കേരള ഇന്‍ലാന്‍ഡ് വെസല്‍സിന്റെ ആലപ്പുഴ തുറമുഖ ഉദ്യോഗസ്ഥനും രജിസ്‌ട്രേഷന്‍ അതോറിറ്റിയുമായ ക്യാപ്റ്റന്‍ ജിസ്‌മോന്‍ ജേക്കബ് പറഞ്ഞു. എണ്ണ ചോര്‍ച്ചയ്ക്കും പരിസ്ഥിതി മലിനീകരണത്തിനും വന്‍തുക പിഴയായി ഈടാക്കാന്‍ സാധ്യതയുള്ളതിനാല്‍ കണ്ടെയ്‌നര്‍ ഷിപ്പിങ് കമ്പനിയായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി (എംഎസ്സി) മറ്റൊരു കപ്പല്‍ സ്ഥലത്തേക്ക് കൊണ്ടുവന്ന് ഇന്ധനം വ്യാപിക്കുന്നത് തടയുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി ജിസ്‌മോന്‍ ജേക്കബ് പറഞ്ഞു.
അപകടകരമായ ചരക്കുകള്‍ കയറ്റിയവ ഉള്‍പ്പെടെയുള്ള കണ്ടെയ്നറുകള്‍ മണിക്കൂറില്‍ മൂന്ന് കിലോമീറ്റര്‍ വേഗതയില്‍ കരയിലേക്ക് നീങ്ങുന്നുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്, പ്രത്യേകിച്ച് ആലപ്പുഴയുടെ തീരപ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കരയിലേക്ക് ഒലിച്ചിറങ്ങുന്ന കണ്ടെയ്നറുകളില്‍ നിന്നോ അവശിഷ്ടങ്ങളില്‍ നിന്നോ കുറഞ്ഞത് 200 മീറ്റര്‍ അകലെ നില്‍ക്കണമെന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (കെഎസ്ഡിഎംഎ) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം, എണ്ണ വ്യാപിക്കുന്നത് തടയുന്നതിനായി ഓയില്‍ സ്പില്‍ കണ്ടെയ്ന്‍മെന്റ് ബൂം ടെക്‌നിക് പോലുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് വിദഗ്ധര്‍ പറഞ്ഞു. 'ആദ്യം സ്വീകരിക്കേണ്ട നടപടികളില്‍ ഒന്ന് എണ്ണ ചോര്‍ച്ച തടയലാണ്. ചോര്‍ച്ചയ്ക്ക് സാധ്യതയുള്ള സ്ഥലം സംരക്ഷിക്കുക എന്നതായിരിക്കണം. , എണ്ണ ചോര്‍ച്ച ചോര്‍ച്ച വ്യാപിക്കുന്നത് തടയുന്നതിന് ബൂം ( എണ്ണ വ്യാപിക്കുന്നത് തടയുന്നതിനുള്ള താല്‍ക്കാലികമായതും വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നതുമായ സംവിധാനം),' കൊണ്ടു സാധിക്കുമെന്ന് ദുബായിലെ ക്യാപിറ്റല്‍ ഷിപ്പ് സൊല്യൂഷന്‍സ് ജനറല്‍ മാനേജര്‍ (സര്‍വേ & സര്‍ട്ടിഫിക്കേഷനുകള്‍) ക്യാപ്റ്റന്‍ അഫ്താഫ് ഇബ്രാഹിം സിഎസ്എസ് പറഞ്ഞു. 'കൊച്ചി തീരത്ത് നിന്ന് ഏകദേശം 38 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കപ്പല്‍ മുങ്ങിയത്. സാധാരണയായി 200 മീറ്റര്‍ ആഴത്തിലായിരിക്കും ഇത്. ആ ആഴത്തില്‍ നിന്ന് കണ്ടെയ്നര്‍ വീണ്ടെടുക്കുക എന്നത് ഒരു കഠിനമായ ജോലിയാണ്.'മുങ്ങിപ്പോയ കണ്ടെയ്നറുകള്‍ വീണ്ടെടുക്കുന്നതിനെക്കുറിച്ച്, ബോംബെ തുറമുഖത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന 'ഖാന്‍ഭായ് ഇസൂഫ് ഭായ്' സ്ഥാപനത്തിലെ ഉദ്യോഗസ്ഥനായ അമര്‍ പാല്‍ പറഞ്ഞു,
'കടല്‍ വളരെ പ്രക്ഷുബ്ധമാണ്. അധികൃതര്‍ ഇതിനകം തന്നെ ചുഴലിക്കാറ്റ് മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്, സെപ്റ്റംബര്‍ പകുതി വരെ സ്ഥിതി ഇതുപോലെ തുടരാനാണ് സാധ്യത. അതിനുശേഷം മാത്രമേ മുങ്ങിയ കണ്ടെയ്‌നറുകള്‍ വീണ്ടെടുക്കുന്നതിനുള്ള സര്‍വേ നടത്താന്‍ കഴിയൂ,' അദ്ദേഹം പറഞ്ഞു. കപ്പല്‍ മുങ്ങാന്‍ സാധ്യതയുള്ള കാരണങ്ങള്‍ പ്രധാനമായും ഇവയാകാം, 'എംഎസ്സി എല്‍സ 3' എന്ന കണ്ടെയ്നര്‍ ഫീഡര്‍ കപ്പലിന് 28 വര്‍ഷത്തിലേറെ പഴക്കമുണ്ട്, വര്‍ഷങ്ങളായി ഒമ്പത് പേരുകള്‍ (ഉടമസ്ഥാവകാശം) മാറ്റിയിട്ടുണ്ട്. 'ഒരു ചരക്ക് കപ്പലില്‍ നിന്ന് കണ്ടെയ്‌നര്‍ ഫീഡറാക്കി മാറ്റിയതാണ് കപ്പല്‍. അപകടത്തിന് പ്രധാനമായും രണ്ട് സാധ്യതകളുണ്ട്. ഒന്ന്, കപ്പലിന്റെ പുറംതോടില്‍ വിള്ളല്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടാകാം, കടല്‍ പ്രക്ഷുബ്ധമായതിനാല്‍ സ്ഥിതി കൂടുതല്‍ വഷളായി.' രണ്ടാമതായി, ഒരു കപ്പലിന്റെ സ്വാഭാവിക റോളിങ് ചലനം തിരമാലകളെ നേരിടുന്നതിലൂടെ വര്‍ദ്ധിപ്പിക്കുന്ന പാരാമെട്രിക് റോളിംഗ് അത് നേരിട്ടിരിക്കാം. ഈ സമയത്ത് അത് അല്പം ചരിയുകയും, ശരിയായ രീതിയില്‍ ഉറപ്പിക്കാത്ത കുറച്ച് കണ്ടെയ്നറുകള്‍ കടലില്‍ വീണിരിക്കാം. ഭാരക്കുറവ് കാരണം, കപ്പലിന് സ്ഥിരത നഷ്ടപ്പെട്ട് ലിസ്റ്റിങ് ( കപ്പലിലെ ഭാരക്കുറവ് കൊണ്ട് ഒരു വശം ചരിയുന്നത്) നേരിടേണ്ടി വന്നിരിക്കാം, ''കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ഷിപ്പ് ടെക്‌നോളജി വിഭാഗം പ്രൊഫസര്‍ കെ ശിവപ്രസാദ് പറഞ്ഞു. പാറക്കെട്ടുകള്‍ പോലുള്ള തടസ്സങ്ങളില്‍ ഇടിച്ച് ഒഴുകി നടക്കുന്ന കണ്ടെയ്‌നറുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് അദ്ദേഹം പറഞ്ഞു. ''വെള്ളത്തില്‍ സ്‌ഫോടന ഭീഷണി ഇല്ലെങ്കിലും, കാല്‍സ്യം കാര്‍ബൈഡ് പോലുള്ള വസ്തുക്കളുടെ ചോര്‍ച്ച പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കും. പ്രാദേശിക ജീവജാലങ്ങള്‍ക്കും മത്സ്യബന്ധനത്തിനും ആവാസവ്യവസ്ഥയ്ക്കും വരുത്താവുന്ന നാശനഷ്ടങ്ങള്‍ ദൂരവ്യാപകമായിരിക്കും,'' കേരള ടെക്‌നോളജി യൂണിവേഴ്‌സിറ്റിയുടെ ചുമതലയുള്ള വൈസ് ചാന്‍സലര്‍ കൂടിയായ ശിവപ്രസാദ് പറഞ്ഞു.