ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്‍പ്പടെയുള്ള രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ശനമായ മുന്നറിയിപ്പുമായി അമേരിക്ക. വിദ്യാര്‍ത്ഥി വിസയുടെ നിബന്ധനകള്‍ കര്‍ശനമായി പാലിക്കണമെന്ന് യു എസ് ആവശ്യപ്പെട്ടു. വിസ വ്യവസ്ഥകള്‍ ലംഘിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉടനടി വിസ റദ്ദാക്കല്‍, ഭാവിയിലെ യുഎസ് വിസകള്‍ക്ക് (US Visa)യോഗ്യതയില്ലായ്മ എന്നിവ ഉള്‍പ്പെടെയുള്ള പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ന്യൂഡല്‍ഹിയിലെ യുഎസ് എംബസി മുന്നറിയിപ്പ് നല്‍കി. 'എല്ലായ്പ്പോഴും നിങ്ങളുടെ വിസയുടെ നിബന്ധനകള്‍ പാലിക്കുകയും പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ നിങ്ങളുടെ വിദ്യാര്‍ത്ഥി പദവി നിലനിര്‍ത്തുകയും ചെയ്യുക,' എംബസി ചൊവ്വാഴ്ച പുറത്തിറക്കിയ അറിയിപ്പില്‍ പറഞ്ഞു. 'നിങ്ങള്‍ പഠനം ഉപേക്ഷിക്കുകയോ, ക്ലാസുകള്‍ ഒഴിവാക്കുകയോ, അല്ലെങ്കില്‍ നിങ്ങള്‍ പഠിക്കുന്ന സ്ഥാപനത്തിനെ അറിയിക്കാതെ പഠന പരിപാടി ഉപേക്ഷിക്കുകയോ ചെയ്താല്‍, നിങ്ങളുടെ വിദ്യാര്‍ത്ഥി വിസ റദ്ദാക്കപ്പെടാം, ഭാവിയിലെ യുഎസ് വിസകള്‍ക്കുള്ള യോഗ്യത നിങ്ങള്‍ക്ക് നഷ്ടപ്പെട്ടേക്കാം,' അറിയിപ്പില്‍ പറഞ്ഞു.
അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നിര്‍ദ്ദേശം. ശരിയായ രീതിയില്‍ അറിയിപ്പ് നല്‍കാതെ അക്കാദമിക് പ്രോഗ്രാമുകളില്‍ നിന്ന് പുറത്തുപോകുന്നതോ, ക്ലാസുകള്‍ ഒഴിവാക്കുന്നതോ, സര്‍വകലാശാലകള്‍ വിടുന്നതോ ആയ വിദ്യാര്‍ത്ഥികള്‍ അവരുടെ വിസാ നിബന്ധനകളുടെ നേരിട്ടുള്ള ലംഘനമാണ് നടത്തുന്നതെന്ന് യു എസ് എംബസി വ്യക്തമാക്കുന്നു. അത്തരം പ്രവര്‍ത്തനങ്ങള്‍ അവരുടെ F-1 വിസ പദവി ഉടനടി അവസാനിപ്പിക്കുന്നതിലേക്ക് നയിച്ചേക്കാം, ഇത് യുഎസിലെ അവരുടെ നിയമപരമായ താമസത്തെ അപകടത്തിലാക്കുകയും ഭാവിയിലെ പഠനത്തെയോ ഇമിഗ്രേഷന്‍ ആനുകൂല്യങ്ങളെയോ ബാധിക്കുകയും ചെയ്‌തേക്കാം.
ഇന്റര്‍നാഷണല്‍ എഡ്യൂക്കേഷണല്‍ എക്‌സ്‌ചേഞ്ചിനെക്കുറിച്ചുള്ള ഓപ്പണ്‍ ഡോര്‍സ് 2024 റിപ്പോര്‍ട്ട് അനുസരിച്ച്, 2023-2024 അധ്യയന വര്‍ഷത്തില്‍ യുഎസ് കോളേജുകളിലും സര്‍വകലാശാലകളിലും ചേര്‍ന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മൊത്തം 1,126,690 വിദേശ വിദ്യാര്‍ത്ഥികള്‍ യു എസ്സില്‍ പഠിക്കുന്നു, മുന്‍ വര്‍ഷത്തേക്കാള്‍ ഏഴ് (7%) ശതമാനം വര്‍ദ്ധനവനാവാണിത്. ഈ കാലയളവില്‍ പഠനത്തിനായി ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പോയിട്ടുള്ളത് ഇന്ത്യ നിന്നാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു, ഈ കാലയളവില്‍ 331,602 വിദ്യാര്‍ത്ഥികളാണ് ഇന്ത്യയില്‍ നിന്നും ഉന്നത വിദ്യാഭ്യാസത്തിനായി യുഎസിലേക്ക് പോയത്. മുന്‍ അധ്യയന വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് 23% വര്‍ദ്ധനവാണ്.
നിയമങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെടുന്നത് ട്രംപ് ഭരണകൂടത്തിന് കീഴില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. മോശം അക്കാദമിക് പ്രകടനം, അനധികൃതമായി ഹാജരാകാതിരിക്കല്‍, അല്ലെങ്കില്‍ യു എസ്സില്‍ പഠിക്കുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ജോലിചെയ്യാനുള്ള അവസരം നല്‍കുന്ന ദി ഓപ്ഷണല്‍ പ്രാക്ടിക്കല്‍ ട്രെയിനിങ് (The Optional Practical Training- OPT )പ്രകാരം തൊഴില്‍ ചെയ്യുന്ന കാര്യം റിപ്പോര്‍ട്ട് ചെയ്യാതിരിക്കല്‍ തുടങ്ങിയ ലംഘനങ്ങള്‍ നാടുകടത്തലിലേക്കും ജോലി അനുമതിക്കുള്ള അംഗീകാരം അവസാനിപ്പിക്കുന്നതിലേക്കും നയിച്ചേക്കാം. കൂടാതെ, അത്തരം ലംഘനങ്ങള്‍ H-1B, L-1, അല്ലെങ്കില്‍ ഗ്രീന്‍ കാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള ഭാവി വിസ അപേക്ഷകളുടെ അംഗീകാരം ലഭിക്കുന്നതിന് പ്രതികൂലമാകാം.
ഈ മാസം ആദ്യം, യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐസിഇ) ഏജന്‍സിയും ഒപിടി (OPT )യിലെ വിദ്യാര്‍ത്ഥികളെ അവരുടെ ഒപിടി കാലയളവ് ആരംഭിച്ച് 90 ദിവസത്തിനുള്ളില്‍ അവരുടെ തൊഴില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഓര്‍മ്മിപ്പിച്ചിരുന്നു. ഇത് പാലിക്കാതിരുന്നാല്‍ യുഎസിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ ട്രാക്ക് ചെയ്യുന്ന സ്റ്റുഡന്റ് ആന്‍ഡ് എക്‌സ്‌ചേഞ്ച് വിസിറ്റര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തില്‍ (SEVIS) അവരുടെ റെക്കോര്‍ഡ് സ്വയമേവ റദ്ദാക്കുന്നതിന് കാരണമാകും.
കുടിയേറ്റ നയങ്ങള്‍ കൂടുതല്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാകുന്ന സമയത്താണ് ഈ മുന്നറിയിപ്പ് വരുന്നത്. ട്രംപ് ഭരണകൂടം അനധികൃത കുടിയേറ്റത്തിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിച്ച സമയത്ത്, വിസ സങ്കീര്‍ണതകള്‍ ഉണ്ടാകുമെന്നോ അല്ലെങ്കില്‍ വീണ്ടും പ്രവേശനം നിഷേധിക്കപ്പെടുമെന്നോ ഭയന്ന് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ രാജ്യത്തിന് പുറത്തേക്കുള്ള യാത്ര ഒഴിവാക്കാന്‍ നിരവധി യുഎസ് കോളേജുകള്‍ നേരത്തെ ഉപദേശിച്ചിരുന്നു.