തിരുവനന്തപുരം: വയനാട് മുണ്ടക്കൈ - ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിത പ്രദേശത്തിന്റെ പുനര്‍നിര്‍മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 206.56 കോടി രൂപ അപര്യാപ്തമാണെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട 2000 കോടിയുടെ പുനര്‍നിര്‍മാണ ഫണ്ടിന് മറുപടിയായി കേന്ദ്രം അനുവദിച്ചത് 260 കോടിയോളം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ദുരന്തം നടന്നത് അഞ്ച് മാസത്തിന് മുമ്പായിട്ടും ഇത് എല്‍ 3 വിഭാഗത്തില്‍പ്പെടുന്ന വലിയ ദുരന്തമാണെന്ന് കേന്ദ്രം ഔദ്യോഗികമായി അംഗീകരിച്ചില്ല. ഇതിലൂടെ ലഭിക്കേണ്ട സഹായങ്ങള്‍ സംസ്ഥാനത്തിന് നിഷേധിക്കപ്പെട്ടുവെന്നും മന്ത്രി ആരോപിച്ചു. 1222 കോടിയുടെ നഷ്ടം രേഖപ്പെടുത്തി നിവേദനം നല്‍കിയെങ്കിലും ഒരു രൂപ പോലും ലഭിച്ചില്ല. 2221.03 കോടിയുടെ പുനര്‍നിര്‍മാണ ഫണ്ടിന് അപേക്ഷിച്ച സാഹചര്യത്തിലാണ് ഇപ്പോള്‍ 206.56 കോടി അനുവദിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തോട് കേന്ദ്രം കാണിക്കുന്ന അവഗണനയുടെ ഉദാഹരണമാണ് ഈ ഫണ്ടിന്റെ കുറവെന്നും ദുരിതബാധിതരുടെ കടം എഴുതിതള്ളാന്‍ പോലും കേന്ദ്രം തയ്യാറാകുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. കേരളത്തിന് അര്‍ഹമായ സഹായം ലഭിച്ചില്ലെന്ന് ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍ ആരോപിച്ചു. സമയബന്ധിതമായ ഇടപെടല്‍ ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ 9 സംസ്ഥാനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ 4654.60 കോടി രൂപയുടെ ദുരന്ത നിവാരണ ഫണ്ട് അനുവദിച്ച സാഹചര്യത്തിലാണ് വയനാട് ദുരന്തത്തേയും പരിഗണിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള ഉന്നതതല സമിതിയാണ് ഫണ്ട് അനുവദിച്ചത്.