ഗാസ സിറ്റി: ഗാസയില്‍ സമാധാനം കൊണ്ടുവരാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ട് വച്ച 20 ഇന വെടിനിര്‍ത്തല്‍ പദ്ധതി അംഗീകരിച്ച് ഹമാസ്. ഇസ്രയേല്‍ ബന്ദികളെ മോചിപ്പിക്കല്‍, പലസ്തീന്‍ ഭരണം വിദഗ്ധ സമിതിക്ക് കൈമാറല്‍ തുടങ്ങിയ പ്രധാന ഘടകങ്ങള്‍ ഹമാസ് അംഗീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സായുധ സംഘടനയായ ഹമാസിന്റെ നിരായുധീകരണം ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളിലേക്കുള്ള നിലപാട് വ്യക്തമല്ലെങ്കിലും, തുടര്‍ചര്‍ച്ചകള്‍ മധ്യസ്ഥരുടെ മുഖേന തുടരാമെന്ന് ഹമാസ് അറിയിച്ചു. ഹമാസിന്റെ നിലപാടിനെ ട്രംപ് സ്വാഗതം ചെയ്തു. ''പശ്ചിമേഷ്യയ്ക്ക് പ്രത്യേകതയുള്ള ദിനം'' എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ഹമാസ് സമാധാനത്തിന് തയ്യാറാണെന്ന് വിശ്വസിക്കുന്നതായും ട്രംപ് വ്യക്തമാക്കി.
ഈ സാഹചര്യത്തില്‍ ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണം ഉടന്‍ നിര്‍ത്തണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. യുഎസ് സമയം ഞായറാഴ്ച വൈകിട്ട് ആറ് മണിക്കകം 20 ഇന പദ്ധതിയില്‍ നിലപാട് അറിയിക്കണമെന്ന് ട്രംപ് ഹമാസിന് അന്ത്യശാസനം നല്‍കിയിരുന്നു. ''ഹമാസിനുള്ള അവസാന അവസരം'' എന്ന താക്കീതോടെയായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്.
പശ്ചിമേഷ്യയിലെ എല്ലാ മുന്‍നിര രാജ്യങ്ങളും പദ്ധതി അംഗീകരിച്ചതായും ട്രംപ് വ്യക്തമാക്കി. സമാധാനത്തിനുള്ള സാധ്യതകള്‍ ശക്തമാകുന്നതായി അന്താരാഷ്ട്ര നിരീക്ഷകര്‍ വിലയിരുത്തുന്നു.