കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച 9 വയസുകാരിയുടെ പിതാവിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഡോ. ടി.പി. വിപിന്‍ ആശുപത്രി വിട്ടു. ശനിയാഴ്ച ഉച്ചയോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് അദ്ദേഹം ഡിസ്ചാര്‍ജ് ചെയ്തത്. തലയ്ക്ക് ആഴത്തിലുള്ള മുറിവ് ഉണ്ടായതിനെ തുടര്‍ന്ന് സര്‍ജറി നടത്തിയിരുന്ന ഡോക്ടര്‍ വിപിന്‍ക്ക് ഇപ്പോള്‍ വിശ്രമം നിര്‍ദ്ദേശിച്ചിരിക്കുകയാണ്.
താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ വിപിനെ ബുധനാഴ്ച തലയില്‍ കൊടുവാള്‍ കൊണ്ട് വെട്ടിയത് അനയയുടെ പിതാവ് ആനപ്പാറപൊയില്‍ സ്വദേശി സനൂപ് (40) ആണ്. മകള്‍ക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്നാരോപിച്ചാണ് സനൂപ് പ്രകോപിതനായത്. ഇയാളുടെ മേല്‍ വധശ്രമം ഉള്‍പ്പെടെ നിരവധി കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. അതിക്രമിച്ചു കയറി ആക്രമിച്ചുവെന്നതും ആശുപത്രി സംരക്ഷണ നിയമത്തിലെ മൂന്നും നാലും വകുപ്പുകളും കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സംഭവത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ ആരംഭിച്ച അനിശ്ചിതകാല സമരം ശനിയാഴ്ച പിന്‍വലിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസറും കലക്ടറും കെജിഎംഒഎ നേതാക്കളുമായി നടത്തിയ ചര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ആശുപത്രിയില്‍ സ്ഥിരം പൊലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കുന്നതുവരെ സുരക്ഷയ്ക്കായി പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്ന് ചര്‍ച്ചയില്‍ തീരുമാനമായി.