കൊച്ചി: വാട്സ്ആപ്പ് ചാറ്റിലൂടെ പ്രണയത്തിലായ യുവതിയ്ക്ക് സ്‌കൂട്ടര്‍ കൈമാറിയ യുവാവ് കാമുകിയും വാഹനവും നഷ്ടപ്പെട്ട് പൊലീസില്‍ പരാതി നല്‍കി. 24കാരനായ കൈപ്പട്ടൂര്‍ സ്വദേശിയാണ് കളമശേരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
ചാറ്റിങ്ങിലൂടെ ഒരു മാസമായി പ്രണയം തളിര്‍ത്തിരുന്ന ഇരുവരും നേരില്‍ കണ്ടുമുട്ടാന്‍ മാളില്‍ എത്തുകയായിരുന്നു. യുവാവ് തന്റെ പുതിയ സ്‌കൂട്ടറുമായി മാളില്‍ എത്തിയതോടെ, കാമുകി സ്‌കൂട്ടര്‍ താന്‍ പറഞ്ഞ കടയ്ക്ക് മുന്നില്‍ പാര്‍ക്ക് ചെയ്യണമെന്ന് നിബന്ധന വെച്ചു. യുവാവ് നിര്‍ദേശിച്ച സ്ഥലത്ത് സ്‌കൂട്ടര്‍ മാറ്റിവെച്ച ശേഷം, യുവതിയും മാളിലെത്തി. പിന്നീട് ഇരുവരും കുറച്ച് സമയം ചെലവഴിച്ചു. യുവാവിന്റെ ചെലവില്‍ ചിക്കന്‍ ബിരിയാണിയും ഐസ്‌ക്രീമും കഴിച്ചു.
തുടര്‍ന്ന് യുവാവ് വാഷ്റൂമിലേക്ക് പോയി. തിരിച്ചുവന്നപ്പോള്‍ കാമുകിയെയും സ്‌കൂട്ടറിനും താക്കോലിനെയും കാണാനായില്ല. സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്ത സ്ഥലത്ത് പാഞ്ഞെത്തിയപ്പോഴേക്കും വാഹനം നഷ്ടമായിരുന്നു. ഫോണില്‍ വിളിച്ചെങ്കിലും ലഭിച്ചില്ല.
സംഭവത്തെ തുടര്‍ന്ന് യുവാവ് കളമശേരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് യുവതിയെ കുറിച്ച് സൂചനകള്‍ ലഭിച്ചതായി അറിയിച്ചു.