തിരുവല്ല: ബ്രിട്ടന്റെ പൊതുജനാരോഗ്യ മേഖലയില്‍ മരുന്നുകളുടെയും ചികിത്സോപകരണങ്ങളുടെയും കാര്യക്ഷമതയും ഗുണനിലവാരവും ഉറപ്പാക്കാന്‍ പുതിയ ശാസ്ത്ര വിഭാഗം രൂപീകരിക്കുന്നു. പുതുവര്‍ഷത്തോടെ നിലവില്‍ വരുന്ന ഈ വിഭാഗത്തിന്റെ ചുമതല മലയാളിയായ ഡോ. ജേക്കബ് ജോര്‍ജ് ഏറ്റെടുക്കും.
മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ പ്രോഡക്ട്‌സ് റെഗുലേറ്ററി ഏജന്‍സിയുടെ (MHRA) ആദ്യത്തെ ചീഫ് മെഡിക്കല്‍ ആന്‍ഡ് സയന്റിഫിക് ഓഫിസര്‍ സ്ഥാനത്തേക്കാണ് ഇദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്. ലണ്ടനിലെ എംഎച്ച്ആര്‍എ ആസ്ഥാനത്തും ഹെര്‍ട്ട്ഫഡ്ഷയറിലെ ഗവേഷണ കേന്ദ്രത്തിലും ആയിരിക്കും പ്രധാന പ്രവര്‍ത്തനങ്ങള്‍.
സ്‌കോട്ട്‌ലാണ്ടിലെ ഡണ്‍ഡീ സര്‍വകലാശാലയിലെ ഹൃദ്രോഗ വിദഗ്ധനായ ഡോ. ജോര്‍ജ് ഔഷധശാസ്ത്രത്തിലും ആന്തരിക ചികിത്സാവിധിയിലും ഉയര്‍ന്ന പഠനം നടത്തിയിട്ടുണ്ട്. ജനുവരി 5ന് അദ്ദേഹം ഔദ്യോഗികമായി ചുമതല ഏറ്റെടുക്കും.
ഇടയാറന്മുള ആലക്കോട്ട് ജോര്‍ജ് ഉമ്മന്റെയും അയിരൂര്‍ ചെറുകര സൂസിയുടെയും മകനായ ഇദ്ദേഹം മലേഷ്യയിലാണ് ജനിച്ചത്. ഷെഫീല്‍ഡിലും ഡണ്ടീയിലുമായി മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം യുദ്ധകാല കലുഷിതമായ യുക്രെയിനില്‍ മെഡിക്കല്‍ വിദ്യാഭ്യാസം തടസ്സപ്പെടാതിരിക്കാന്‍ അധ്യാപകനായി പ്രവര്‍ത്തിച്ചിരുന്നു. ഈ സമര്‍പ്പണത്തിന് അംഗീകാരമായി യുക്രെയിന്‍ സര്‍ക്കാര്‍ അദ്ദേഹത്തെ ബഹുമാനിച്ചിരുന്നു.