Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8494 INR  1 EURO=110.0837 INR
ukmalayalampathram.com
Wed 12th Aug 2026
 
 
UK Special
  Add your Comment comment
ഇറാന്‍-അമേരിക്ക-ഇസ്രയേല്‍ സംഘര്‍ഷം: ആഗോള സാമ്പത്തിക പ്രത്യാഘാതങ്ങള്‍
reporter

തെഹ്റാന്‍: ഇറാന്റെ തലസ്ഥാനമായ തെഹ്റാനില്‍ യുഎസും ഇസ്രയേലും ചേര്‍ന്ന് നടത്തിയ ശക്തമായ വ്യോമാക്രമണങ്ങള്‍ സംഘര്‍ഷത്തെ പുതിയ തലത്തിലേക്ക് ഉയര്‍ത്തി. ഇറാന്റെ എണ്ണയും ഫ്യൂവല്‍ ഡിപ്പോട്ടുകളും ലക്ഷ്യമാക്കി നടത്തിയ ആക്രമണങ്ങള്‍ നഗരത്തിന്റെ ആകാശം ചുവപ്പിച്ചിരിക്കുകയാണ്. ഇറാനെ ''തീര്‍ക്കാതെ'' പിന്നോട്ടില്ലെന്ന പ്രഖ്യാപനത്തിലാണ് അമേരിക്കയും ഇസ്രയേലും മുന്നേറുന്നത്.

അതേസമയം, ഇറാന്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഡ്രോണുകളും മിസൈലുകളും അയയ്ക്കുന്നതില്‍ വിട്ടുവീഴ്ച വരുത്തിയിട്ടില്ല. ഖത്തര്‍, സൗദി അറേബ്യ, ദുബായ് എന്നിവിടങ്ങളിലാണ് ആക്രമണങ്ങള്‍ നടന്നത്. ഇറാനിലെ ഭരണകൂടത്തെ ഇല്ലാതാക്കാതെ യുദ്ധം അവസാനിപ്പിക്കില്ലെന്ന നിലപാട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

ഹോര്‍മുസ് കടലിടുക്ക് അടച്ചതിന്റെ ആഘാതം

മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം ബ്രിട്ടന്റെ പണപ്പെരുപ്പ തോതില്‍ നേരിട്ടുള്ള സ്വാധീനം ചെലുത്തുകയാണ്. ഹോര്‍മുസ് കടലിടുക്ക് അടച്ചത് ആഗോള എണ്ണ-വാതക വിതരണത്തെ ബാധിച്ചതോടെ ഇന്ധനവില കുതിച്ചുയര്‍ന്നു. ഉയര്‍ന്ന എനര്‍ജി വില പണപ്പെരുപ്പത്തെ കൂടുതല്‍ ശക്തമാക്കുകയും ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്ക്കാന്‍ മടിക്കുകയും ചെയ്യുന്നു.

പലിശ നിരക്കുകളും ഭവന ഉടമകളുടെ സമ്മര്‍ദ്ദവും

പലിശ ഉയര്‍ന്ന നിലയില്‍ തുടരുന്നതോടെ മോര്‍ട്ട്‌ഗേജുകള്‍ ചെലവേറിയതാകുന്നു. തിരിച്ചടവ് വര്‍ധിക്കുന്നതിനൊപ്പം പുതിയ ലോണ്‍ എടുക്കുന്ന ഭവന ഉടമകള്‍ക്കും സമ്മര്‍ദ്ദം കൂടുന്നു. ഫിക്സഡ് റേറ്റ് ഡീലുകള്‍ പുതുക്കുന്നവര്‍ക്കും ഉയര്‍ന്ന നിരക്ക് ബാധകമാകും. നിലവില്‍ 3.75 ശതമാനത്തിലാണ് നിരക്കുകള്‍, എന്നാല്‍ ഇറാന്‍ സംഘര്‍ഷം തുടരുകയാണെങ്കില്‍ അത് 4 ശതമാനത്തിലേക്ക് ഉയരാന്‍ സാധ്യതയുണ്ടെന്ന് അനലിസ്റ്റുകള്‍ മുന്നറിയിപ്പ് നല്‍കുന്നു.

ബാങ്കുകളുടെ പ്രതികരണം

നാറ്റ്വെസ്റ്റ്, സ്‌കിപ്ടണ്‍ ബില്‍ഡിംഗ് സൊസൈറ്റി, കോ-ഓപ് ബാങ്ക് തുടങ്ങിയ പ്രമുഖ ലെന്‍ഡര്‍മാര്‍ ഇതിനകം തന്നെ ഫിക്സഡ് റേറ്റ് മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്തി. പണപ്പെരുപ്പ ഭീഷണികള്‍ക്കിടെ യുകെ ഗവണ്‍മെന്റിന്റെ കടമെടുപ്പും വര്‍ധിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.

 
Other News in this category

 
 




 
Close Window