ലണ്ടന്‍: യുകെയിലെ ബാറ്റര്‍സിയില്‍ 17കാരന്‍ കുത്തേറ്റ് മരിച്ച കേസില്‍ വാന്‍ഡ്സ്വര്‍ത്ത് സ്വദേശിയായ 14കാരനെതിരെ കൊലക്കുറ്റം ചുമത്തി. കത്തി കൈവശം വച്ചതിനുള്ള കുറ്റവും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ നിയമപരമായ കാരണങ്ങളാല്‍ പ്രതിയുടെ പേര് പുറത്തുവിട്ടിട്ടില്ല. ശനിയാഴ്ച പുലര്‍ച്ചെ 4.20ഓടെ ബാറ്റര്‍സിയിലെ ഗ്ലൈസീന റോഡില്‍ കുത്തേറ്റ നിലയിലാണ് ജമാല്‍ കൂംബ്സിനെ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ മെട്രോപൊളിറ്റന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം ലണ്ടന്‍ ആംബുലന്‍സ് സര്‍വീസും ലണ്ടന്‍സ് എയര്‍ ആംബുലന്‍സും രക്ഷാപ്രവര്‍ത്തനം നടത്തി. ഗുരുതരമായി പരുക്കേറ്റ ജമാലിന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സംഭവസ്ഥലത്തുതന്നെ മരണം സ്ഥിരീകരിച്ചു.
കേസുമായി ബന്ധപ്പെട്ട് ശനിയാഴ്ച കൊലപാതക സംശയത്തെത്തുടര്‍ന്ന് അറസ്റ്റിലായ 15 വയസ്സുള്ള ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും അന്വേഷണം തുടരുന്നതിനിടെ ജാമ്യത്തില്‍ വിട്ടയച്ചു. ഞായറാഴ്ച അറസ്റ്റിലായ മറ്റൊരു 15കാരന്‍ പൊലീസ് കസ്റ്റഡിയില്‍ തുടരുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജമാലിന്റെ കുടുംബത്തിന് പ്രത്യേക പരിശീലനം ലഭിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ പിന്തുണ നല്‍കിവരികയാണ്. സംഭവസമയത്ത് ഗ്ലൈസീന റോഡ് ഉള്‍പ്പെടുന്ന ലാവന്‍ഡര്‍ ഹില്‍ പ്രദേശത്തുനിന്ന് ഒരു സംഘം ആളുകള്‍ ഓടിപ്പോകുന്നത് കണ്ടവരോടും സിസിടിവി, ഡോര്‍ബെല്‍ ക്യാമറ, മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ കൈവശമുള്ളവരോടും വിവരം കൈമാറാന്‍ പൊലീസ് അഭ്യര്‍ഥിച്ചു. അന്വേഷണം തുടരുകയാണെന്നും ചെറിയ വിവരങ്ങള്‍പോലും നിര്‍ണായകമായേക്കാമെന്നും പൊലീസ് വ്യക്തമാക്കി.