Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.2134 INR
ukmalayalampathram.com
Tue 23rd Jun 2026
 
 
UK Special
  Add your Comment comment
രാജ്യത്തെ ഏറ്റവും വലിയ ജോലി വിട്ട് ഇനി ഏറ്റവും പ്രധാനപ്പെട്ട ജോലിയിലേക്ക്'; കുടുംബത്തെ ഓര്‍ത്ത് വികാരഭരിതനായി സ്റ്റാമര്‍
reporter

ലണ്ടന്‍: ബ്രിട്ടിഷ് പ്രധാനമന്ത്രി സ്ഥാനത്തുനിന്നും ലേബര്‍ പാര്‍ട്ടി നേതൃത്വത്തില്‍നിന്നും പിന്മാറുന്നതായി പ്രഖ്യാപിച്ച കെയര്‍ സ്റ്റാമറുടെ രാജിപ്രസംഗത്തിന്റെ അവസാന നിമിഷങ്ങള്‍ വികാരഭരിതമായി. ഭാര്യ വിക്ടോറിയ സ്റ്റാമറിനെയും മക്കളെയും കുറിച്ച് സംസാരിക്കവെ അദ്ദേഹത്തിന്റെ ശബ്ദം ഇടറി. തിങ്കളാഴ്ച രാവിലെ 10 ഡൗണിങ് സ്ട്രീറ്റിനു മുന്നില്‍ നടത്തിയ പ്രസംഗത്തില്‍ തന്റെ ഭരണനേട്ടങ്ങളും ലേബര്‍ പാര്‍ട്ടിയെ അധികാരത്തിലെത്തിച്ച രാഷ്ട്രീയയാത്രയും വിശദീകരിച്ച ശേഷമാണ് സ്റ്റാമര്‍ കുടുംബത്തെക്കുറിച്ച് സംസാരിച്ചത്. ''രാജ്യത്തെ ഏറ്റവും വലിയ ജോലി വിട്ടശേഷം ഇനി ഏറ്റവും പ്രധാനപ്പെട്ട ജോലിക്കാണ് ഞാന്‍ കൂടുതല്‍ സമയം ചെലവഴിക്കുക. നല്ല സമയത്തും മോശം സമയത്തും പാറപോലെ എനിക്കൊപ്പം ഉറച്ചുനിന്ന എന്റെ ഭാര്യ വിക്കിന് ഏറ്റവും നല്ല ഭര്‍ത്താവാകാനും, എന്റെ അഭിമാനവും സന്തോഷവുമായ മക്കള്‍ക്ക് ഏറ്റവും നല്ല പിതാവാകാനുമാണ് ഞാന്‍ ആഗ്രഹിക്കുന്നത്,'' സ്റ്റാമര്‍ പറഞ്ഞു.

ആറുവര്‍ഷത്തിലേറെയായി ലേബര്‍ പാര്‍ട്ടി നേതാവായും പിന്നീട് പ്രധാനമന്ത്രിയായും പ്രവര്‍ത്തിച്ച കാലയളവില്‍ തനിക്കൊപ്പം നിന്ന കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. ഡൗണിങ് സ്ട്രീറ്റിലെ ജീവനക്കാരെയും രാജ്യത്തെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെയും പ്രത്യേകം അഭിനന്ദിച്ചു. ലേബര്‍ പാര്‍ട്ടിയെ 14 വര്‍ഷത്തിനുശേഷം അധികാരത്തിലെത്തിച്ചതിലും രണ്ടുവര്‍ഷത്തിനിടെ സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങളിലും അഭിമാനമുണ്ടെന്ന് സ്റ്റാമര്‍ പറഞ്ഞു. സാമ്പത്തിക വളര്‍ച്ച, പണപ്പെരുപ്പത്തെക്കാള്‍ വേഗത്തിലുള്ള വേതനവര്‍ധന, എന്‍എച്ച്എസ് കാത്തിരിപ്പുപട്ടികയിലെ കുറവ്, തൊഴിലാളികളുടെയും വാടകക്കാരുടെയും അവകാശസംരക്ഷണം, പ്രതിരോധച്ചെലവിലെ വര്‍ധന, ചെറുബോട്ടുകളിലൂടെയുള്ള അനധികൃത കുടിയേറ്റം കുറയ്ക്കാനുള്ള നടപടികള്‍ എന്നിവ അദ്ദേഹം എടുത്തുപറഞ്ഞു.

എന്നാല്‍ അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാന്‍ താനാണോ ഏറ്റവും അനുയോജ്യനെന്ന ചോദ്യത്തിന് പാര്‍ലമെന്ററി ലേബര്‍ പാര്‍ട്ടി നല്‍കിയ മറുപടി അംഗീകരിക്കുന്നതായി സ്റ്റാമര്‍ വ്യക്തമാക്കി. രാജ്യത്തിന്റെ താല്‍പര്യത്തിനാണ് എല്ലാ തീരുമാനങ്ങളിലും മുന്‍ഗണന നല്‍കിയതെന്നും അതിനാലാണ് പാര്‍ട്ടി നേതൃത്വത്തില്‍നിന്ന് രാജിവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജി തീരുമാനം ചാള്‍സ് രാജാവിനെ അറിയിച്ചതായും ജൂലൈ ഒന്‍പതിന് പുതിയ നേതാവിനായുള്ള നാമനിര്‍ദേശ നടപടികള്‍ ആരംഭിക്കുമെന്നും സ്റ്റാമര്‍ അറിയിച്ചു. നേതൃമത്സരം പൂര്‍ത്തിയാകുന്നതുവരെ പ്രധാനമന്ത്രിയായി തുടരും. അധികാരക്കൈമാറ്റം സുഗമമാക്കുമെന്നും പിന്‍ഗാമിക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. താന്‍ അധികാരമേറ്റപ്പോഴുണ്ടായിരുന്നതിനേക്കാള്‍ ശക്തവും നീതിയുക്തവുമായ രാജ്യത്തെയാണ് പിന്‍ഗാമിക്ക് കൈമാറുന്നതെന്നും സ്റ്റാമര്‍ അവകാശപ്പെട്ടു. കുടുംബത്തോടുള്ള നന്ദി രേഖപ്പെടുത്തി പ്രസംഗം അവസാനിപ്പിച്ച അദ്ദേഹം പിന്നീട് ഭാര്യ വിക്ടോറിയയെ ചേര്‍ത്തുപിടിച്ചു. തുടര്‍ന്ന് ഇരുവരും 10 ഡൗണിങ് സ്ട്രീറ്റിനു മുന്നില്‍ മാധ്യമങ്ങളുടെ ചിത്രങ്ങള്‍ക്കായി നിന്നു.

 
Other News in this category

 
 




 
Close Window