ലിമെറിക്: ഗ്ലോര്‍ണി-ഗില്‍ബര്‍ട്ട് രാജ്യാന്തര ജൂനിയര്‍ ചെസ് ടൂര്‍ണമെന്റില്‍ അയര്‍ലന്‍ഡിനായി ശ്രദ്ധേയ പ്രകടനം കാഴ്ചവച്ച് മലയാളി സഹോദരങ്ങളായ എയ്ഡന്‍ തോമസ് ബോബിയും എയ്ഞ്ചല്‍ മരിയ ബോബിയും. അണ്ടര്‍-12 വിഭാഗത്തില്‍ എയ്ഡന്‍ അംഗമായ അയര്‍ലന്‍ഡ് ടീം കിരീടം നേടിയപ്പോള്‍ അണ്ടര്‍-18 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എയ്ഞ്ചല്‍ ഉള്‍പ്പെട്ട ടീം റണ്ണേഴ്‌സ് അപ്പായി. ലിമെറിക്കിലെ യൂണിവേഴ്സിറ്റി ഓഫ് ലിമെറിക്കില്‍ ജൂലൈ 27 മുതല്‍ 30 വരെയായിരുന്നു ടൂര്‍ണമെന്റ്. ബ്രിട്ടനിലെയും അയര്‍ലന്‍ഡിലെയും മികച്ച ജൂനിയര്‍ ചെസ് താരങ്ങള്‍ മാറ്റുരയ്ക്കുന്ന പരമ്പരാഗത മത്സരത്തിലെ അണ്ടര്‍-12 സ്റ്റോക്‌സ് കപ്പിലാണ് എയ്ഡന്‍ അയര്‍ലന്‍ഡ് എ ടീമിനായി കളിച്ചത്. ഇംഗ്ലണ്ട് എ, ഇംഗ്ലണ്ട് ബി, വെയില്‍സ്, സ്‌കോട്ലന്‍ഡ്, അയര്‍ലന്‍ഡ് ബി ടീമുകളെ പിന്നിലാക്കിയാണ് അയര്‍ലന്‍ഡ് കിരീടം നേടിയത്. മത്സരങ്ങളിലുടനീളം എയ്ഡന്‍ പുറത്തെടുത്ത സ്ഥിരതയാര്‍ന്ന പ്രകടനം ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായി.
അണ്ടര്‍-18 പെണ്‍കുട്ടികളുടെ ഫേബര്‍ കപ്പില്‍ എയ്ഞ്ചല്‍ മരിയ ബോബി ഉള്‍പ്പെട്ട അയര്‍ലന്‍ഡ് ടീം രണ്ടാം സ്ഥാനത്തെത്തി. എട്ട് ടീമുകള്‍ പങ്കെടുത്ത വിഭാഗത്തില്‍ ശക്തരായ എതിരാളികളെ നേരിട്ടാണ് അയര്‍ലന്‍ഡ് റണ്ണേഴ്‌സ് അപ്പ് നേട്ടം സ്വന്തമാക്കിയത്. ടീമിന്റെ മുന്നേറ്റത്തില്‍ എയ്ഞ്ചലും ശ്രദ്ധേയ സംഭാവന നല്‍കി. എയ്ഡന്റെയും എയ്ഞ്ചലിന്റെയും ചെസ് യാത്ര ആരംഭിച്ചതിനു പിന്നില്‍ കൗതുകകരമായൊരു കഥയുണ്ട്. ആറാം പിറന്നാളിന് എയ്ഡന് സമ്മാനമായി ലഭിച്ചത് പാമ്പും കോണിയും കളിക്കാനുള്ള ബോര്‍ഡായിരുന്നു. അതിന്റെ മറുവശത്തുണ്ടായിരുന്ന ചെസ് ബോര്‍ഡാണ് സഹോദരങ്ങള്‍ക്ക് പുതിയ ലോകം തുറന്നത്. ടെലിവിഷനും യൂട്യൂബും ഉപയോഗിച്ച് കളിയുടെ അടിസ്ഥാനരീതികള്‍ പഠിച്ച ഇരുവരും പിന്നീട് വീട്ടില്‍ പരസ്പരം മത്സരിക്കാന്‍ തുടങ്ങി. സഹോദരങ്ങള്‍ തമ്മിലുള്ള ജയിക്കാനുള്ള വാശി ക്രമേണ ചെസിനോടുള്ള ഗൗരവമുള്ള താല്‍പര്യമായി വളര്‍ന്നു.
കുട്ടികളുടെ കഴിവ് തിരിച്ചറിഞ്ഞ മാതാപിതാക്കള്‍ ഇരുവരെയും പ്രാദേശിക ടൂര്‍ണമെന്റുകളില്‍ പങ്കെടുപ്പിച്ചു. തുടക്കത്തിലെ പരാജയങ്ങള്‍ നിരാശയാകുന്നതിനു പകരം കൂടുതല്‍ പരിശീലിക്കാനുള്ള പ്രേരണയായി. കൃത്യമായ പരിശീലനം ലഭിച്ചതോടെ പ്രാദേശിക മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്ന തലത്തിലേക്ക് ഇരുവരും വളര്‍ന്നു. വീട്ടിലെ മത്സരങ്ങളില്‍ ആരംഭിച്ച യാത്ര പിന്നീട് ദേശീയ ചാംപ്യന്‍ഷിപ്പുകളിലേക്കും രാജ്യാന്തര വേദികളിലേക്കും എത്തി. 2026ലെ ഐറിഷ് അണ്ടര്‍-14 ഗേള്‍സ് ചാംപ്യനാണ് എയ്ഞ്ചല്‍ മരിയ ബോബി. ദേശീയതലത്തിലെ മികച്ച പ്രകടനത്തിന്റെ കരുത്തിലാണ് രാജ്യാന്തര മത്സരങ്ങളില്‍ അയര്‍ലന്‍ഡിനെ പ്രതിനിധീകരിക്കാന്‍ അവസരം ലഭിച്ചത്. 2025ലെ ഐറിഷ് അണ്ടര്‍-10 ജൂനിയര്‍ ചാംപ്യനായ എയ്ഡനും അയര്‍ലന്‍ഡിലെ ജൂനിയര്‍ ചെസ് രംഗത്തെ ശ്രദ്ധേയ സാന്നിധ്യമാണ്. വിവിധ രാജ്യാന്തര മത്സരങ്ങളില്‍ രാജ്യത്തെ പ്രതിനിധീകരിച്ച എയ്ഡന്‍ 2026ലെ ലോക കേഡറ്റ് അണ്ടര്‍-12 മത്സരത്തിനുള്ള അയര്‍ലന്‍ഡ് ടീമിലും ഇടം നേടിയിരുന്നു.
നവംബര്‍ രണ്ടു മുതല്‍ 13 വരെ ഗ്രീസില്‍ നടക്കുന്ന യൂറോപ്യന്‍ യൂത്ത് ചെസ് ചാംപ്യന്‍ഷിപ്പില്‍ അയര്‍ലന്‍ഡിനെ പ്രതിനിധീകരിക്കാനും എയ്ഡന്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രാജ്യാന്തര വേദിയില്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് മുന്നേറാനുള്ള അവസരമായാണ് കുടുംബം ഇതിനെ കാണുന്നത്. ചെസ് രംഗത്തെ നേട്ടങ്ങള്‍ പരിഗണിച്ച് വെക്‌സ്‌ഫോര്‍ഡില്‍ സംഘടിപ്പിച്ച സിവിക് റിസപ്ഷനില്‍ എയ്ഡനെയും എയ്ഞ്ചലിനെയും ആദരിച്ചിരുന്നു. കായികരംഗത്ത് ശ്രദ്ധേയ നേട്ടങ്ങള്‍ കൈവരിച്ചവരെ അനുമോദിക്കുന്നതിന്റെ ഭാഗമായിരുന്നു ചടങ്ങ്.
തൃശൂര്‍ കട്ടിലപ്പൂവം സ്വദേശികളായ ബോബി തോമസിന്റെയും സിബി ബോബിയുടെയും മക്കളാണ് എയ്ഡനും എയ്ഞ്ചലും. ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന മാതാപിതാക്കള്‍ക്കൊപ്പം 2018ലാണ് ഇരുവരും അയര്‍ലന്‍ഡിലെത്തിയത്. വെക്‌സ്‌ഫോര്‍ഡില്‍ താമസിക്കുന്ന കുടുംബം വാട്ടര്‍ഫോര്‍ഡ് സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഇടവകാംഗങ്ങളാണ്. അയര്‍ലന്‍ഡിനായി രാജ്യാന്തര മത്സരങ്ങളില്‍ പങ്കെടുക്കുമ്പോഴും സാമ്പത്തിക ചെലവാണ് സഹോദരങ്ങളുടെ പ്രധാന വെല്ലുവിളി. അയര്‍ലന്‍ഡില്‍ ചെസിന് സ്‌പോര്‍ട് അയര്‍ലന്‍ഡിന്റെ ഔദ്യോഗിക കായിക അംഗീകാരം ലഭിച്ചിട്ടില്ല. ചെസിന് അംഗീകാരം നേടുന്നതിനുള്ള ശ്രമത്തിലാണ് ഐറിഷ് ചെസ് യൂണിയന്‍. ഔദ്യോഗിക അംഗീകാരം ലഭിച്ചാല്‍ ഐറിഷ് ചെസ് യൂണിയന് ദേശീയ കായിക ഭരണസമിതി പദവിയിലേക്കും സര്‍ക്കാര്‍ ധനസഹായത്തിനുള്ള സാധ്യതകളിലേക്കും വഴിതുറക്കും. എന്നാല്‍ അംഗീകാരം ലഭിക്കുന്നതോടെ സാമ്പത്തിക സഹായം സ്വാഭാവികമായി ഉറപ്പാകില്ലെന്നും സ്‌പോര്‍ട് അയര്‍ലന്‍ഡിന്റെ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചായിരിക്കും ഫണ്ടിങ്ങെന്നും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു.
നിലവില്‍ രാജ്യാന്തര മത്സരങ്ങള്‍ക്കുള്ള യാത്ര, താമസം, എന്‍ട്രി ഫീസ് തുടങ്ങിയ ചെലവുകളുടെ വലിയൊരു പങ്ക് കുടുംബംതന്നെയാണ് വഹിക്കുന്നത്. വിദേശ ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാന്‍ ആയിരക്കണക്കിന് യൂറോ ചെലവാകുന്നതിനു പുറമേ ഉയര്‍ന്ന നിലവാരത്തിലുള്ള പരിശീലനം, മാസ്റ്റര്‍ ലെവല്‍ കോച്ചിങ്, ദേശീയ മത്സരങ്ങളിലേക്കുള്ള യാത്ര എന്നിവയ്ക്കും ഗണ്യമായ തുക ആവശ്യമാണ്. യൂറോപ്യന്‍, രാജ്യാന്തര മത്സരങ്ങളില്‍ അയര്‍ലന്‍ഡിനായി കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കുകയെന്ന ലക്ഷ്യത്തോടെ മുന്നേറുന്ന സഹോദരങ്ങള്‍ക്ക് കുടുംബം സ്‌പോണ്‍സര്‍മാരുടെ പിന്തുണ തേടുകയാണ്. വ്യക്തികള്‍, സ്ഥാപനങ്ങള്‍, കോര്‍പറേറ്റ് സ്‌പോണ്‍സര്‍മാര്‍ എന്നിവരുടെ സഹായത്തോടെ രാജ്യാന്തര മത്സരങ്ങളില്‍ പങ്കെടുക്കാനും മികച്ച പരിശീലകരുടെ കീഴില്‍ മാസ്റ്റര്‍തല പരിശീലനം തുടരാനും കഴിയുമെന്ന പ്രതീക്ഷയിലാണ് കുടുംബം. പാമ്പും കോണിയും ബോര്‍ഡിന്റെ മറുവശത്തെ ചെസ് കളത്തില്‍ ആരംഭിച്ച കൗതുകം ഇന്ന് അയര്‍ലന്‍ഡിനായി രാജ്യാന്തര വേദികളില്‍ കരുക്കള്‍ നീക്കുന്ന തലത്തിലേക്ക് എയ്ഡനെയും എയ്ഞ്ചലിനെയും എത്തിച്ചു. കൂടുതല്‍ രാജ്യാന്തര നേട്ടങ്ങള്‍ക്കൊപ്പം ചെസിലെ മാസ്റ്റര്‍ പദവികളിലേക്കുള്ള മുന്നേറ്റമാണ് ഇനി ഇരുവരുടെയും ലക്ഷ്യം.