Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
ഡണ്‍വിച്ച് ഹീത്ത് കാട്ടുതീ നിയന്ത്രണത്തിലേക്ക്; പുനരുജ്ജീവനത്തിന് 25 വര്‍ഷം വരെ വേണ്ടിവരും
reporter

സഫോക്ക്: ഇംഗ്ലണ്ടിലെ സഫോക്ക് തീരത്തുള്ള ഡണ്‍വിച്ച് ഹീത്തിലെ കാട്ടുതീ ഉടന്‍ നിയന്ത്രണവിധേയമാക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് അഗ്‌നിശമനസേന. എന്നാല്‍ തീപിടിത്തത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച 'മേജര്‍ ഇന്‍സിഡന്റ്' ഇപ്പോഴും തുടരുകയാണ്. ആവശ്യമായ കാലംവരെ അഗ്‌നിശമനസേന പ്രദേശത്ത് തുടരുമെന്ന് ഡെപ്യൂട്ടി ഫയര്‍ ചീഫ് ഹെന്റി ഗ്രിഫിന്‍ അറിയിച്ചു. ഡണ്‍വിച്ച് ഹീത്തിന്റെ സംരക്ഷണച്ചുമതലയുള്ള നാഷനല്‍ ട്രസ്റ്റ് നടത്തിയ പ്രാഥമിക വിലയിരുത്തലില്‍ വ്യാപകമായ പരിസ്ഥിതിനാശമാണ് കണ്ടെത്തിയത്. ലഭ്യമായ ചിത്രങ്ങളില്‍ പ്രദേശം പൂര്‍ണമായി കത്തിനശിച്ചതുപോലെയാണ് കാണുന്നതെന്ന് ട്രസ്റ്റ് അറിയിച്ചു. ഏകദേശം 150 ഹെക്ടര്‍ പ്രദേശം തീബാധിതമായെന്നാണ് പ്രാഥമിക കണക്ക്. സമീപത്തെ ആര്‍എസ്പിബി മിന്‍സ്മിയര്‍ പ്രകൃതിസംരക്ഷണ കേന്ദ്രത്തെയും തീ ബാധിച്ചു. അപൂര്‍വ ജീവജാലങ്ങളുടെ ആവാസകേന്ദ്രമായ ഡണ്‍വിച്ച് ഹീത്തില്‍ നൈറ്റ്ജാര്‍, ഡാര്‍ട്ട്‌ഫോര്‍ഡ് വാര്‍ബ്ലര്‍ തുടങ്ങിയ പക്ഷികളുടെ ആവാസവ്യവസ്ഥയ്ക്ക് ഗുരുതരമായ തിരിച്ചടിയുണ്ടായെന്നാണ് വിലയിരുത്തല്‍.

നശിച്ച ആവാസവ്യവസ്ഥ പൂര്‍ണമായി പഴയ നിലയിലാകാന്‍ അഞ്ചുമുതല്‍ 25 വര്‍ഷംവരെ വേണ്ടിവരുമെന്ന് റോയല്‍ സൊസൈറ്റി ഫോര്‍ ദ പ്രൊട്ടക്ഷന്‍ ഓഫ് ബേഡ്‌സ് മുന്നറിയിപ്പ് നല്‍കി. തീയുടെ പൂര്‍ണമായ ആഘാതം മനസ്സിലാക്കാന്‍ വിശദമായ പരിസ്ഥിതി പരിശോധന ആവശ്യമാണ്. സമീപത്തെ സൈസ്വെല്‍ ബി ആണവനിലയത്തിന് നിലവില്‍ ഭീഷണിയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. മുന്‍കരുതലിന്റെ ഭാഗമായി സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിച്ചുവരികയാണ്. തീപിടിത്തത്തെ തുടര്‍ന്ന് സമീപവാസികളെയും വിനോദസഞ്ചാരികളെയും കാരവന്‍ പാര്‍ക്കുകളിലെ താമസക്കാരെയും നേരത്തേ ഒഴിപ്പിച്ചിരുന്നു. ഇംഗ്ലണ്ടില്‍ തുടരുന്ന വരള്‍ച്ച, ഉയര്‍ന്ന താപനില, ഉണങ്ങിയ സസ്യാവശിഷ്ടങ്ങള്‍ എന്നിവയാണ് തീ അതിവേഗം പടരാന്‍ കാരണമായതെന്നാണ് വിലയിരുത്തല്‍. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരം വന്‍ കാട്ടുതീകളുടെ ആവര്‍ത്തനവും തീവ്രതയും വര്‍ധിക്കാമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 
Other News in this category

 
 




 
Close Window